28 September Tuesday

വിസ്‌മയയുടെ മരണം: കിരണിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്‌

സ്വന്തം ലേഖകൻUpdated: Sunday Jul 25, 2021
കൊല്ലം> ബിഎഎംഎസ്‌ വിദ്യാർഥി വിസ്‌മയ ഭർതൃഗൃഹത്തിൽ ദൂരുഹസാഹചര്യത്തിൽ മരിച്ച കേസിൽ പ്രതി കിരൺകുമാറിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം സെഷൻസ്‌ കോടതി തിങ്കളാഴ്‌ച വിധിപറയും.
 
വിസ്‌മയയെ ഭർത്താവ്‌ കിരൺകുമാറിന്റെ പോരുവഴി ശാസ്‌താംനടയിലെ വീട്ടിൽ ജൂൺ 21നാണ്‌ തൂങ്ങിമരിച്ച നിലയിൽ കണ്ടത്‌. വാദം പൂർത്തിയായ കേസിൽ കൂടുതൽ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെടണോ അതോ ജയിലിൽ പോയി ചോദ്യംചെയ്‌താൽ മതിയോ എന്നതിൽ അന്വേഷകസംഘം നിയമോപദേശം തേടി. 
 
കോവിഡ്‌ ഭേദമായ പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക്‌ മാറ്റി. കേസ്‌ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ്‌ കസ്റ്റഡിയിൽ കഴിയവെയാണ്‌ പ്രതി  കോവിഡ്‌ ബാധിതനായത്‌. തുടർന്ന്‌ നെയ്യാറ്റിൻകര സബ്‌ ജയിലിലെ കോവിഡ്‌ സെല്ലിലേക്ക്‌ മാറ്റുകയായിരുന്നു. 
 
ഡിഐജി ഹർഷിദ അട്ടല്ലൂരിയുടെ മേൽനോട്ടത്തിൽ ശാസ്‌താംകോട്ട ഡിവൈഎസ്‌പി പി രാജ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌. മരണം ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ്‌ അന്വേഷകസംഘം. വിസ്‌മയയുടെ ആന്തരികാവയവങ്ങളുടെ പരിശോധനാ റിപ്പോർട്ട്‌ ലഭിച്ചാൽ മാത്രമെ അന്തിമ തീരുമാനത്തിലെത്താനാകൂ.
 
കേസിൽ കുറ്റപത്രം തയ്യാറാക്കി തുടങ്ങി. സ്‌ത്രീധന പീഡന മരണം, ഗാർഹിക പീഡനം എന്നീ കുറ്റങ്ങളാണ്‌ പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്‌. എന്നാൽ,  സ്‌ത്രീധന പീഡന മരണം നിലനിൽക്കില്ലെന്നു കാട്ടി പ്രതി നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട്‌  വിശദീകരണം തേടിയിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top