24 October Thursday
ഇരയായത്‌ 1500 പേർ

കോടികൾ തട്ടിയ ചിട്ടിക്കമ്പനി ഉടമ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2019

 

കൊട്ടാരക്കര
ഇടപാടുകാർക്ക് വൻ സമ്മാനങ്ങൾ വാഗ്ദാനംചെയ്ത് കോടികൾ തട്ടിയ ചിട്ടിക്കമ്പനി ഉടമ പിടിയിൽ. ബാലരാമപുരം അന്തിയൂർ കടച്ചകുഴി എസ് കെ നിവാസിൽ സജികുമാറാ (42)ണ് കൊട്ടാരക്കര പൊലീസിന്റെ പിടിയിലായത്. 1500  ഇടപാടുകാരിൽനിന്ന് രണ്ടു കോടിയിലധികം ചിട്ടി തുകയാണ് ഇയാൾ പറ്റിച്ചുകടന്നത്. കൊട്ടാരക്കര
മുസ്ലിം സ്ട്രീറ്റ് കേന്ദ്രീകരിച്ച്‌ എസ് കെ ചാരിറ്റബിൾ ട്രസ്റ്റ് (ചിഞ്ചു ചാരിറ്റബിൾ എന്റർപ്രൈസസ്) എന്ന സ്ഥാപനം വഴിയാണ് സാധാരണക്കാർക്ക്‌ വമ്പൻ സമ്മാനങ്ങൾ വാഗ്ദാനം ചെയ്തത്.  കാർ, ടൂവീലർ തുടങ്ങിയ സമ്മാനങ്ങളാണ് പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പായി എല്ലാവർക്കും സജികുമാർ വിരുന്ന്‌ സംഘടിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പിനുശേഷം എല്ലാവരുടെയും തുക നൽകാമെന്ന് വാഗ്ദാനവും നൽകി. എന്നാൽ, 
തെരഞ്ഞെടുപ്പിനുശേഷം സജികുമാർ മുങ്ങുകയായിരുന്നു. തുടർന്ന് നൂറുകണക്കിനുപേർ പരാതിയുമായെത്തി. തമിഴ്നാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പ്രതി ഒളിവിൽ കഴിയുകയായിരുന്നു.  
തിരുവനന്തപുരം, വിഴിഞ്ഞം തീരമേഖലയിൽ ഒളിവിൽ  കഴിയവെയാണ് കസ്റ്റഡിയിലെടുത്തത്. കൊട്ടാരക്കര ഡിവൈഎസ്‌പി നാസറുദീന്റെ നിർദേശപ്രകാരം കൊട്ടാരക്കര ഇൻസ്‌പെക്ടർ ബിനു, എസ്ഐ സാബുജി, എസ്‌സിപിഒ അനിൽകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രധാന വാർത്തകൾ
 Top