15 July Wednesday

വീട്ടകം ക്ലാസായി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020

ഹാജരുണ്ടേ... സ്കൂൾ തുറക്കലിന്റെ ബഹളങ്ങളില്ലാതെ ഓൺലൈൻ ക്ലാസുകളിലൂടെ ഒരു അധ്യയന വർഷം തുടങ്ങുന്നു. ചുങ്കത്തെ മള്ളൂശ്ശേരിയിലെ വീട്ടിലിരുന്ന്‌  ക്ലാസിൽ പങ്കെടുക്കുന്ന ഒന്നാം ക്ലാസ് വിദ്യാർഥി 

 കോട്ടയം

ജില്ലയിൽ പലയിടത്തും തിങ്കളാഴ്‌ച രാവിലെ പെയ്‌ത മഴയ്‌ക്ക്‌ പതിവുപോലെ കുട്ടികളെ നനയ്‌ക്കാനായില്ല. കാരണം അവർ പണ്ടേ ക്ലാസിൽ കയറിയിരുന്നു –- ടെലിവിഷനിൽ. അല്ലാത്തവർ ഓൺലൈനായി. കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ പുതിയ അധ്യായം തുറന്ന്‌ ഓൺലൈൻ ക്ലാസുകൾക്ക്‌ തുടക്കമായി. കുട്ടികൾ മികച്ച രീതിയിലാണ്‌ ഇതിനോട്‌ പ്രതികരിച്ചത്‌. കോവിഡിന്റെ പശ്‌ചാത്തലത്തിൽ സ്‌കൂളുകൾ തുറക്കാനാകാത്തതിനാൽ പഠനവും വീട്ടിലാക്കുകയാണ്‌ കുട്ടികൾ.
  വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള വിക്‌ടേഴ്‌സ്‌ ചാനലിൽ ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകളാണ് കുട്ടികൾ ടെലിവിഷനിൽ കണ്ട്‌ പഠിച്ചത്‌. ഓൺലൈൻ വീഡിയോ കോൺഫറൻസിലൂടെ ഡിഗ്രി ക്ലാസുകളും തിങ്കളാഴ്‌ച തുടങ്ങി‌.
സംഗതി കൊള്ളാം
വിക്‌ടേഴ്‌സിന്റെ ചാനലിൽ പാഠഭാഗങ്ങൾ വരുന്ന സമയം നേരത്തേ അറിയിച്ചിരുന്നു. കുട്ടികൾ‌ തയ്യാറായി നിന്നു. പാഠപുസ്‌തകവും നോട്ട്‌ബുക്കുമായി ടിവിയുടെ മുമ്പിൽ. ടെലവിഷനിൽ അധ്യാപകർ സാധാരണ രീതിയിൽ തന്നെ ക്ലാസെടുത്തു.‌ പ്രവേശനോത്സവവും മിഠായി വിതരണവുമില്ലാത്ത ആദ്യ സ്‌കൂൾദിനം.
 ഒന്നാം ക്ലാസ്‌ കുട്ടികളെ പഠിപ്പിക്കുകയാണ്‌ ഏറ്റവും ശ്രമകരം. ടീച്ചർ പറയുന്നത്‌ ഏറ്റുപറയുന്ന പാഠങ്ങളാണ്‌ അവർക്ക്‌. കുട്ടികൾ അത്‌ പറയുന്നുണ്ടോ എന്ന്‌ ശ്രദ്ധിക്കേണ്ടത്‌ അഛനമ്മമാരാണ്‌. 
വിക്‌ടേഴ്‌സിന്റെ യൂട്യൂബ്‌ ചാനലിലും ഫേസ്‌ബുക്ക്‌ പേജിലും ക്ലാസ്‌ ലൈവായി കാണിച്ചു. കൂടുതൽ പേരും ടെലിവിഷനിലാണ്‌ കണ്ടത്‌. കറണ്ട്‌ പോകുകയോ മറ്റോ ഉണ്ടായാൽ മൊബൈലിൽ കാണാനാകും. 
സംശയം തീർക്കാൻ വഴിയുണ്ട്‌
ടിവിയിലെ ടീച്ചറുടെ ക്ലാസിൽ സംശയം വന്നാൽ എങ്ങനെ ചോദിക്കും. പലർക്കുമുള്ള സംശയമാണ്‌. ഇതിനായി അധ്യാപകരും രക്ഷിതാക്കളും കുട്ടികളുമടങ്ങുന്ന വാട്‌സ്‌ആപ്പ്‌ കൂട്ടായ്‌മകളുണ്ട്‌‌. ഇതിൽ സംശയങ്ങളുന്നയിക്കാം.‌ അധ്യാപകർ മറുപടി നൽകും.‌ കുട്ടികൾക്ക്‌ അധ്യാപകരെ നേരിൽ വിളിച്ചും സംശയം ചോദിക്കാം. 
 വിക്‌ടേഴ്‌സിലെ ക്ലാസ്‌ അധ്യാപകരും കാണണമെന്ന്‌ നിർദേശിച്ചിട്ടുണ്ട്‌. എങ്കിലേ കുട്ടികളുടെ ചോദ്യത്തിന്‌ മറുപടി നൽകാനാവൂ. 
ക്ലാസ്‌ കഴിയുമ്പോൾ അധ്യാപകൻ പരമാവധി കുട്ടികളെ ബന്ധപ്പെടണമെന്നും പാഠഭാഗം ചർച്ച ചെയ്യണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്‌. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top