25 March Monday

പുത്തൻകായലിലെ 762 ഏക്കർ കൃഷിനിലം വീണ്ടെടുക്കാൻ നടപടി ഊർജിതം

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018

 വൈക്കം 

പ്രളയത്തിൽ മടകൾ വീണ് നശിച്ച വെച്ചൂർ പുത്തൻകായലിലെ 762 ഏക്കർ കൃഷിനിലം വീണ്ടെടുക്കാൻ കർഷകർ മടകൾ പുനർനിർമിക്കാനുള്ള നടപടി ഊർജ്ജിതമാക്കി. പുത്തൻകായലിൽ പുറംബണ്ടിൽ രണ്ട് മട വീഴ്ച്ചകളാണുണ്ടായത്. 20 മീറ്റർ നീളത്തിൽ മൂന്നര മീറ്റർ ആഴത്തിലൊരു മടയും മറ്റൊന്ന് 15 മീറ്റർ നീളത്തിലും നാല് മീറ്റർ ആഴത്തിലുമായിരുന്നു. രണ്ട് മണ്ണുമാന്തിയും 25 തൊഴിലാളികളും ഏതാനും ദിവസങ്ങളായി മടകൾ പുനഃസ്ഥാപിക്കാൻ പ്രവർത്തനം നടത്തുകയാണ്. 
വെള്ളത്തിൽ മുങ്ങിയ മോട്ടോറുകൾ അഴിച്ചുണക്കി പ്രവർത്തനക്ഷമമാക്കാൻ പത്ത് മെക്കാനിക്കുകളും രംഗത്തുണ്ട്. നാലുദിവസത്തിനകം മുട്ടിടാൻ കഴിയുമെന്ന് പണികൾക്ക് നേതൃത്വം നൽകുന്ന വെച്ചൂർ കായൽ കർഷക സഹകരണ സംഘം പ്രസിഡന്റ് ടി എൻ പീതാംബരൻ, സെക്രട്ടറി കെ ബി പുഷ്ക്കരൻ എന്നിവർ അറിയിച്ചു. ബണ്ടിലെ മടകൾവീണ് തകർന്ന ഭാഗത്ത് മുട്ടുകൾ സ്ഥാപിക്കാനും പൊട്ടിയ മടകൾ ബലപ്പെടുത്താനും മാത്രം പത്ത് ലക്ഷത്തിലധികം രൂപ ചെലവ് വരും. 762 ഏക്കർ  കായൽനിലത്തിൽ അരയേക്കർ മുതൽ സ്ഥലമുള്ള 400ലധികം കർഷകരാണുള്ളത്. പുത്തൻകായലിൽ ഇപ്പോൾ 16 കുടുംബങ്ങളും താമസിക്കുന്നുണ്ട്.
 
മട വീണപ്പോൾ പുത്തൻകായൽ ചിറയിൽ ഔസേഫിന്റെ വീടും കായലിലേക്ക് പൂർണമായും ഇടിഞ്ഞുതാണു. പുത്തൻകായലിലെ കൃഷിഭൂമിയുടെ സംരക്ഷണത്തിനായി ഏഴ് കിലോമീറ്ററിലധികം ദൂരം പുറംബണ്ട് ഉയർത്തിക്കെട്ടിയാൽ വെള്ളം കയറിയുള്ള കൃഷിനാശത്തെ ചെറുക്കാനാകുമെന്നും കർഷകർ പറഞ്ഞു. 1940‐42 കാലത്ത് വേമ്പനാട്ട് കായലിൽ പുറംബണ്ട് കുത്തി നെൽകൃഷിക്കായി സർക്കാർ സഹായത്തോടെ തയ്യാറാക്കിയതാണ് ഇവിടം. ആറു ബ്ലോക്കുകളായി തിരിച്ച ഈ കൃഷിയിടം കായൽനിരപ്പിൽനിന്നും രണ്ട് മീറ്റർ താഴെയാണ് സ്ഥിതിചെയ്യുന്നത്.  
പ്രളയത്തെ തുടർന്ന്  കൃഷിയിടം ദിവസങ്ങളോളം വെള്ളത്തിൽ മുങ്ങിക്കിടന്നതിനാൽ കനത്ത കൃഷിനാശമാണ് നേരിട്ടത്്. 60,000 തെങ്ങുകൾ, രണ്ട് ലക്ഷത്തിലധികം ഏത്ത വാഴ, ലക്ഷക്കണക്കിന് പലയിനം വാഴകൾ, കൊക്കോ, ജാതി, കവുങ്ങ്, കപ്പ, പച്ചക്കറി തുടങ്ങിയ കൃഷികൾ എന്നിവയെല്ലാം നശിച്ചു. നിരവധി പേർ നടത്തുന്ന മത്സ്യകൃഷിയും നശിച്ചു . തെങ്ങുകളുടെ ഓലകളിൽ മഞ്ഞ നിറം വ്യാപിച്ചു കഴിഞ്ഞു. കെഎസ്ഇബി, കൃഷിവകുപ്പ് അധികൃതർ കർഷകർക്ക് പിൻബലമേകാൻ സഹായങ്ങളുമായി ഒപ്പമുണ്ട്. മന്ത്രി വി എസ് സുനിൽകുമാർ പുത്തൻകായൽ സന്ദർശിച്ച‌് കർഷകരുടെ ദുരവസ്ഥ നേരിൽ മനസ്സിലാക്കിയിരുന്നു. കായൽ നിലത്തിലെ ബണ്ട് ഉയർത്തിക്കെട്ടാനും ശക്തിയേറിയ മോട്ടോറുകൾ അനുവദിക്കാനും സർക്കാർ നടപടി സ്വീകരിച്ച് പുത്തൻകായലിലെ കൃഷിയെ സംരക്ഷിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. 
 
 
 
പ്രധാന വാർത്തകൾ
 Top