24 April Wednesday
ഉൽപ്പാദനം ഇരട്ടിയാക്കുക ലക്ഷ്യം.

മത്സ്യോൽപ്പാദനത്തിൽ നേട്ടം കൊയ്യാൻ ഫിഷറീസ് വകുപ്പ‌് ഹാച്ചറികൾ

സുരേഷ‌് വെട്ടുകാട്ട‌്Updated: Wednesday Jun 27, 2018

ആയിരംതെങ്ങിൽ നിർമിച്ചിരിക്കുന്ന ഹാർച്ചറി

 
കരുനാഗപ്പള്ളി 
 വിഷലിപ്തമായ മത്സ്യം കഴിക്കേണ്ടിവരുന്ന മലയാളിക്കു മുന്നിൽ ബദൽ വികസന മാതൃകയുമായി ഫിഷറീസ് വകുപ്പ്. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലായി പ്രവർത്തിക്കുന്ന മത്സ്യ ഉൽപ്പാദന കേന്ദ്രങ്ങളിലൂടെയാണ് മത്സ്യ ഉൽപ്പാദനത്തിൽ നേട്ടം കൊയ്യാൻ ഫിഷറീസ് വകുപ്പ് ഒരുങ്ങുന്നത്. ഈ രംഗത്തെ പ്രധാന സ്ഥാപനമാണ് ആധുനിക രീതിയിൽ ആയിരംതെങ്ങിൽ നിർമിച്ചിരിക്കുന്ന ഹാർച്ചറി. മത്സ്യക്കുഞ്ഞുങ്ങളുടെ ഉൽപ്പാദനത്തിനൊപ്പം ഓരുമത്സ്യക്കൃഷിയും ഇവിടെ നടക്കുന്നു. 36 ഏക്കറോളം വരുന്ന സ്ഥലത്താണ് ഹാർച്ചറി സ്ഥിതി ചെയ്യുന്നത്. ആധുനിക രീതിയിലാണ് ഇതിന്റെ നിർമാണം. കരിമീൻ, പൂമീൻ, തിരുത, കണമ്പ്, ഞണ്ട്, കൊഞ്ച് എന്നിവയും മറൈൻ ഫിഷ് ഇനത്തിൽപ്പെട്ട പൊമ്പാ നോ, സീബാസ്, കോമ്പിയ എന്നിവയും വളർത്തി വിപണിയിലെത്തിക്കുന്നു. എല്ലാ ചൊവ്വാഴ്ചയും കുളങ്ങളിൽനിന്നു വിളവെടുക്കും. കൂടാതെ കരിമീൻ കുഞ്ഞുങ്ങളെയും പൂമീൻ കുഞ്ഞുങ്ങളെയും വളർത്തി വിതരണം ചെയ്യും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന മുറയ്ക്ക് കർഷകർക്ക് ഇവ നൽകുകയാണ് ചെയ്യുന്നത്. ഒരു വർഷം കൊണ്ട് മൂന്നുലക്ഷം കരിമീൻ കുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി തള്ള മത്സ്യങ്ങളെ വളർത്തുന്നതിനും പ്രത്യേക പോണ്ടുകൾ തയ്യാറാക്കിയിട്ടുണ്ട്. കൊല്ലം ജില്ലയിൽ തേവള്ളി, കുളത്തൂപ്പുഴ, ശാസ്താംകോട്ട എന്നിവിടങ്ങളിലും ഹാർച്ചറികൾ പ്രവർത്തിക്കുന്നു. 
അന്യസംസ്ഥാനങ്ങളിൽനിന്നു ലഭിക്കുന്ന ഗുണമേന്മ കുറഞ്ഞ വിത്തുകൾക്കു പകരമാണ് ഫിഷറീസ് വകുപ്പിന്റെ  ഹാച്ചറികളിൽ വിത്തുൽപ്പാദനം ഊർജിതമാക്കിയത്. ഇതോടെ  25 വർഷത്തെ ഉൽപ്പാദനം രണ്ടുവർഷം കൊണ്ട് സാധ്യമായി. കൂടാതെ പന്ത്രണ്ടരക്കോടി മത്സ്യക്കുഞ്ഞുങ്ങളെ പൊതുജലാശയങ്ങളിൽ നിക്ഷേപിക്കുന്ന പദ്ധതിക്കും സർക്കാർ തുടക്കം കുറിച്ചു കഴിഞ്ഞു. മത്സ്യലഭ്യത ഇരട്ടിയാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.
