15 July Wednesday
വൈസ് ചെയര്‍പേഴ്സൺ സിപിഐ എമ്മിൽ ചേർന്നു

ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ രാജിവച്ചു

സ്വന്തം ലേഖകൻUpdated: Wednesday Jun 3, 2020
 
 
ഈരാറ്റുപേട്ട
ആഴ്ചകൾ നീണ്ട തർക്കത്തിനും, പോർവിളിക്കും ഒടുവിൽ  ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ വി എം സിറാജ് രാജിവച്ചു. ഇതിനിടെ നഗരസഭാ വൈസ് ചെയർപേഴ്സൺ ജനപക്ഷത്തിൽനിന്ന്‌ രാജിവച്ച് സിപിഐ എമ്മിൽ ചേർന്നു.
  10 ന് അവിശ്വാസപ്രമേയം പരിഗണിക്കാനിരിക്കെയാണ് രാജി. മുൻധാരണപ്രകാരം മെയ് 15 ന് രാജി വയ്‌ക്കേണ്ടിയിരുന്ന ചെയർമാൻ 16 ദിവസങ്ങൾകൂടി പിന്നിട്ട ശേഷമാണ് രാജിക്ക്‌ തയ്യാറായത്. യുഡിഎഫ് യോഗം ചേർന്ന്‌ ചെയർമാനോട് രാജി ആവശ്യപ്പെട്ടിട്ടും ചെയർമാൻ രാജിവയ്‌ക്കാൻ തയ്യാറായില്ല. ഇത് കോൺഗ്രസിന്റെ കടുത്ത അതൃപ്തിക്ക്‌ വഴിവച്ചു. കോൺഗ്രസ് കൗൺസിലർമാർ പരസ്യമായി ചെയർമാനെ തള്ളിപ്പറയുകയും പിന്തുണ പിൻവലിക്കുകയും ചെയ്തു. കോൺഗ്രസിലെയും ലീഗിലെയും ഭിന്നതകൾ പുറത്തുവരുന്നതിനും ഇത് കാരണമായി. ഇരുപാർടികളിലും ഒരുവിഭാഗം രാജി വേണമെന്ന് ആവശ്യപ്പെടുകയും ഒരു ഭാഗം ഇപ്പോൾ രാജിവയ്‌ക്കേണ്ടെന്ന നിലപാട് എടുക്കുകയുംചെയ്തു. ഇതിനിടെ എൽഡിഎഫ് അവിശ്വാസം കൊണ്ടുവരികയും കോൺഗ്രസ് അംഗങ്ങൾ ഇതിൽ ഒപ്പുവയ്ക്കുകയും ചെയ്തു. തുടർന്ന് കോൺഗ്രസിലും ഗ്രൂപ്പ്‌ പോര് മൂർച്ഛിച്ചു. ലീഗ് കൗൺസിലർമാർ പരസ്യമായി ചെയർമാനെ തള്ളിപ്പറഞ്ഞതോടെ ചെയർമാൻ രാജിവയ്‌ക്കുകയായിരുന്നു. 
   നഗരസഭാ 19 വാർഡ് അംഗവും വൈസ് ചെയർപേഴ്‌സണുമായ ബൽക്കീസ് നവാസ് ഭർത്താവ് 
എം എ നവാസും സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിൽ നേരിട്ട് എത്തിയാണ് സിപിഎമ്മിൽ ചേർന്നത്. അധികാരത്തർക്കവും ഭരണസ്തംഭനവും അഴിമതിയുമാണ് യുഡിഎഫ് വിടാൻ കാരണമെന്ന് ബൽക്കീസ് പറഞ്ഞു. നവാസിനെ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ജോയ് ജോർജും ബാൽക്കിസ് നവാസിനെ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫും രക്തഹാരമണിയിച്ച് സ്വീകരിച്ചു. 
  ഏരിയാകമ്മിറ്റി അംഗം എം എച്ച് ഷെനീർ, ലോക്കൽ സെക്രട്ടറി കെ എം ബഷീർ, കൗൺസിലർമാരായ വി കെ കബീർ, ലൈല പരീത്, ലോക്കൽ കമ്മിറ്റിയംഗം ഹുസൈൻ, ഫൈസൽ പി ആർ, ടി സുഭാഷ് തുടങ്ങിയവരും പങ്കെടുത്തു.  ചെയർമാൻ രാജിവച്ചൊഴിഞ്ഞതോടെ താൽക്കാലിക ചുമതല വൈസ്‌ ചെയർപേഴ്‌സണ് ലഭിച്ചു.
പ്രധാന വാർത്തകൾ
 Top