11 July Saturday

പലചരക്ക് കടയിലെത്തി വയോധികയുടെ മാല പൊട്ടിച്ചയാൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020

ദിനേശ്ബാബു

കൊട്ടിയം 
ഡീസന്റ് ജങ്‌ഷനിൽ പലചരക്ക് കട നടത്തുന്ന വയോധികയുടെ മാലപൊട്ടിച്ചു കടന്നയാളെ കൊട്ടിയം പൊലീസ്‌ അറസ്റ്റ്ചെയ്‌തു. ചെന്താപ്പൂര് ശങ്കർ നിവാസിൽ ദിനേശ്ബാബു (42)ആണ്‌ പിടിയിലായത്‌. കടയിൽ സാധനം വാങ്ങാനെന്ന വ്യാജേനെയെത്തിയ പ്രതി മാല പൊട്ടിച്ചതിനു ശേഷം സ്കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിയാൻ ശ്രമിച്ചുവെങ്കിലും വ്യാജ നമ്പർ പതിച്ച സ്കൂട്ടറായതിനാൽ വാഹനം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഡിയോ ഇനത്തിൽ രജിസ്റ്റർ ചെയ്ത ആയിരക്കണക്കിനു വാഹനങ്ങളുടെ വിശദാംശങ്ങൾ പരിശോധിച്ചാണ്‌ പൊലീസ് പ്രതിയെ പിടികൂടിയത്. ആഴ്ചകളോളം നിരീക്ഷണം നടത്തിയ ശേഷമാണ്  കൃത്യം നടത്തിയതെന്നും പരവൂർ, കൊല്ലം ഈസ്റ്റ്, ബീച്ച് റോഡ്, പുളിയത്ത്മുക്ക് എന്നിവിടങ്ങളിലെ കടകളിൽനിന്ന് മൊബൈൽ ഫോണുകൾ മോഷ്ടിച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലിൽ ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി.  ഉമയനല്ലൂരിൽ നിന്ന് മോഷ്ടിച്ച സ്കൂട്ടറായിരുന്നു നമ്പർമാറ്റി മോഷണത്തിന്‌ ഉപയോഗിച്ചിരുന്നത്. കൊട്ടിയം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദിലീഷ്, സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ജയകുമാർ, സബ് ഇൻസ്പെക്ടർമാരായ അനിൽകുമാർ, സുരേന്ദ്രൻ, ഡാൻസാഫ് ടീമംഗങ്ങളായ ബൈജു പി ജെറോം, മനു, സജു, സീനു, റിപു, രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രധാന വാർത്തകൾ
 Top