04 July Saturday

മറഞ്ഞിരിപ്പുണ്ട്‌ ഡെങ്കിപ്പനിയും എലിപ്പനിയും

വെബ് ഡെസ്‌ക്‌Updated: Friday Jun 5, 2020
കോട്ടയം
മഴ തുടരുന്ന സാഹചര്യത്തിൽ കോവിഡ് പ്രതിരോധത്തിനൊപ്പം ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ കെട്ടിനിൽക്കുന്ന മഴവെള്ളത്തിൽ മുട്ടയിട്ട് പെരുകാൻ സാധ്യത ഏറെയാണ്. അസുഖം മുൻപ് ബാധിച്ചവർക്ക് വീണ്ടും ഉണ്ടായാൽ സ്ഥിതി സങ്കീർണമാകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് പറഞ്ഞു.
   രോഗപ്രതിരോധത്തിന് ആരോഗ്യ വകുപ്പ് ഊർജിത നടപടി സ്വീകരിക്കുന്നുണ്ട്‌. ഡെങ്കിപ്പനി  റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളിൽ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ  ഫോഗിങും സ്പ്രേയിങും നടത്തി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എല്ലാ വാർഡുകളിലെയും സ്ഥിതിഗതികൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ കൊതുകു സാന്ദ്രത കൂടിയ  സ്ഥലങ്ങളിൽ ആരോഗ്യ വകുപ്പിന്റെ  സ്‌ക്വാഡുകൾ ഉറവിട നശീകരണം ഊർജ്ജിതമാക്കി.  ആരോഗ്യ വളണ്ടിയർമാരും ആശാ പ്രവർത്തകരും  ഭവന സന്ദർശനം, ബോധവത്കരണം, ഉറവിട നശീകരണം എന്നീ പ്രവർത്തനങ്ങളിൽ സജീവമാണ്.
   വീടിനുള്ളിലും പരിസരത്തും വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പാക്കണം. വീടിനുള്ളിൽ ചെടിച്ചട്ടികളുടെ ട്രേ, ഫ്രിഡ്ജിന്റെ ട്രേ,  ഉപയോഗിക്കാത്ത 
കക്കൂസുകളുടെ ഫ്ലഷ് ടാങ്കുകൾ തുടങ്ങിയവ ആഴ്‌ചയിലൊരിക്കലെങ്കിലും വെള്ളം മാറ്റി വൃത്തിയാക്കണം.
   വീടിനു പുറത്ത് സൺ ഷേഡ്, ഉപയോഗശൂന്യമായ ടയറുകൾ, കളിപ്പാട്ടങ്ങൾ, പാത്രങ്ങൾ, മുട്ടത്തോട് തുടങ്ങിയവയിൽ കെട്ടിനിൽക്കുന്ന വെള്ളം ഒഴുക്കിക്കളയണം. ജനാലകൾ കൊതുകുവല ഉപയോഗിച്ച് മറയ്ക്കുന്നതും കൊതുകുകളെ അകറ്റുന്ന ലേപനങ്ങൾ പുരട്ടുന്നതും ഫലപ്രദമായ പ്രതിരോധ മാർഗങ്ങളാണ്. 
  എലിപ്പനി  ചികിത്സയുള്ള രോഗമാണെങ്കിലും ചികിത്സ വൈകുന്നത് കരൾ, വൃക്കകൾ തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനം തകരാറിലാക്കി മരണത്തിനിടയാക്കാം.  പനി, തലവേദന, കണ്ണിനു ചുവപ്പ് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. എലിപ്പനി കരളിനെ ബാധിച്ചാൽ മഞ്ഞപ്പിത്തത്തിന്റെ    ലക്ഷണങ്ങൾ   പ്രകടിപ്പിച്ചേക്കാം. എലിപ്പനി മഞ്ഞപ്പിത്തമെന്നു  ധരിച്ച് ശരിയായ  ചികിത്സ തേടിയില്ലെങ്കിൽ സ്ഥിതി ഗുരുതരമായേക്കാം.
   മലിനജലത്തിൽ ഇറങ്ങുന്നവർ ഗ്ലൗസ്, ബൂട്ട് എന്നിവ ധരിക്കാൻ ശ്രദ്ധിക്കണം. മലിനജലത്തിൽ ജോലി ചെയ്യേണ്ടിവരുന്നവർ  ആഴചയിലൊരിക്കൽ 200 മില്ലിഗ്രാം വീതം ഡോക്സിസൈക്ലിൻ ഗുളിക അഞ്ചാഴ്ച കഴിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു.
പ്രധാന വാർത്തകൾ
 Top