14 August Friday
അസ്ഥികൂടം കണ്ടെത്തിയ സംഭവം

ജിഷ്‌ണുവിന്റെ മാതാപിതാക്കളെ എത്തിച്ച്‌ തെളിവെടുത്തു

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020

കോട്ടയം മറിയപ്പള്ളിയിൽ അസ്ഥികൂടം കണ്ടെത്തിയ സ്ഥലത്ത് ജിഷ്ണുവിന്റെ മാതാപിതാക്കളായ ഹരിദാസും ശോഭനയും എത്തിയപ്പോൾ

കോട്ടയം
നാട്ടകം മറിയപ്പള്ളിയിൽ യുവാവിന്റെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ ഡിഎൻഎ ഫലം കാത്ത്‌ പൊലീസ്‌.  വൈക്കത്തുനിന്ന്‌ കാണാതായ കുടവെച്ചൂർ വെളുത്തേടത്തുചിറ  ഹരിദാസിന്റെ മകൻ ജിഷ്ണു ഹരിദാസി‌(23) ന്റെ അസ്ഥികൂടമാണെന്ന നിഗമനത്തിലാണ്‌ അന്വേഷണം. ബുധനാഴ്‌ച പകൽ 10.30ന്‌ ജിഷ്‌ണുവിന്റെ മാതാപിതാക്കളെ സ്‌റ്റേഷനിലെത്തിച്ച്‌ വസ്‌ത്രങ്ങളും ചെരിപ്പും കാണിച്ചു. ഇവ ജിഷ്‌ണുവിന്റേതാണെന്ന്‌ മാതാപിതാക്കൾ തിരിച്ചറിഞ്ഞു. ജീൻസ്‌ നിറംമാറിയതിനാൽ തിരിച്ചറിയാൻ കഴിഞ്ഞില്ല. തുടർന്ന്‌ പകൽ രണ്ടോടെ അസ്ഥികൂടം കണ്ട സ്ഥലം‌ മാതാപിതാക്കളെ കാണിച്ചു. റെഡ്‌മി നോട്ട്‌ 7 പ്രോ മൊബൈൽ ഫോൺ ജിഷ്‌ണുവിന്റേതാണെന്ന്‌ കൂട്ടുകാർ തിരിച്ചറിഞ്ഞിട്ടുണ്ട്‌.   ജൂൺ മൂന്നിനാണ്‌ ജിഷ്ണു ഹരിദാസിനെ കാണാതായത്‌. കുമരകത്തെ ബാറിൽ ജീവനക്കാരനായിരുന്ന യുവാവ്‌ രാവിലെ 8.15ന്‌ ജോലിക്കായി വീട്ടിൽനിന്ന്‌ പോയതാണ്‌. കുമരകത്ത്‌ ജോലി ചെയ്യുന്ന ബാറിന്റെ മുന്നിൽ ഇറങ്ങിയെങ്കിലും മറ്റൊരു ബസിൽ കയറി തിരിച്ചു പോയത്‌ കണ്ടതായി ബാറിലെ സെക്യൂരിറ്റി ജീവനക്കാരൻ മൊഴിനൽകിയിരുന്നു. ഒമ്പതോടെയാണ്‌ ഫോൺ സ്വിച്ച്‌ ഓഫ്‌ ആയത്‌. ബസിൽ  മറ്റൊരു ഫോണിൽ  സംസാരിക്കുന്നത്‌ കണ്ടതായി കണ്ടക്ടർ മൊഴി നൽകിയിട്ടുണ്ടെങ്കിലും ആ ഫോൺ കണ്ടെടുക്കാനായില്ല. 
ബാർ ജീവനക്കാരെ ചോദ്യം ചെയ്‌തെങ്കിലും സംശയിക്കത്തക്ക ഒന്നും ലഭിച്ചിട്ടില്ലെന്ന്‌ ചിങ്ങവനം സിഐ ബിൻസ്‌ ജോസഫ്പറഞ്ഞു.   രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ഫോറൻസിക്‌ പരിശോധനാ ഫലം ലഭിക്കുമെന്നാണ്‌ പ്രതീക്ഷ. ഫോറൻസിക്‌ വിദഗ്‌ധർ രണ്ടുവട്ടം ചർച്ച കഴിഞ്ഞു.  അസ്ഥികൂടം തൂങ്ങിക്കിടന്ന ഷർട്ട്‌ വ്യാഴാഴ്‌ച കോടതിയിൽ ഹാജരാക്കും.  കാണാതായ മൂന്നരപ്പവന്റെ മാലയും ബാഗും ഇതുവരെ കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. 
ജീൻസ്‌ ജിഷ്‌ണുവിന്റേതല്ലെന്ന്‌ അമ്മ   
അസ്ഥികൂടം കണ്ടെത്തിയ ഇടത്തുനിന്ന്‌ കണ്ടെടുത്ത ജീൻസ്‌ ജിഷ്‌ണുവിന്റേതല്ലെന്ന്‌ അമ്മ ശോഭന പറഞ്ഞു. കുമരകത്ത്‌നിന്ന്‌ മറിയപ്പള്ളിയിൽ പോയത്‌ എന്തിനെന്നറിയില്ല. ഞങ്ങൾക്കോ അവനോ ആ പ്രദേശവുമായി ബന്ധമില്ല. ബന്ധുക്കളും അവിടെയില്ല –-ശോഭന പറഞ്ഞു.
 
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top