18 October Friday

മകന്റെ ചികിത്സയ്‌ക്കുള്ള പണവുമായി അച്ഛൻ മുങ്ങി; ചേർത്തുപിടിച്ച്‌ വനിതാ കമീഷൻ

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2019

നിസയ്‌ക്കും മകനുമൊപ്പം വനിതാ കമീഷൻ അംഗം ഷാഹിദാ കമാലും ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജനും

കൊല്ലം
ക്യാൻസർ ബാധിതനായ നാലുവയസ്സുകാരൻ മകന്റെ ചികിത്സയ്ക്കാണ് ആലപ്പുഴ സ്വദേശിനിയായ നിസയും ഭർത്താവും തിരുവനന്തപുരത്ത് എത്തിയത്. 
മകന്റെ ചികിത്സയ്ക്കു സുമനസ്സുകൾ കനിഞ്ഞു നൽകിയ പണവുമായി ഭർത്താവ്‌ മുങ്ങി. ആശ്രയമറ്റ അമ്മയും മകനും ഭക്ഷണത്തിനായി തെരുവിലിറങ്ങി. 
ഭക്ഷണത്തിനായി കൈനീട്ടിയ അമ്മയും മകനും ഒടുവിൽ വനിതാ കമീഷൻ ഇടപെടലിൽ ഗാന്ധിഭവന്റെ സ്നേഹതീരത്ത്‌.
  കുടുംബത്തിന്റെ ദുരിതമറിഞ്ഞ പൊതുപ്രവർത്തകനായ ഷമീർ സോഷ്യൽ മീഡിയാ ക്യാമ്പയിൻ വഴി നാലു ലക്ഷത്തോളം രൂപ ഇവർക്ക്‌ സമാഹരിച്ചു നൽകിയിരുന്നു. 
എന്നാൽ, തന്റെ പേരിലുള്ള അക്കൗണ്ടിൽ നിക്ഷേപിച്ച പണവുമായി ഭർത്താവ് കടന്നുകളഞ്ഞു. 
തുടർന്നാണ്‌ അമ്മയും മകനും തെരുവിലിറങ്ങിയത്‌. വഴിയാത്രക്കാരോട്‌ ഭക്ഷണത്തിനായി കൈ നീട്ടുന്ന ഇരുവരുടെ വാർത്ത അറിഞ്ഞ  വനിതാ കമീഷൻ അംഗം ഡോ. ഷാഹിദാ കമാൽ ഇടപെട്ടു. നിസയെ മണക്കാട് സേവാ കേന്ദ്രത്തിൽ രണ്ടുദിവസം താല്‍ക്കാലിക സംരക്ഷണം ഏർപ്പെടുത്തി. തുടർന്ന് 
ഇവരുടെ പൂർണ സംരക്ഷണവും കുട്ടിയുടെ ചികിത്സയും ഏറ്റെടുക്കാൻ പത്തനാപുരം ഗാന്ധിഭവൻ മുന്നോട്ടു വന്നു. ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ കമീഷൻ ആസ്ഥാനത്തെത്തി നിസയേയും മകനേയും ഗാന്ധിഭവൻ ഏറ്റെടുക്കുകയായിരുന്നു. 
നിസയ്ക്ക്‌ ഒരു വയസ്സുള്ള മറ്റൊരു കുട്ടി കൂടി ഉണ്ട്. ആ കുട്ടിയേയും നിസയുടെ അടുത്ത് എത്തിക്കുമെന്ന് സോമരാജൻ പറഞ്ഞു.   ക്യാൻസർ രോഗിയായ മകന്റെ ചികിത്സയ്ക്കു സമാഹരിച്ച പണവുമായി കടന്നുകളഞ്ഞ പിതാവിനെതിരെ സ്വമേധയാ കേസെടുത്തതായി ഷാഹിദാ കമാൽ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top