24 October Thursday
കാന്റർബറി ആർച്ച്‌ ബിഷപ്‌ കേരള സന്ദർശനം പൂർത്തിയാക്കി

സിഎംഎസ്‌ കോളേജ്‌ ദ്വിശതാബ്‌ദി ആഘോഷങ്ങൾ സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2019

 

കോട്ടയം
സിഎംഎസ്‌ കോളേജ്‌ ദ്വിശതാബ്‌ദി ആഘോഷങ്ങൾ സമാപിച്ചു. കോളേജ്‌ ഹോക്കി ഗ്രൗണ്ടിൽ നടന്ന സമാപന സമ്മേളനം മന്ത്രി  തോമസ്‌ ഐസക്‌ ഉദ്‌ഘാടനംചെയ്‌തു. ആംഗ്ലിക്കൻ സഭാ പരമാധ്യക്ഷൻ കാന്റർബറി ആർച്ച് ബിഷപ്‌ ജസ്റ്റിൻ വെൽബി മുഖ്യാതിഥിയായി. സിഎസ്ഐ മോഡറേറ്ററും കോളേജ്‌ മാനേജരുമായ ബിഷപ് തോമസ് കെ ഉമ്മൻ അധ്യക്ഷനായി. 
 ദ്വിശതാബ്ദി സുവനീർ പത്മഭൂഷൺ ജസ്റ്റിസ് കെ ടി തോമസ് എംജി സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ. സി ടി അരവിന്ദ കുമാറിന് നൽകി പ്രകാശനം ചെയ്‌തു. 
സിഎംഎസിന്റെ 200 വർഷത്തെ ചരിത്രംപറയുന്ന ഡോക്യുമെന്ററി സംവിധായകൻ ജോഷി മാത്യു നഗരസഭ ചെയർപേഴ്സൺ പി ആർ സോനക്ക് നൽകി പ്രകാശനം ചെയ്‌തു. എൻഎസ്എസ് യൂണിറ്റ് നിർമിച്ചു നൽകുന്ന വീടിന്റെ താക്കോൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ വിദ്യാർഥി വിഷ്‌ണുദാസിന്‌ കൈമാറി. കോളേജ് മുൻ പ്രിൻസിപ്പൽ ആയിരുന്ന റവ. ഫിലിപ്പ് ലീയ്‌ക്ക് മഹാത്മാ ഗാന്ധി അയച്ച കത്ത് ആലേഖനം ചെയ്ത ഫലകം കോളേജ് ബർസാർ റവ. ജേക്കബ് ജോർജ്‌ ആർച്ച് ബിഷപ്‌ ജസ്‌റ്റിൻ വെൽബിക്ക്‌ കൈമാറി. തുടർന്ന് വിദ്യാർഥികളുമായി ആർച്ച് ബിഷപ്‌ സംവദിച്ചു. 
കാവാലം നാരായണപ്പണിക്കർ രചിച്ച ദ്വിശതാബ്ദി ഗാനാലാപനവും ജോബ് കുര്യൻ അവതരിപ്പിച്ച കലാപരിപാടികളും നടന്നു. വൈസ് പ്രിൻസിപ്പൽ ഡോ. മിനി ചാക്കോ ദ്വിശതാബ്ദി റിപ്പോർട്ട് അവതരിപ്പിച്ചു. സിഎസ്ഐ മധ്യകേരള മഹായിടവക വൈദിക സെക്രട്ടറി റവ. ജോൺ ഐസക്, ആത്മായ സെക്രട്ടറി ഡോ. സൈമൺ ജോൺ, ട്രഷറർ റവ. തോമസ് പായിക്കാട്, രജിസ്ട്രാർ ജേക്കബ് ഫിലിപ്പ്, സിഎംഎസ് കോളേജ് പ്രിൻസിപ്പൽ ഡോ. റോയ് സാം ഡാനിയേൽ, ആഘോഷ കമ്മിറ്റി ചെയർമാൻ പ്രൊഫ. സി എ ഏബ്രഹാം എന്നിവർ സംസാരിച്ചു.
രാവിലെ കോളേജ് കവാടത്തിൽ എത്തിയ ആർച്ച് ബിഷപ്പിന് ഗാഡ് ഓഫ് ഓണർ നൽകി ആദരിച്ചു. തുടർന്ന് ഘോഷയാത്രയിൽ കോളേജ് അധ്യാപകരും എൻഎസ്എസ് യൂണിറ്റ് അംഗങ്ങളും വിദ്യാർഥികളും പങ്കെടുത്തു. കോളേജ് ഗ്രേറ്റ് ഹാളിൽ സിഎസ്‌ഐ വൈദിക സഭാ ശുശ്രൂഷക സമ്മേളനവും നടന്നു. മഹായിടവക പാസ്റ്ററൽ ബോർഡ് സെക്രട്ടറി റവ. വിജു വർക്കി ജോർജ്‌ നേതൃത്വം നല്കി.  
ആദ്യ കേരള സന്ദർശനത്തിനെത്തിയ ആർച്ച് ബിഷപ്‌ ജറുസലേം പള്ളിയിൽ മാർത്തോമ്മാ മെത്രാപോലീത്താ, ഭാരവാഹികൾ എന്നിവരുമായി അൽപസമയം ചെലവഴിച്ചശേഷം  സിഎസ്‌ഐ മോഡറേറ്റർ ബിഷപ്പ് തോമസ് കെ ഉമ്മനൊപ്പം ബംഗളൂരുവിലേക്ക് പോയി.
 
 
പ്രധാന വാർത്തകൾ
 Top