11 August Tuesday

പാമ്പിൻ വിഷം കടത്തുന്ന സംഘങ്ങൾക്ക്‌ സുരേഷ് പാമ്പുകളെ കൈമാറി

സ്വന്തം ലേഖകന്‍Updated: Saturday Jun 27, 2020
കൊല്ലം 
ഉത്ര വധക്കേസിലെ രണ്ടാംപ്രതി സുരേഷ് പിടികൂടിയ പാമ്പുകളെക്കുറിച്ച്‌ വനംവകുപ്പിന്റെ‌ അന്വേഷണം പുരോഗമിക്കുന്നു. വന്യജീവികളായ പാമ്പുകളെ പ്രതികൾ ദുരുപയോഗം ചെയ്‌തെന്ന കേസിലാണ്‌ വനം വകുപ്പിന്റെ അന്വേഷണം. സംസ്ഥാനത്ത്‌ വിവിധ ഭാഗങ്ങളിൽനിന്ന്‌ സുരേഷ് ഇതിനകം ഇരുനൂറോളം പാമ്പുകളെ പിടിച്ചിട്ടുണ്ടെന്നാണ്‌ അന്വേഷകസംഘം കണ്ടെത്തിയത്‌. അതിലേറെയും  പാമ്പിൻവിഷം കച്ചവടം ചെയ്യുന്ന സംഘങ്ങൾക്ക്‌  കൈമാറിയതിന്റെ വ്യക്തമായ സൂചനകളും ലഭിച്ചു. 
പാമ്പിൻ കുഞ്ഞുങ്ങളെ ലഹരിക്കായി ദുരുപയോഗം ചെയ്യുന്ന അന്തർസംസ്ഥാന ലോബികളുമായി  ഇയാൾക്ക് ബന്ധമുണ്ടെന്നാണ് വിവരം. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുന്നതായി  അഞ്ചൽ റേഞ്ച് ഫോറസ്റ്റ്ഓഫീസർ ബി ആർ  ജയൻ പറഞ്ഞു. ആറ്റിങ്ങൽ ആലംകോട്ടുനിന്ന്‌ സുരേഷ് പിടികൂടിയ മൂർഖനൊപ്പം  ലഭിച്ച മുട്ടകൾ വിരിയിച്ച് കുഞ്ഞുങ്ങളെ മയക്കുമരുന്ന് ലോബിക്ക് കൈമാറിയെന്ന വിവരവും അന്വേഷക സംഘത്തിനു ലഭിച്ചിട്ടുണ്ട്. 
പാമ്പിൻ കുഞ്ഞുങ്ങളെ ഇത്തിക്കരയാറിനു  സമീപം ആളൊഴിഞ്ഞ പറമ്പിൽ തുറന്നുവിട്ടെന്നായിരുന്നു  സുരേഷിന്റെ ആദ്യത്തെ മൊഴി. പാമ്പിൻവിഷം കടത്തുന്ന‌ സംഘങ്ങളുടെയും പാമ്പിൻ കുഞ്ഞുങ്ങളെ ലഹരിക്കായി ഉപയോഗിക്കുന്ന അന്താരാഷ്ട്ര ലോബികളുടെയും കേരളത്തിലെ കണ്ണികളുമായി സുരേഷിന്‌ അടുത്ത ബന്ധമുണ്ടെന്നാണ്‌ അന്വേഷകസംഘം കരുതുന്നത്. ഇയാളുമായി ബന്ധമുള്ള എല്ലാവരുടെയും വിവരം ശേഖരിച്ചുവരുന്നു. കേസിലെ  ഒന്നാംപ്രതി സൂരജിന്‌ മയക്കുമരുന്നുലോബികളുമായി ബന്ധമുണ്ടോയെന്നതും അന്വേഷിക്കുന്നു. പാമ്പുപിടിത്തക്കാരുമായി ഇരുവർക്കുമുള്ള ബന്ധങ്ങളും അന്വേഷണ പരിധിയിലാണ്‌.  
വീട്ടിൽ അണലിയെ സൂക്ഷിച്ചതിന് രജിസ്റ്റർ ചെയ്ത മൂന്നാമത്തെ കേസിൽ സുരേഷിന്റെ  അറസ്റ്റ്‌ 30നു രേഖപ്പെടുത്തും. പ്രതികളെ  വീണ്ടും കസ്റ്റഡിയിൽ വാങ്ങും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top