കൊല്ലം
അധ്യയനവർഷം ആരംഭിക്കുന്നതിനു മുന്നോടിയായി സ്കൂള്‍ വൃത്തിയാക്കൽ ഉൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയാകുന്നു. ക്ലാസ് മുറിയും ബെഞ്ചും കഴുകി വൃത്തിയാക്കലും പരിസരം ശുചിയാക്കലും പുരോഗമിക്കുകയാണ്. ഇഴജന്തുക്കളുടെ സാന്നിധ്യമില്ലെന്ന് ഉറപ്പാക്കാൻ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. കെഎസ്ടിഎ, ഡിവൈഎഫ്ഐ, എസ്എഫ്ഐ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലും ശുചീകരണം നടക്കുന്നു.
കലക്ടറുടെ ചേംബറിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. സ്കൂൾ കേന്ദ്രീകരിച്ച് ലഹരിമരുന്ന് പരിശോധന കർശനമാക്കാൻ കലക്ടർ അഫ്സാന പർവീൺ നിർദേശം നൽകി. സ്‌കൂൾ പരിസരത്ത് പൊലീസ്, എക്സൈസ് നിരീക്ഷണം ശക്തമാക്കും. സമീപത്തെ കടകള്‍ ഉൾപ്പടെ പരിശോധിക്കും. ജൂൺ ആദ്യവാരം പരിശോധനകളുടെ വിശദറിപ്പോർട്ട് നൽകാനും കലക്ടർ അവശ്യപ്പെട്ടു.
പുസ്തകവും
യൂണിഫോമും റെഡി
ചവറ ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് ജില്ലയിലെ പ്രവേശനോത്സവം. പുസ്തകവിതരണത്തിന്റെ 90 ശതമാനവും പൂർത്തിയായി. ബാക്കിയുള്ളവ രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാക്കും.യൂണിഫോം വിതരണവും പൂർത്തിയായി. കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് പരിശോധന പുരോഗമിക്കുന്നു. അപകടകരമായ കെട്ടിടങ്ങൾക്ക് ഫിറ്റ്‌നസ് നൽകില്ല. സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന, ഡ്രൈവർമാർക്കുള്ള ബോധവല്‍ക്കരണം എന്നിവ സമയബന്ധിതമായി പൂർത്തിയാക്കണം. സ്‌കൂൾ പാചകത്തൊഴിലാളികൾ ഹെൽത്ത് കാർഡ് നിർബന്ധമായി എടുക്കണം. ഇതിനുള്ള സൗകര്യം പ്രാഥമിക സാമൂഹിക ആരോഗ്യകേന്ദ്രങ്ങളിൽ ഒരുക്കി. സ്കൂളുകൾക്ക് സമീപമുള്ള റോഡുകളിൽ സുരക്ഷാ സിഗ്നലുകൾ, അടയാളങ്ങൾ എന്നിവ സ്ഥാപിക്കും. എല്ലാ സ്കൂളുകളിലും ശുചീകരണം പൂർത്തിയാക്കണം. സ്‌കൂൾ പരിസരത്തുള്ള വൈദ്യുതി ലൈനുകൾ, ട്രാൻസ്‌ഫോര്‍മറുകൾ എന്നിവയുടെ പരിശോധന പൂർത്തിയായി. അസംബ്ലികളിൽ കെഎസ്ഇബിയുടെ സുരക്ഷാ ബോധവല്‍ക്കരണ ക്ലാസിനും സൗകര്യമൊരുക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..