16 July Thursday

തോൽക്കില്ല സന്തോഷ്‌

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020

സന്തോഷ് മാതാപിതാക്കൾക്കൊപ്പം

കരുനാഗപ്പള്ളി
ആറാം വയസ്സിൽ പോളിയോ ബാധിച്ച്‌ ശരീരം തളർന്നു. അതിനെ തോൽപ്പിച്ച്‌ ജീവിച്ചുതുടങ്ങിയപ്പോൾ വില്ലനായി ക്യാൻസറും. പക്ഷേ, ജീവിക്കണമെന്ന സന്തോഷത്തിന്റെ ഇച്ഛാശക്തിക്കുമുമ്പിൽ തോറ്റത് വിധിയാണ്‌ പലവട്ടം. കരുനാഗപ്പള്ളി മരുതൂർകുളങ്ങര വടക്ക് നെല്ലിക്കോമത്ത് വടക്കതിൽ ദിവാകരന്റെയും ലക്ഷ്മിക്കുട്ടിയുടെയും മകൻ സന്തോഷ് (41)‌ ആണ്‌ അതിജീവനത്തിന്റെ നേർസാക്ഷ്യമാകുന്നത്‌.ആറാം വയസ്സിൽ പോളിയോ ശരീരം തളർത്തിയെങ്കിലും സന്തോഷിന്റെ മനസ്സ്‌‌ തളർന്നില്ല. ഹയർ സെക്കൻഡറി വരെ പഠിച്ചു. പിന്നീട് കുട്ടികൾക്കു ട്യൂഷൻ നൽകി ജീവിതം മുന്നോട്ട്‌. ഒപ്പം അച്ഛനമ്മമാരുടെ സംരക്ഷണവും ഏറ്റെടുത്തു. 
പിന്നീട് ട്യൂഷന് കുട്ടികൾ കുറഞ്ഞതോടെ കരുനാഗപ്പള്ളി സിവിൽസ്റ്റേഷനു മുന്നിൽ മുച്ചക്ര സൈക്കിളിൽ അപേക്ഷ തയ്യാറാക്കി നൽകുന്ന ജോലി. ഇതിനിടെയാണ് ഒളിഞ്ഞിരുന്ന‌ ക്യാൻസർ എന്ന മഹാരോഗമെത്തിയത്‌. അവിടെയും തോൽക്കാൻ തയ്യാറായില്ല. 215 റേഡിയേഷൻ, ആറ്‌ കീമോതെറാപ്പി. ജയിക്കാനുള്ള സന്തോഷിന്റെ ആഗ്രഹത്തിനുമുമ്പിൽ രോഗവും വഴിമാറി.  അപേക്ഷകൾ എല്ലാം ഓൺലൈൻ ആയതോടെ ജീവിതം വീണ്ടും പ്രതിസന്ധിയിൽ. ഒടുവിൽ മുച്ചക്ര വാഹനത്തിൽ ലോട്ടറിക്കച്ചവടം തുടങ്ങി. ആരെയും നിർബന്ധിക്കില്ല. സന്തോഷിന്റെ നിഷ്കളങ്കമായ ചിരി കാണുന്നവരിൽ ചിലർ ടിക്കറ്റു വാങ്ങും. ലോക്ക്‌ഡൗണിൽ ലോട്ടറി വിൽപ്പന മുടങ്ങിയതോടെ വരുമാനം നിലച്ചു.
 82 വയസ്സുള്ള അച്ഛന്റെയും 77 വയസ്സുള്ള അമ്മയുടെയും സംരക്ഷണവും സന്തോഷിന്റെ ചുമലിലാണ്‌. 18 വർഷമായി വാടക വീടുകളിലായി‌ താമസിക്കുന്ന കുടുംബത്തിന് സ്വന്തം ഭൂമിയിൽ ഒരു വീടെന്ന സ്വപ്നവും യാഥാർഥ്യമായില്ല. മൂത്ത സഹോദരൻ വർഷങ്ങൾക്കു‌ മുമ്പ്‌ അർബുദം ബാധിച്ച്‌ മരിച്ചു‌. ഒരു സർക്കാർ ജോലിയാണ്‌ ഈ യുവാവിന്റെ സ്വപ്നം. ദുരിതങ്ങൾക്കുമുമ്പിലും തലകുനിക്കാതെ സന്തോഷ് പറയുന്നത്‌ ഇത്രമാത്രം ‘ജോലി ചെയ്തുതന്നെ ജീവിക്കണം. ജീവിച്ചു ജയിക്കണം’.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top