കോട്ടയം
പാതിവഴിയിൽ നിർമാണംനിലച്ച് ആദ്യ ലക്ഷ്യം ഉപേക്ഷിച്ച ഇരുമ്പുകൂട് ഇപ്പോൾ എന്തിനെന്നുപോലും ആർക്കും അറിയില്ല. നഗരവികസനം തടസ്സപ്പെടുത്തി കാടുപിടിച്ച റൗണ്ടാന ഗതാഗതക്കുരുക്കിനും ഇടയാക്കുന്നു. കോട്ടയം നഗരഹൃദയത്തിനുമുകളിൽ ദുരന്തസ്മാരകമായി നിൽക്കുന്ന ആകാശപ്പാതയുടെ അസ്ഥിപഞ്ജരം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം സന്ദർശിച്ചു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിലാണ് നിർദിഷ്ട ആകാശപ്പാത നിർമാണം തുടങ്ങിയത്. കോടികൾ ചെലവിട്ട് നിർമാണം തുടങ്ങിയ പദ്ധതി ഇപ്പോൾ ജനങ്ങൾക്കാകെ ബാധ്യതയായി. മന്ത്രിയായിരിക്കെ ഏറെ കൊട്ടിഘോഷിച്ചായിരുന്നു നിർമാണ പ്രഖ്യാപനം. പദ്ധതി അശാസ്ത്രീയമാണെന്ന അഭിപ്രായങ്ങളെ തള്ളിക്കളഞ്ഞ് പദ്ധതിയുമായി മുന്നോട്ടു പോകുകയായിരുന്നു. മുനിസിപ്പൽ ഓഫീസിനുസമീപം ശീമാട്ടി റൗണ്ടാനയോട് ചേർന്നാണ് ഇരുമ്പുതൂണുകൾ സ്ഥാപിച്ച് അതിനുമുകളിൽ നടപ്പാത ഒരുക്കാൻ പദ്ധതിയിട്ടത്.
ഏതാനും ഇരുമ്പുതൂണുകൾ സ്ഥാപിച്ചതൊഴികെ മറ്റൊന്നും നടന്നില്ല. തൂണുകൾ വഴിയാത്രക്കാർക്ക് ജീവന് ഭീഷണിയായി നിൽക്കുന്നു. നിരവധി തവണ രൂപരേഖയിൽ മാറ്റവും വരുത്തി. പാത എങ്ങനെ പൂർത്തിയാക്കണമെന്ന് ഇപ്പോഴും എംഎൽഎയ്ക്ക് നിശ്ചയമില്ല.
ഇതിനെതിരെ പല ഭാഗത്തുനിന്നും വിമർശനം ഉയർന്നു. പ്രയോജനമില്ലെന്ന് വിദഗ്ധരടക്കം ചൂണ്ടിക്കാട്ടി. നിരവധി സമരങ്ങളുമുണ്ടായി. എന്നിട്ടും പദ്ധതി മാറ്റാൻ തയ്യാറായില്ല. 200 പേർക്ക് ഇരിക്കാവുന്ന ഗാന്ധിമണ്ഡപം നിർമിക്കുമെന്നായിരുന്നു പുതിയ പ്രഖ്യാപനം. ഇതും നടപ്പായില്ല.
ഡിവൈഎഫ്ഐ നേതൃത്വത്തിൽ ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പദ്ധതിക്കായി ഇതുവരെ ചെലവാക്കിയ പണമത്രയും നഷ്ടമായി. ഈ സാഹചര്യത്തിലാണ് ഡിവൈഎഫ്ഐ നേതൃത്വം പദ്ധതി സന്ദർശിച്ചത്.
റൗണ്ടാനയ്ക്കുള്ളിൽ ഇപ്പോൾ വള്ളിച്ചെടികളും പുല്ലും വളർന്ന് കാടുപിടിച്ച അവസ്ഥയായി. ഇരുമ്പു ഗർഡറുകളും വലിയ പൈപ്പും അടക്കം ഇവിടെ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. വലിയ ഇരുമ്പു പൈപ്പുകൾ മുകളിലെ ബീമുകൾക്കു മുകളിൽ എങ്ങും ബന്ധിപ്പിക്കാതെ വിലങ്ങനെ ഇട്ടിരിക്കുന്നു. ജനങ്ങളുടെ ജീവന് കടുത്ത ഭീഷണിയായി ഇത് ഏതുനിമിഷവും നിലംപൊത്തുന്ന സ്ഥിതിയാണ്. ഇത് അടിയന്തരമായി പൊളിച്ചുമാറ്റണമെന്ന ആവശ്യവുമായാണ് ഡിവൈഎഫ്ഐ നേതാക്കൾ സ്ഥലം സന്ദർശിച്ചത്. സംസ്ഥാന സെക്രട്ടറിയറ്റംഗം ജെയ്ക് സി തോമസ്, ജില്ലാ പ്രസിഡന്റ് കെ ആർ അജയ്, സെക്രട്ടറി സജേഷ് ശശി, സംസ്ഥാന കമ്മിറ്റിയംഗം എൻ അനിൽകുമാർ, ജോയിന്റ് സെക്രട്ടറിമാരായ എ എം എബ്രഹാം, ബി സുരേഷ്, കെ കെ ശ്രീമോൻ, വൈസ് പ്രസിഡന്റുമാരായ അഡ്വ. മഹേഷ് ചന്ദ്രൻ, കെ പി പ്രശാന്ത്, ബിന്ദു അജി, സെക്രട്ടറിയറ്റംഗങ്ങളായ പി എ ബിൻസൻ, ടി എസ് ശരത്, ബി അൻഷാദ് എന്നിവർ ഒപ്പമുണ്ടായിരുന്നു.