കൊല്ലം
നുണകൾ പടച്ചുവിട്ട് അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ തെറ്റിദ്ധരിപ്പിച്ചു തെരുവിലിറക്കി വൃത്തികെട്ട രാഷ്ട്രീയ നാടകമാണ് പ്രതിപക്ഷവും ബിജെപിയും നടത്തുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം പറഞ്ഞു. "കള്ളം പറയുന്ന പ്രതിപക്ഷം സത്യംപറയുന്ന പിഎസ്സി കണക്കുകൾ’ എന്ന മുദ്രവാക്യം ഉയർത്തി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യുവജനസംഗമം ചിന്നക്കടയിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
കേരള ചരിത്രത്തിൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതിൽ റെക്കോഡിട്ട സർക്കാരാണിത്. സമസ്ത മേഖലയിലും ഉണ്ടായ വികസനം അതിനുകാരണമാണ്. റോഡ്, വിദ്യാലയങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വികസിക്കുമ്പോൾ അതിന് ആനുപാതികമായി തൊഴിലവസരങ്ങളും ഇരട്ടിയാകും.
ചർച്ചചെയ്ത് അവസാനിപ്പിക്കാവുന്ന സമരം ഇത്രയധികം നീണ്ടതിനു പിന്നിൽ കോൺഗ്രസും കോൺഗ്രസിന്റെ ബി ടീമായി പ്രവർത്തിക്കുന്ന ബിജെപിയുടെയും രാഷ്ട്രീയ അജൻഡ ആണ്. സമരപ്പന്തലിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും രാഹുൽ ഗാന്ധിയെയും എത്തിച്ചു രാഷ്ട്രീയലാഭം കൊയ്യാനാണ് ഇക്കൂട്ടരുടെ ലക്ഷ്യം. അതിനായാണ് ബാഹ്യഇടപെടലുണ്ടായതെന്നും സമരം നീട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് ആയിരത്തോളം യുവാക്കൾ ജാഥയായി എത്തിയാണ് സംഗമം സംഘടിപ്പിച്ചത്. ജില്ലാ പ്രസിഡന്റ് ശ്യാം മോഹൻ അധ്യക്ഷനായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി ചിന്താ ജെറോം, ജില്ലാ ട്രഷറർ കെ പ്രദീപ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ എസ് ബിനു, എൽ അനിത, ജില്ലാ ജോയിന്റ് സെക്രട്ടറി പി കെ സുധീർ എന്നിവർ സംസാരിച്ചു. സെക്രട്ടറി എസ് ആർ അരുൺബാബു സ്വാഗതവും ബ്ലോക്ക് സെക്രട്ടറി നാസിമുദീൻ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..