27 September Monday

സിക; വേണം കർശന ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Sunday Jul 25, 2021

കൊല്ലം

ജില്ലയിലും സിക വൈറസ് റിപ്പോർട്ട് ചെയ്തതോടെ കർശന ജാഗ്രതാനിർദ്ദേശവുമായി ആരോഗ്യവകുപ്പ്. ഈഡിസ് കൊതുകുകളാണ്‌ സിക വൈറസിന്റെ വാഹകർ. രോഗബാധിതരിൽനിന്നു മറ്റുള്ളവർക്ക്‌ രോഗം പകരുക  രക്തത്തിലൂടെയോ ലൈംഗികബന്ധത്തിലൂടെയോ ആണ്. അമ്മയിൽനിന്നു ഗർഭസ്ഥശിശുവിലും വൈറസ് ബാധയുണ്ടാകാം. ഗർഭിണികളിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടണം. 
 
ലക്ഷണങ്ങൾ
പനി, തിണർപ്പ്, കണ്ണിൽ ചുവപ്പ്, പേശികളിലും സന്ധികളിലും വേദന, തലവേദന, ക്ഷീണം എന്നിവയാണു ലക്ഷണങ്ങൾ. 
സിക വൈറസ് ശരീരത്തിൽ പ്രവേശിച്ചു ലക്ഷണങ്ങൾ പ്രകടമാകുന്നതുവരെയുള്ള കാലയളവ് (ഇൻക്യുബേഷൻ) മൂന്നു മുതൽ 14 ദിവസം വരെയാണ്. ഗുരുതരമല്ലാത്ത ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ട് രണ്ടു മുതൽ ഏഴു ദിവസം വരെ നീണ്ടശേഷം മാറിപ്പോകാനും സാധ്യതയുണ്ട്. 
 
കുഞ്ഞുങ്ങൾക്ക് വൈകല്യം
ഗർഭിണികൾക്ക് സിക വൈറസ് ബാധ മൈക്രോസെഫാലിക്കൊപ്പം (കുഞ്ഞിന്റെ തല ചെറുതാകുന്ന അവസ്ഥ) മറ്റു ജനിതക വൈകല്യങ്ങൾ ഉണ്ടാകാനും സാധ്യത ഏറെയാണ്. ഗർഭഛിദ്രം, ചാപിള്ള പിറക്കൽ, മാസം തികയാതെയുള്ള പ്രസവം എന്നിവയ്ക്കും ഇടയാക്കും. 
 
മുൻകരുതൽ വേണം
വിശ്രമവും ധാരാളം വെള്ളം കുടിക്കലും പ്രധാനം. സിക വൈറസ് ബാധയ്ക്കെതിരായ വാക്സിനേഷനോ പ്രത്യേക ചികിത്സയോ  ഇല്ലാത്തതിനാൽ  രോഗപ്രതിരോധവും മുൻ കരുതലുകളുമാണ് ആവശ്യം. വീട്ടിലും പരിസരത്തും കൊതുക് പെരുകാനുള്ള സാഹചര്യം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം. രോഗബാധിത പ്രദേശങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കുക. ശരീരം മൂടുന്ന വസ്ത്രങ്ങൾ ധരിക്കുകയും ജനലുകളും വാതിലുകളും അടച്ചിടുകയും കൊതുകുവലകൾ ഉപയോഗിച്ചും കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിച്ചും പ്രതിരോധിക്കാം. 
 
വില്ലൻ ഈഡിസ് കൊതുക്‌
കൊല്ലം
ചിക്കുൻഗുനിയയും ഡെങ്കിപ്പനിയും പടർത്തുന്ന ഈഡിസ് കൊതുകുകളാണ്‌ സിക വൈറസിന്റെയും വാഹകർ. ഏറ്റവും ചെറിയ കൊതുകാണ് ഈഡിസ് വിഭാഗത്തിലുള്ളത്. ശരീരത്തിന്റെ പുറത്തു വെളുത്ത വരകൾ ഉണ്ടാകും. രാവിലെയും വൈകിട്ടും  കടിക്കുന്ന കൊതുകുകളാണിവ. ഏറെയും കാലിലാണു കടിക്കുന്നത്. വെളിച്ചം കുറഞ്ഞ സ്ഥലത്ത് ശല്യം കൂടുതലായിരിക്കും.
 
ജില്ലയിൽ സിക സ്ഥിരീകരിച്ചത്‌ 
ആരോഗ്യപ്രവർത്തകയ്‌ക്ക്‌ 
കൊല്ലം
കൊല്ലം ജില്ലയിൽ ആദ്യമായി സിക രോഗം സ്ഥിരീകരിച്ചത്‌ നെടുമ്പന പഴങ്ങാലം സ്വദേശിനിയായ ആരോഗ്യപ്രവർത്തകയ്‌ക്ക്‌. മുപ്പതുകാരിയായ ഇവർ തിരുവനന്തപുരത്ത് സർക്കാർ ആശുപത്രി ജീവനക്കാരിയാണ്‌. ദിവസങ്ങളായി നെടുമ്പനയിൽ ഉണ്ടായിരുന്നു. രോഗം കണ്ടെത്തിയ സാഹചര്യത്തിൽ പ്രദേശത്ത് പ്രതിരോധ നടപടി കൂടുതൽ ഊർജിതമാക്കിയതായി ഡിഎംഒ  ആർ ശ്രീലത അറിയിച്ചു. ഫോഗിങ്‌, സ്‌പ്രേയിങ്‌ എന്നിവ നടത്തുന്ന പ്രദേശം ഒരു മാസക്കാലയളവിൽ പ്രത്യേകമായി നിരീക്ഷിക്കും.
രോഗിയുടെ വാസസ്ഥലവും പരിസരത്തെ 100 വീടുകളും ആരോഗ്യ പ്രവർത്തകർ സന്ദർശിച്ചു ഔഷധംചേർത്ത കൊതുകു വലകൾ വിതരണംചെയ്തു. വർധിച്ച കൊതുക്‌ സാന്ദ്രതാ പ്രദേശങ്ങളായ കൊല്ലം കോർപറേഷൻ, മൈനാഗപ്പള്ളി, അഞ്ചൽ, ആയൂർ, ഇടമുളയ്ക്കൽ, തഴവ എന്നിവിടങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കും. ജില്ലയൊട്ടാകെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top