03 August Monday

മണി തളരില്ല; താങ്ങായി സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020
പൊൻകുന്നം
24--ാം വയസ്സിൽ കാലുകൾ തളർന്നെങ്കിലും ജീവിതത്തിൽ തളരാതിരിക്കാൻ ശ്രമിക്കുകയാണ് പൊൻകുന്നം കോയിപ്പള്ളി സ്വദേശി മണി എന്ന സുരേന്ദ്രൻ. താങ്ങായി സിപിഐ എമ്മും ഒപ്പമുണ്ട്‌. പൊൻകുന്നം ലോക്കൽ കമ്മിറ്റി നിർമിച്ച് നൽകുന്ന വീട് മണിക്കുള്ള കരുതലാണ്. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ പുതിയ വീടിന്റെ താക്കോൽ ഞായറാഴ്ച പകൽ മൂന്നിന‌് സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ മണിക്കും സഹോദരിക്കും കൈമാറും.
മുപ്പതുവർഷം മുമ്പ് പനിക്ക്‌ ചികിത്സതേടിയപ്പോൾ നട്ടെല്ലിൽ വെള്ളം കെട്ടിക്കിടക്കുന്നുണ്ടെന്നും നീക്കം ചെയ്യണമെന്നും ഡോക്ടർമാർ പറഞ്ഞു. രണ്ട് തവണ വെള്ളം നീക്കംചെയ്തു. നടന്ന് ആശുപത്രിയിലെത്തിയ ആളെ എടുത്തുകൊണ്ട് വീട്ടിൽ എത്തിക്കേണ്ട നിലയായി. അഞ്ചുവർഷം നീണ്ട ആശുപത്രി വാസം. ചികിത്സകളൊന്നും കാലുകൾക്ക് ബലം നൽകിയില്ല. പിന്നീട് കൈകളിൽ ഊന്നിയാണ് മണി നടന്നത്. 
അവശതകൾക്കിടയിലും പൊൻകുന്നത്തെ പാർടി പൊതുയോഗങ്ങളിൽ മണിയുടെ വിപ്ലവഗാനങ്ങളുണ്ടായി. നിരവധി ഗാനമേളകൾക്കും സാന്നിധ്യമായി. 53 വയസിലെത്തിയപ്പോൾ അവശതകളും ഏറി. പരസഹായമില്ലാതെ പുറത്തിറങ്ങാനാവില്ല. ഇളയ സഹോദരൻ സുകുമാരന്റെ സംരക്ഷണയിലാണ് ഇപ്പോൾ. സർക്കാർ നൽകുന്ന ക്ഷേമപെൻഷനാണ് ആശ്രയം. ക്ഷേമ പെൻഷൻ തുക വർധിപ്പിച്ച് മുടങ്ങാതെ വീട്ടിൽ എത്തിക്കുന്ന പിണറായി സർക്കാരിനോട് തനിക്ക് ബഹുമാനമാണെന്ന് മണി പറയുന്നു. പാർടി കൂടെ ഉണ്ടാകും എന്നത്‌ മണിയുടെ ഏറ്റവുംവലിയ ശക്തിയും. മണിയുടെ തുടർ സംരക്ഷണം ഉറപ്പാക്കി സ്വന്തമായി വീടില്ലാത്ത സഹോദരി പുഷ‌്പാ ടോമിക്കും ‌ഭർത്താവിനും മൂന്ന‌് കുട്ടികൾക്കുമാണ‌് സിപിഐ എം വീട‌് നിർമിച്ച‌് നൽകുന്നത‌്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top