21 October Thursday
ഭരണിക്കാവ്‌–-ടൈറ്റാനിയം ദേശീയപാത

ജനപ്രതിനിധികളുടെ 
യോഗം വീണ്ടും

സ്വന്തം ലേഖകൻUpdated: Sunday Sep 26, 2021

ഭരണിക്കാവ്‌–-ടൈറ്റാനിയം ദേശീയപാത 183 എ അലൈൻമെന്റ്‌ രൂപരേഖ

കൊല്ലം
ദേശീയപാത 183 എ ഭരണിക്കാവ്‌ മുതൽ ചവറ ടൈറ്റാനിയം ജങ്‌ഷൻവരെ ദീർഘിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ ചർച്ചയ്‌ക്കായി ജനപ്രതിനിധികളുടെ യോഗം അടുത്തയാഴ്‌ച വീണ്ടുംചേരും. അലൈൻമെന്റ്‌ ചർച്ചക്കായി കഴിഞ്ഞദിവസം ജില്ലാ വികസന കമീഷണർ ആസിഫ്‌ കെ യൂസഫിന്റെ അധ്യക്ഷതയിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നിരുന്നു. 
ഭരണിക്കാവ്‌, ശാസ്‌താംകോട്ട, ആഞ്ഞിലിമൂട്‌, കാരാളിമുക്ക്‌, പടപ്പനാൽ, ചേന്നങ്കരമുക്ക്‌, പുത്തൻചന്ത ജങ്‌ഷനുകളുടെ വികസനം എങ്ങനെ ആയിരിക്കണമെന്നതിൽ അന്തിമതീരുമാനം യോഗത്തിൽ ഉണ്ടായില്ല. വ്യക്തതക്കായി കൺസൾട്ടന്റ്‌ ഏജൻസികളെ കൂടി പങ്കെടുപ്പിച്ച്‌ യോഗം ചേരണമെന്ന്‌ ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. ഇതുപ്രകാരം അടുത്തയോഗത്തിൽ ഭരണിക്കാവ്‌ മുതൽ ടൈറ്റാനിയം വരെ അലൈൻമെന്റ്‌ തയാറാക്കിയ കൊച്ചി കിറ്റ്‌കോ, ഭരണിക്കാവ്‌ മുതൽ വണ്ടിപ്പെരിയാർവരെ അലൈൻമെന്റ്‌ തയ്യാറാക്കിയ മുംബൈ ശ്രീകണ്‌ഠേ ഏജൻസി പ്രതിനിധികളെയും ഈ യോഗത്തിൽ പങ്കെടുപ്പിക്കും. ഭരണിക്കാവ്‌ ജങ്‌ഷൻ വികസനത്തിന്‌ മേൽപ്പാലം, അടിപ്പാത, റൗണ്ട്‌ എബൗട്ട്‌ എന്നിവയിൽ ഒന്ന്‌ നിർമിക്കും. ശാസ്‌താംകോട്ടയിൽ വീതിയുള്ളതിനാൽ വികസനത്തിന്‌ തടസ്സമില്ല. നാല്‌ പ്രധാന റോഡുകളുടെ സംഗമ കേന്ദ്രമായ ആഞ്ഞിലിമൂട്ടിൽ വികസനം  പ്രതിസന്ധിയാകും.  
കാരാളിമുക്ക്‌ ജങ്‌ഷന്‌ വലിയ മാറ്റം ഉണ്ടാവില്ല. പകരം ഒരു റെയിൽവേ മേൽപ്പാലം കൂടി നിർമിച്ച്‌ ഇടതുവശത്തായി റോഡ്‌ യാഥാർഥ്യമാക്കും. പടപ്പനാലിൽ മേൽപ്പാലം ഉണ്ടാവില്ല. പകരം ജങ്‌ഷനിലെ വളവ്‌ ഒഴിവാക്കി റോഡ്‌ നിവർത്തുന്നതാണ്‌ പുതിയ അലൈൻമെന്റ്‌. ചേന്നങ്കരമുക്ക്‌, പുത്തൻചന്ത എന്നിവിടങ്ങളിലും പാത വികസിപ്പിക്കും.
 
17 കിലോമീറ്റർ, 250 കോടി ചെലവ്‌
17 കിലോമീറ്ററുള്ള നിർദിഷ്ട പാതയുടെ വീതി 16 മീറ്ററാവും. 12 മീറ്ററാണ്‌ ടാറിങ്‌. 250 കോടിയാണ്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. അലൈൻമെന്റ്‌ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അംഗീകാരിച്ചാൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ത്രി എ വിജ്ഞാപനവും പിന്നാലെ ഉണ്ടാവും. ശബരിമല പാതയായി വികസിപ്പിക്കുന്ന ഭരണിക്കാവ്‌–-വണ്ടിപ്പെരിയാർ ദേശീയപാതയാണ്‌ ടൈറ്റാനിയം വരെ നീട്ടുന്നത്‌. അതിനിടെ  ഭരണിക്കാവ്‌–-വണ്ടിപ്പെയാർ പാതയിൽ കൊല്ലം ജില്ലയിൽ വരുന്ന ഭരണിക്കാവ്‌ മുതൽ ഏഴാംമൈൽ വരെ അഞ്ച്‌ കിലോമീറ്റർ ഭാഗത്തെ അലൈമെന്റും യോഗത്തിൽ പരിശോധിച്ചു. എംപിമാരായ കെ സോമപ്രസാദ്‌, എൻ കെ പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്‌, എംഎൽഎമാരായ കോവൂർ കുഞ്ഞുമോൻ, സുജിത്ത്‌ വിജയൻപിള്ള, ദേശീയപാത ദക്ഷിണമേഖല സൂപ്രണ്ടിങ്‌ എൻജിനിയർ ഉണ്ണിക്കൃഷ്‌ണൻ, പിഡബ്ലൂഡി ദേശീയപാത കൊല്ലം എക്‌സിക്യൂട്ടീവ്‌ എൻജിനിയർ കെ എ ജയ, ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ്‌ എൻജിനിയർ ഷീജാ തോമസ്‌, കൊല്ലം ബൈപാസ്‌ സബ്‌ ഡിവിഷൻ അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എൻജിനിയർ ജി എസ്‌ ജ്യോതി, അസിസ്റ്റന്റ്‌ എൻജിനിയർ അനുപ്രിയ, പിഡബ്ല്യുഡി കൊട്ടാരക്കര സെക്‌ഷൻ അസിസ്റ്റന്റ്‌ എൻജിനിയർ കീർത്തി, കെഎസ്‌ഇബി, ജല അതോറിറ്റി, ബിഎസ്‌എൻഎൽ, മലിനീകരണ നിയന്ത്രണ ബോർഡ്‌ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top