03 August Monday

റമ്പമ്പോ... റംബൂട്ടാൻ

സ്വന്തം ലേഖകന്‍Updated: Monday Jun 29, 2020

ദേശീയപാതയിൽ ചവറ ടൈറ്റാനിയം ജങ്‌ഷനിൽ വിൽപ്പനയ്‌ക്ക്‌ എത്തിച്ച റംബൂട്ടാൻ പഴങ്ങൾ

ചവറ
ദേശീയപാതയോരങ്ങളിലായി കൊതിയൂറും റംബൂട്ടാൻ കച്ചവടം തകൃതി. ‘പഴങ്ങളിലെ രാജകുമാരി' എന്നും ‘ദേവതകളുടെ ഭക്ഷണം' എന്നും വിശേഷിക്കപ്പെടുന്ന റംബൂട്ടാൻ സ്വാദിഷ്ടവും പോഷക സമ്പുഷ്ടവുമാണ്‌. പത്തനംതിട്ട, കോന്നി ഭാഗങ്ങളിൽനിന്നാണ്‌ കൊല്ലത്തേക്ക്‌ റംബൂട്ടാൻ എത്തുന്നത്‌.
വരിക്കയെന്നറിയപ്പെടുന്ന മുന്തിയ ഇനത്തിന് കിലോയ്‌ക്ക്‌ ഇരുന്നൂറും മറ്റുള്ളവയ്‌ക്ക്‌ 160 രൂപയുമാണ്‌ വില. കേരളത്തിലെ പഴവർഗ കൃഷിയിൽ പുതുചലനം ഉണ്ടാക്കിയ ഇത്‌ വരുമാനവും ആരോഗ്യവും പ്രദാനം ചെയ്യുന്ന പഴങ്ങളുടെ പട്ടികയിൽ മുന്നിലാണ്. ആകർഷകവും വർണവിന്യാസവുമുള്ള ഇവ തൊടികൾക്ക് ചാരുതയും  കർഷകർക്ക് മികച്ച വരുമാനവും നൽകിവരുന്നു. 
നല്ല നീർവാഴ്‌ച്ചയുള്ള ധാരാളം ജൈവാംശമുള്ള ഏതുതരം മണ്ണിലും നന്നായി വളരുമെന്ന്‌ കർഷകനായ പന്മന നെറ്റിയാട്ടെ അബ്ദുൽറഹ്‌മാൻ കുഞ്ഞ്‌ പറഞ്ഞു. ജൂൺ മുതൽ നവംബർ വരെയുള്ള മഴക്കാലമാണ് കൃഷിക്ക്‌ പറ്റിയത്‌. അൽപ്പം ചരിവുള്ള സ്ഥലമാണ്‌ നല്ലത്‌. മൂന്നടി നീളത്തിലും വീതിയിലും താഴ്ചയിലും ഉള്ള കുഴികളിൽ 15 മുതൽ 20 അടി വരെ അകലത്തിൽ റംബൂട്ടാൻ കൃഷിചെയ്യാം. 
കുഴികളിൽ മുക്കാൽ ഭാഗത്തോളം മേൽമണ്ണ്, ചാണകപ്പൊടി, മണ്ണിര കമ്പോസ്റ്റ്‌, എല്ലുപൊടി, റോക്ക് ഫോസ്ഫേറ്റ്, വേപ്പിൻ പിണ്ണാക്ക് എന്നിവകൊണ്ട് കുഴികൾ നിറച്ച് തൈ നടാം. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top