17 May Tuesday

വീട്ടിലുള്ള രോ​ഗികള്‍ക്ക് കരുതൽ

സ്വന്തം ലേഖകൻUpdated: Wednesday Jan 26, 2022

തേവള്ളി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച കോവിഡ് വാക്സിനേഷൻ ക്യാമ്പിൽ രജിസ്ട്രേഷനായി കാത്തുനിൽക്കുന്ന വിദ്യാർഥികൾ

കൊല്ലം
പ്രതിദിന കോവിഡ് രോ​ഗികളുടെ എണ്ണം 4000 കടന്നതോടെ ഹോം കെയര്‍ ശക്തമാക്കാൻ ആരോ​ഗ്യവകുപ്പ് തീരുമാനം. ജില്ലയിലെ കോവിഡ് രോ​ഗികളിൽ 95 ശതമാനം പേരും വീടുകളിലാണ് കഴിയുന്നത്. ഇവരുടെ ആരോ​ഗ്യനില കൃത്യമായി പിന്തുടർന്ന് കൂടുതൽ മെച്ചപ്പെട്ട പരിചരണം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
ഇവ ശ്രദ്ധിക്കുക
വീട്ടിൽ കഴിയുന്ന രോ​ഗികൾക്ക് മൂന്നു ദിവസമായി 100 ഡി​ഗ്രിയിലേറെ പനി നിൽക്കുക, ഓക്സിജൻ സാച്ചുറേഷൻ ലെവൽ 93ൽ താഴെ പോകുക, റെസ്പിറേറ്ററി റേറ്റ് ഒരു മിനിറ്റിൽ 24ന് മുകളിൽ പോകുക,  കടുത്ത ക്ഷീണം, മാംസപേശികളിൽ വേദന, നെഞ്ചുവേദന, നെഞ്ചിടിപ്പ് കൂടുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോ​ഗ്യപ്രവർത്തകരെ അറിയിക്കണം. ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റും. മരണത്തിലേക്കെത്താകുന്ന ​ഗുരുതര സാഹചര്യം ഒഴിവാക്കാനാണിത്. എൻഎസ്എസ് വളന്റിയർമാരുടെ സേവനം ഉപയോ​ഗപ്പെടുത്തും. നിലവിൽ 4.7 ശതമാനമാണ് ആശുപത്രി വാസം വേണ്ടിവരുന്നത്. ഐസിയു ആവശ്യമുള്ള രോ​ഗികൾ ഒരു ശതമാനം. കോവിഡ് ബാധിച്ച്  48 രോ​ഗികളാണ് ജില്ലയിൽ ഐസിയുവിലുള്ളത്.
30 ശതമാനം ബെഡ് 
നീക്കിവയ്ക്കും
പ്രധാന ആശുപത്രികളിലെല്ലാം 10 കിടക്കകൾ വീതം തുടങ്ങിയിട്ടുണ്ട്. ബി കാറ്റ​ഗറി ആയതിനാൽ ആശുപത്രികളിലെ 30 ശതമാനം ബെഡുകൾ കോവിഡിന് വേണ്ടി മാത്രമായി മാറ്റിവയ്ക്കും. അനാവശ്യ അഡ്മിഷൻ, ഐസിയു പ്രവേശനം എന്നിവ ഒഴിവാക്കാൻ നിർദേശിച്ചു. അടിയന്തര ശസ്ത്രക്രിയകൾ മാത്രം നടത്തും. സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ഉൾപ്പെടെ എല്ലാവർക്കും കോവിഡ് ഡ്യൂട്ടി നൽകും. താലൂക്കാശുപത്രികളിൽ  24 മണിക്കൂറും കോവിഡ് ചികിത്സാ സംവിധാനം. ഇവിടെ വരുന്ന കോവിഡ് രോ​ഗികളെ റെഫർ ചെയ്യുന്ന സാഹചര്യമുണ്ടാകരുതെന്ന് എല്ലാ സൂപ്രണ്ടുമാർക്കും നിർദേശം നൽകി. രണ്ട് സ്വകാര്യആശുപത്രികളിലെയും ഹൗസ് സർജന്മാരുടെ സേവനവും മൂന്നാംവർഷ നഴ്സിങ് വിദ്യാർഥികളുടെയും സേവനം ആരോ​ഗ്യപ്രവർത്തകരുടെ എണ്ണം കുറവുള്ള ആശുപത്രികളിലേക്ക് നൽകിത്തുടങ്ങി. അടിയന്തര സാഹചര്യം നേരിടാൻ ഫീൽഡ് ലെവൽ ആശുപത്രികളും സജ്ജമാക്കി.      
പനിയുള്ളവർ 
പുറത്തിറങ്ങരുത്
 പനിയുള്ളവർ ഓഫീസുകളിലേക്ക് പോകരുത്. ഏത് പനിയുള്ളവരും പരമാവധി ടെസ്റ്റ് ചെയ്യുക. പനി കാണുമ്പോൾ തന്നെ സമ്പർക്കം ഒഴിവാക്കി മാസ്ക് ധരിച്ച് മുറിയിലേക്ക് മാറണം. ആന്റിജൻ നെ​ഗറ്റീവാണെങ്കിൽ ആർടിപിസിആർ നടത്തണം. 
രണ്ടും നെ​ഗറ്റീവാണെങ്കിലും പനി പൂർണമായും മാറുന്നത് വരെ പുറത്തുപോകാതിരിക്കുക. എല്ലാ ആശുപത്രികളിലും പനി ലക്ഷണങ്ങളുള്ളവരെ പരിശോധിക്കാൻ നിർദ്ശം നൽകിയിട്ടുണ്ട്. പ്രതിദിന കോവിഡ് പരിശോധന പതിനായിരം കടന്നിട്ടുണ്ട്.
 
