11 August Tuesday

കോവിഡ്‌: പുനലൂരിൽ 140 പേരുടെ സ്രവം പരിശോധനയ്ക്കയച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jun 29, 2020
പുനലൂർ
അറസ്റ്റിലായ വ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പുനലൂരിൽ 140 പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. പുനലൂർ, തെന്മല സ്റ്റേഷനിലെയും ആര്യങ്കാവ് ഔട്ട് പോസ്റ്റിൽ വാഹനപരിശോധന നടത്തുന്ന 75 പൊലീസുകാരുടെയും ഉൾപ്പെടെയുള്ള‌ സ്രവമാണ് പരിശോധനയ്ക്കയച്ചത്. 
വ്യാപാരിയുമായി സമ്പർക്കം പുലർത്തിയെന്ന് സംശയിക്കുന്ന പുനലൂർ ടൗണിലെ 65 കച്ചവടക്കാരുടെയും സ്രവം പരിശോധനയ്ക്ക് നൽകിയതായി താലൂക്കാശുപത്രി സൂപ്രണ്ട് ആർ ഷാഹിർഷ അറിയിച്ചു. വ്യാപാരിയുടെ ഭാര്യ ഉൾപ്പെടെയുള്ള ബന്ധുക്കളുടെയും സമ്പർക്കപ്പട്ടികയിലുള്ള 160 പേരുടെയും സ്രവം മൂന്നു ദിവസം മുമ്പ് ശേഖരിച്ചിരുന്നു. 
ഇതിൽ വ്യാപാരിയുടെ 34കാരനായ മകന് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചു. ഇയാൾ പാരിപ്പള്ളി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലാണ്. 19ന് പുനലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തെ കടയിൽ നിന്നാണ് പാൻമസാലയുമായി 64കാരനായ വ്യാപാരിയെ പുനലൂർ പൊലീസ് പിടികൂടിയത്. സ്റ്റേഷനിൽ എത്തിച്ച പ്രതിയെ അടുത്ത ദിവസം കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്യാനായി നടത്തിയ സ്രവ പരിശോധനയിലാണ്‌ കോവിഡ് സ്ഥിരീകരിച്ചത്. 
തുടർന്ന്‌ പൂനലൂർ സിഐ അടക്കം 16 പൊലീസുകാർ ക്വാറന്റൈനിൽപോയി. മുനിസിപ്പാലിറ്റിയിലെ ചാലക്കോട്, ചെമ്മന്തൂർ, നെടുങ്കയം, മുസാവരി, ടൗൺ എന്നീ വാർഡുകളെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കുകയും ചെയ്‌തു. കല്ലാർ വാർഡിനെ നേരത്തെ കണ്ടെയ്ൻമെന്റിൽ ഉൾപ്പെടുത്തിയിരുന്നു. 
വ്യാപാരിക്ക് രോഗം സ്ഥിരീകരിച്ചതു മുതൽ 14 ദിവസത്തേക്കാണ് കണ്ടെയ്ന്‍മെന്റ്‌ സോണായി പ്രഖ്യാപിച്ചിരുന്നത്. ഇയാളുടെ മകന് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചതോടെ 14 ദിവസത്തേക്കുകൂടി അടച്ചുപൂട്ടൽ നീളുമെന്ന്‌ പുനലൂർ ആർഡിഒ ബി ശശികുമാർ 
അറിയിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top