17 January Sunday
കോവിഡ് ചട്ടലംഘനം

യുഡിഎഫ് സ്ഥാനാർഥിക്കെതിരെ നടപടിയെടുക്കണം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 25, 2020
ചവറ സൗത്ത്
കോവിഡ് ചട്ടലംഘനം നടത്തിയ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ നിയമനടപടിയെടുക്കണമെന്ന ആവശ്യം ശക്തമായി. തെക്കുംഭാഗം പഞ്ചായത്ത് എട്ടാംവാർഡിലെ യുഡിഎഫ് സ്ഥാനാർഥിയാണ്‌  കോവിഡ് ചട്ടലംഘനം നടത്തിയത്. ഭർത്താവ് കോവിഡ് ബാധിതനായിരിക്കെ ക്വാറന്റൈനിൽ കഴിയേണ്ട സ്ഥാനാർഥി വോട്ട് അഭ്യർഥിക്കാനിറങ്ങിയതും വ്യാജ മേൽവിലാസം നൽകി കോവിഡ് ടെസ്റ്റ് നടത്തിയതുമാണ് വിനയായത്. പൊലീസ് ഉദ്യോഗസ്ഥനായ ഭർത്താവ് കോവിഡിന് ചികിത്സയിലിരിക്കെയാണ് സ്ഥാനാർഥി വോട്ട് അഭ്യർഥിച്ചിറങ്ങിയത്‌. ഇതു ഗുരുതരമായ ചട്ടലംഘനമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ഇവർ നീണ്ടകര ഫൗണ്ടേഷൻ ആശുപത്രിയിലാണ് കോവിഡ് ടെസ്റ്റ് നടത്തിയത്.  കോവിഡ് പോസിറ്റീവായതിനെത്തുടർന്ന് അധികൃതർ അന്വേഷിച്ചെങ്കിലും ആളിനെ കണ്ടെത്താനായില്ല. ഒടുവിൽ ആശ പ്രവർത്തകയാണ് ഇവരെ തിരിച്ചറിഞ്ഞത്. ജനപ്രതിനിധിയാകാൻ മത്സരരംഗത്തുള്ളവർ വ്യാജ വിലാസം നൽകി, കോവിഡ് പരിശോധന നടത്തിയത്‌  വോട്ടർമാരോടുള്ള വെല്ലുവിളിയാണെന്ന് ആക്ഷേപം ഉയർന്നു. ഇതു സംബന്ധിച്ച് തെക്കുംഭാഗം പൊലീസിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. 
സംഭവത്തെക്കുറിച്ച് കരുനാഗപ്പള്ളി തഹസിൽദാർ കലക്ടർക്ക് റിപ്പോർട്ട് കൈമാറിയതായി അറിയുന്നു. സ്ഥാനാർഥിക്കൊപ്പം സ്ക്വാഡ് പ്രവർത്തനത്തിനിറങ്ങിയ എല്ലാവരെയും നിർബന്ധിത ക്വാറന്റൈനിൽ പ്രവേശിപ്പിക്കണമെന്നും ജനങ്ങളുടെ ആശങ്ക അകറ്റാൻ ബോധവൽക്കരണം നടത്തണമെന്നും സ്ഥാനാർഥിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നുമാണ്‌ നാട്ടുകാരുടെ ആവശ്യം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top