കൊല്ലം
ദേശീയപാതയിൽ തിരുവനന്തപുരം ഭാഗത്തേക്കു പോകുന്ന കെഎസ്‌ആർടിസി ബസുകൾക്ക് ജില്ലാ ആസ്ഥാനമായ ചിന്നക്കടയിൽ സ്റ്റോപ്പും ഐഡന്റിക്കൽ ഫെയർസ്‌റ്റേജും അനുവദിക്കാവുന്നതാണെന്ന് ചൂണ്ടിക്കാട്ടി കൊല്ലം ഡിപ്പോ അധികൃതർ സിഎംഡി ബിജു പ്രഭാകരന് റിപ്പോർട്ട്‌നൽകി. ഡിടിഒ നിഷാറിന്റെ നിർദേശപ്രകാരം ഡിപ്പോ ഇൻസ്‌പെക്ടർ കെ ജി രാജേഷ്‌കുമാറാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ആവശ്യം ഉന്നയിച്ച് എം നൗഷാദ് എംഎൽഎ ഗതാഗതമന്ത്രി ആന്റണിരാജുവിന് നിവേദനം നൽകിയിരുന്നു. തുടർന്ന് ആവശ്യമായ നടപടി സ്വീകരിക്കാൻ മന്ത്രി കോർപറേഷൻ സിഎംഡിക്ക് നിർദേശംനൽകി. തുടർന്നാണ് കൊല്ലം ഡിടിഒ ഇൻസ്‌പെക്ടറെകൊണ്ട് റിപ്പോർട്ട് തയ്യാറാക്കിയത്.
ചിന്നക്കടയിൽ ആശ്രാമം റോഡിൽ എക്‌സൈസ് കമീഷണറുടെ ഓഫീസിനു സമീപത്തായി കാത്തിരിപ്പുകേന്ദ്രം ഒരുക്കാമെന്നും ഇവിടെ തിരുവനന്തപുരം, കുളത്തൂപ്പുഴ ബസുകൾക്ക് സ്‌റ്റോപ്പും ഫെയർസ്‌റ്റേജും അനുവദിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ ഭാഗത്തുള്ള കെഎസ്‌ഇബി പോസ്‌റ്റ് മാറ്റാൻ കോർപറേഷൻ നടപടി സ്വീകരിക്കണം. ജനപ്രതിനിധികളുടെ ഇടപെടലിലൂടെ കാത്തിരിപ്പുകേന്ദ്രം നിർമിക്കാം.
വടക്കുനിന്നു ഫാസ്റ്റ് പാസഞ്ചറിലോ സൂപ്പർ ഫാസ്റ്റിലോ വരുന്ന യാത്രക്കാർ ചിന്നക്കടയിൽ എത്താൻ കലക്ടറേറ്റിലോ കൊല്ലം ഡിപ്പോയിലോ ഇറങ്ങി സിറ്റി ബസിൽ കയറേണ്ട സാഹചര്യവുമുണ്ട്. ഇല്ലെങ്കിൽ ഓട്ടോ പിടിക്കണം. കൊല്ലം ഡിപ്പോ കഴിഞ്ഞാൽ സ്റ്റോപ്പുള്ളത് റെയിൽവേ സ്റ്റേഷൻ ജങ്‌ഷനിലാണ്. അതിന് പള്ളിമുക്ക് ഫെയർസ്റ്റേജ് ചാർജ്‌നൽകണം.
ബസ് ഷെൾട്ടർ സൗകര്യം ഒരുക്കും: മേയർ
തിരുവനന്തപുരത്തേക്കുള്ള ബസുകൾക്ക് ചിന്നക്കടയിൽ സ്റ്റോപ്പും ഫെയർസ്‌റ്റേജും അനുവദിക്കാൻ കെഎസ്‌ആർടിസി തീരുമാനിച്ചാൽ ബസ് ഷെൾട്ടറും മറ്റ് സൗകര്യങ്ങളും കോർപറേഷൻ ഒരുക്കുമെന്ന് മേയർ പ്രസന്ന ഏണസ്‌റ്റ് പറഞ്ഞു. ഇതു സംബന്ധിച്ച് പ്രൊപ്പോസൽ കെഎസ്‌ആർടിസി കോർപറേഷന് നൽകണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..