അതിവേ​ഗക്കുതിപ്പ് 4452 പേർക്ക് കോവിഡ് 
കൊല്ലം
ജില്ലയിൽ കോവിഡ് പ്രതിദിന കേസിൽ അതിവേ​ഗക്കുതിപ്പ്. ചൊവ്വാഴ്ച  4452 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. വിദേശത്തുനിന്ന് എത്തിയ രണ്ടുപേർക്കും സമ്പർക്കം മൂലം 4413 പേർക്കും 37 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 632 പേർ രോഗമുക്തി നേടി.  
കൊല്ലം കോർപറേഷനിൽ 1058 പേർക്കും  മുനിസിപ്പാലിറ്റികളിൽ കരുനാഗപ്പള്ളി 106, കൊട്ടാരക്കര 75, പരവൂർ 50,  പുനലൂർ 78 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. പഞ്ചായത്തുകളിൽ അഞ്ചൽ 169, അലയമൺ 55, ആദിച്ചനല്ലൂർ 42, ആര്യങ്കാവ് 16,ആലപ്പാട് 29, ഇടമുളയ്ക്കൽ 128, ഇട്ടിവ 64,  ഇളമാട് 34, ഇളമ്പള്ളൂർ 69, ഈസ്റ്റ് കല്ലട 22, ഉമ്മന്നൂർ 38, എഴുകോൺ 33, ഏരൂർ 83, ഓച്ചിറ 95, കടയ്ക്കൽ 56, കരവാളൂർ 40, കരീപ്ര 39, കല്ലുവാതുക്കൽ 69, കുണ്ടറ 32, കുന്നത്തൂർ 14, കുമ്മിൾ 26, കുലശേഖരപുരം 37, കുളക്കട 23, കുളത്തൂപ്പുഴ 20, കൊറ്റങ്കര 33, ക്ലാപ്പന 25, ചടയമംഗലം 56, ചവറ 54, ചാത്തന്നൂർ 104, ചിതറ 52, ചിറക്കര 40, തലവൂർ 34, തഴവ 69,  തൃക്കോവിൽവട്ടം 57, തെക്കുംഭാഗം16, തെന്മല 46, തേവലക്കര 87, തൊടിയൂർ 39, നിലമേൽ 20, നീണ്ടകര 25, നെടുമ്പന 49, നെടുവത്തൂർ 57, പട്ടാഴി 28, പട്ടാഴി വടക്കേക്കര 25, പത്തനാപുരം 103, പനയം 17, പന്മന 50, പവിത്രേശ്വരം 59, പിറവന്തൂർ 32, പൂതക്കുളം 80, പൂയപ്പള്ളി 22, പെരിനാട് 45, പേരയം 17, പോരുവഴി 17,  മയ്യനാട് 28, മേലില 41, മൈനാഗപ്പള്ളി 79, മൈലം 24, വിളക്കുടി 28, വെട്ടിക്കവല 49, വെളിനല്ലൂർ 56, വെളിയം 25, വെസ്റ്റ് കല്ലട 11, ശാസ്താംകോട്ട 41, ശൂരനാട് നോർത്ത് 87, ശൂരനാട് സൗത്ത് 16 എന്നിങ്ങനെയാണ് രോ​ഗബാധിതർ.
 
സാനിറ്റൈസർ ഔട്ട്‌, എടിഎമ്മുകളിൽ കാലിക്കുപ്പി
കൊല്ലം
കോവിഡ്‌ വ്യാപനം ശക്‌തമാകുകയും പ്രതിരോധം കടുപ്പിക്കുകയും ചെയ്‌തിട്ടും ബി കാറ്റഗറിയിൽപ്പെടുന്ന ജില്ലയിൽ മിക്ക വ്യാപാര സ്ഥാപനങ്ങളിലും എടിഎമ്മുകളിലും സാനിറ്റൈസറും കൈ കഴുകൽ സൗകര്യവും ഇല്ല. കോവിഡിന്റെ തുടക്കത്തിൽ കടകളിലും ബാങ്കുകളിലും എടിഎമ്മുകളിലും സാനിറ്റൈസർ സൗകര്യം ഏർപ്പെടുത്തിയിരുന്നു. സാനിറ്റൈസർ കരുതാത്ത കടകളിൽ കൈകഴുകാൻ സോപ്പും വെള്ളവും ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാതായി. 
കോവിഡ്‌ വ്യാപനം വീണ്ടും ആശങ്കയുളവാക്കുന്ന സാഹചര്യത്തിൽ എല്ലാ എടിഎമ്മുകളിലും ഉപയോഗത്തിന്‌ മുമ്പും ശേഷവും നിർബന്ധമായും കൈ ശുചീകരിക്കാൻ സൗകര്യം ഒരുക്കണമെന്ന്‌ ആരോഗ്യവകുപ്പ്‌ മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top