സ്വന്തം ലേഖകൻ
കുന്നിക്കോട്
സമീപത്തേക്ക് ഓടിയടുത്ത പൂച്ചയെ കണ്ട് ആന വിരണ്ടോടിയത് അഞ്ചു കിലോമീറ്റർ. വെട്ടിക്കവല മഹാക്ഷേത്രത്തിൽ പൊങ്കാല ഉത്സവത്തോട് അനുബന്ധിച്ച് എഴുന്നള്ളത്തിന് എത്തിച്ച നെടുമൺകാവ് ക്ഷേത്രത്തിലെ മണികണ്ഠൻ എന്ന ആനയാണ് നാട്ടുകാരെ മുൾമുനയിൽ നിർത്തിയത്. വെള്ളിയാഴ്ച പകൽ രണ്ടിന് ക്ഷേത്ര പരിസരത്തുനിന്ന് ചങ്ങല പൊട്ടിച്ച് ഓടിയ ആനയെ കക്കാട് ജോർജുകുട്ടിയുടെ റബർ തോട്ടത്തിൽ വച്ച് എലിഫന്റ് സ്ക്വാഡ് വൈകിട്ട് അഞ്ചിനു തളച്ചു.
നിരവധി വാഹനങ്ങൾ പാതയോരത്ത് പാർക്ക് ചെയ്തിരുന്നെങ്കിലും നാശനഷ്ടം വരുത്തിയില്ല. വിരണ്ട ആന ചിരട്ടക്കോണം, പനവേലി എം സി റോഡിൽ എത്തിയതോടെ നാട്ടുകാർ പരിഭ്രാന്തരായി. ആയൂർ -–- കൊട്ടാരക്കര റോഡിൽ രണ്ടു മണിക്കൂർ ഗതാഗതം നിർത്തിവയ്പ്പിച്ചു. ഇവിടെവച്ച് ആനയെ പാപ്പാൻന്മാർ അനുനയിപ്പിച്ച് വരുതിയിലാക്കാൻ ശ്രമം തുടങ്ങി. പഴക്കുലയും ശർക്കരയും ഓലയും നൽകി ആകർഷിപ്പിച്ച ആനയുടെ ശ്രദ്ധ കക്കാട് –- ഇരണൂർ ഇടറോഡിലേക്കായി. ഇവിടെ നിന്നാണ് റബർ തോട്ടത്തിലേക്ക് ആന ഇറങ്ങിയത്. ഇതോടെ എലിഫന്റ് സ്ക്വാഡ് കൂച്ചു വിലങ്ങിൽ ആനയെ തളച്ചു. പത്തനാപുരം, പുനലൂർ എന്നിവിടങ്ങളിൽനിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും എത്തിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..