13 July Monday

2 പേര്‍ക്കുകൂടി കോവിഡ്; രോഗികൾ 25

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020
 സ്വന്തം ലേഖകന്‍
കൊല്ലം
തുടർച്ചയായ ജാഗ്രത ഓർമിപ്പിച്ചു ജില്ലയിൽ രണ്ടുപേർക്ക് കൂടി കോവിഡ്. മുംബൈയിൽ നിന്നെത്തിയ പുനലൂർ ഇളമ്പൽ സ്വദേശിയായ 22 വയസ്സുകാരനും കുവൈത്തിൽ നിന്നെത്തിയ അഞ്ചൽ സ്വദേശിയായ യുവതിക്കും (48)ആണ്‌ രോഗം സ്ഥിരീകരിച്ചത്‌. യുവാവ്‌ മുംബൈയിലെ താനെയിൽനിന്ന് സ്‌പെഷ്യൽ ട്രെയിനിൽ 27ന്‌ രാത്രി എട്ടിന്‌ എറണാകുളത്ത്‌ വന്നിറങ്ങിയതാണ്‌. ഇറങ്ങിയസമയം ബോധക്ഷയം ഉണ്ടായതിനെത്തുടർന്ന് എറണാകുളം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു സാമ്പിൾ ശേഖരിച്ചു. തുടർന്ന് വിളക്കുടിയിൽ സർക്കാർ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിച്ചതോടെ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുവൈത്തിൽ നിന്നെത്തിയ യുവതി എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. നിലവിൽ 25 പോസിറ്റീവ് കേസാണ് ചികിത്സയിലുള്ളത്. 23 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
വിദ​ഗ്ധ പരിശോധനയ്ക്കയച്ച 3473 സാമ്പിളുകളിൽ 57 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. ഫലം വന്നതിൽ 3339 എണ്ണം നെഗറ്റീവാണ്‌.  കോവിഡ് നിയന്ത്രണത്തിന് മാസ്‌കും സാനിറ്റൈസറും  ശീലമാക്കുകയും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകണമെന്നും കലക്ടർ അറിയിച്ചു.
രാത്രിയാത്ര നിരോധിച്ചു
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ രാത്രി എട്ടു മുതൽ രാവിലെ ആറുവരെ അവശ്യസർവീസ് ഒഴികെയുള്ളവരുടെ യാത്ര നിരോധിച്ച് കലക്ടർ ബി അബ്ദുൽ നാസർ ഉത്തരവിട്ടു. വീടുകൾ കയറിയുള്ള കച്ചവടവും നിരോധിച്ചു. നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ ക്രിമിനൽ ചട്ടം 144 പ്രകാരം നടപടിയെടുക്കും.
പ്രധാന വാർത്തകൾ
 Top