 മത്സ്യത്തൊഴിലാളികളുടെ ഗ്രൂപ്പുകൾ ഉണ്ടാക്കി അവർക്കായി നടപ്പാക്കിയ കൂട് മത്സ്യക്കൃഷിയും വൻ വിജയമായിരുന്നു. കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായലിലാണ് ഇത് നടപ്പാക്കിയത്. സംസ്ഥാനത്ത് കൊടുങ്ങല്ലൂരിൽ നടപ്പാക്കിയ പദ്ധതിയുടെ വിജയകരമായ അനുഭവത്തിൽനിന്നാണ് ഈ പദ്ധതി ഏറ്റെടുത്തത്. അനുകൂലമായ മൺസൂൺ കാലാവസ്ഥ മത്സ്യ ഉൽപ്പാദനത്തിന് ഇത്തവണ ഏറെ സഹായകമായി മാറുമെന്നാണ് പ്രതീക്ഷ.  വിഷം കലർന്ന മത്സ്യങ്ങൾ വിപണി കീഴടക്കിയതോടെ ഫിഷറീസ് വകുപ്പിന്റെ ചുവടുവയ്പ് ഏറെ പ്രസക്തമായിരിക്കുകയാണ്. മത്സ്യക്കൃഷി പ്രോത്സാഹനം
മത്സ്യക്കൃഷി വൻതോതിൽ പ്രോത്സാഹിപ്പിക്കുക എന്നതും സർക്കാർ ആലോചിക്കുകയാണ്. ഇതിന്റെ ഭാഗമായി അഴീക്കൽ ഹാർബറിനു സമീപം മത്സ്യത്തീറ്റ ഫാക്ടറി യാഥാർഥ്യമാക്കാൻ  ലക്ഷ്യമിടുന്നു. മത്സ്യകർഷക ഏജൻസി, എഫ്എഫ്ഡിഎ, അഡാക്ക്, തദ്ദേശസ്ഥാപനങ്ങൾ എന്നിവയുടെ സഹായത്തോടെ കർഷകർക്കായി ശാസ്ത്രീയ മത്സ്യക്കൃകൃഷിയിൽ പരിശീലനവും നൽകും. ഇതിനായി ആധുനിക ട്രെയ‌്നിങ‌് സെന്ററാണ് ആയിരംതെങ്ങ് ഫിഷ് ഫാമിനോടു ചേർന്ന് തയ്യാറാക്കിയിരിക്കുന്നത്. ആലുവയിലെ കടുങ്ങല്ലൂരിലും പരിശീലനകേന്ദ്രം സജീവമായി പ്രവർത്തിക്കുന്നു. കർഷകർക്ക് സബ്സിഡി, ബാങ്ക് ലോൺ, വിത്ത്, തീറ്റ എന്നിവയും ലഭ്യമാക്കുന്നു.
അശാസ്ത്രീയ മീൻപിടിത്തം തടയണം
ആഭ്യന്തര മത്സ്യസമ്പത്തിന്റെ തകർച്ചയ്ക്കു കാരണമായ അശാസ്ത്രീയമായ മീൻപിടിത്ത രീതികൾ നിരുത്സാഹപ്പെടുത്തേണ്ടതും തടയേണ്ടതുമാണ്. അംഗീകാരമില്ലാത്ത വലകൾ, ഏറ്റം കെട്ട്, തൂപ്പും പടലും, വിഷം കലക്കൽ തുടങ്ങിയ മാർഗങ്ങളിലെ മീൻപിടിത്തം മത്സ്യസമ്പത്തിന്റെ നാശത്തിന് വഴിവയ‌്ക്കുന്നു.
ആഭ്യന്തര ഉപഭോഗം
നിലവിൽ നമ്മുടെ ആഭ്യന്തര മത്സ്യ ഉപഭോഗം ഒമ്പതു ലക്ഷം ടണ്ണാണ്. ഇതിൽ ആറുലക്ഷം ടൺ മാത്രമാണ് കടലിൽനിന്നു ലഭിക്കുന്നത്. ബാക്കിയുള്ള കുറവിനെ ആഭ്യന്തര ഉൽപ്പാദനത്തിലൂടെ നികത്താനാവും. ട്രോളിങ‌് നിരോധനം പോലുള്ള സമയങ്ങളിലെ ലഭ്യതക്കുറവും പരിഹരിക്കാനാകും. മത്സ്യത്തൊഴിലാളികളും പൊതുസമൂഹവും ശാസ്ത്രസമൂഹവും സഹകരിച്ചാൽ ഇത് യാഥാർഥ്യമാക്കാനാകും. ജലാശയങ്ങളുടെ സംരക്ഷണവും പ്രധാനമാണ്. കടലിനെ പ്ലാസ്റ്റിക‌് മുക്തമാക്കാൻ ഫിഷറീസ് വകുപ്പ് ഈ രംഗത്ത് നടത്തിയ ഇടപെടലും അഷ്ടമുടിക്കായലിലെ കക്കാവാരൽ തൊഴിലാളി യൂണിയനിലെ സി ഐ ടി യു തൊഴിലാളികൾ നടത്തിയ പ്ലാസ്റ്റിക് വാരി മാറ്റിയ പ്രവർത്തനവും ശ്രദ്ധേയമായിരുന്നു.
പ്രധാന വാർത്തകൾ
 Top