24 July Saturday

ഈ അവധി ഇങ്ങനെ

എം അനിൽUpdated: Wednesday Mar 25, 2020
കൊല്ലം
ഇക്കുറി അവധിക്കാലം വീടിനുള്ളിൽ ആയതിന്റെ സങ്കടത്തിലല്ല നീതു ‘ബെന്യാമിന്റെ ആടുജീവിതം’ വായിക്കുന്നത്‌. കോവിഡ്‌ –-19 പ്രതിരോധത്തിൽ പരീക്ഷ മുടങ്ങിയതിനും വെക്കേഷൻ കൊട്ടിയടക്കപ്പെട്ടതിനും ആടുജീവിതത്തിലെ നജീബിന്റെ അവസ്ഥയുമായി ബന്ധമില്ലെന്നും ഈ പ്ലസ്‌വൺ വിദ്യാർഥിക്കറിയാം. സമയം ചെലവഴിക്കാൻ ഇഷ്ടപ്പെട്ട പുസ്‌തകം വായിക്കുന്നു എന്നേയുള്ളൂ. 
‘രണ്ട്‌ വിഷയം കൂടിയേ ഉണ്ടായിരിന്നുള്ളൂ. അതുംകൂടി തീർന്നിരുന്നെങ്കിൽ സമാധാനമായേനെ. ഒരുകാര്യത്തിൽ ആശ്വസമുണ്ട്, അൽപ്പം ടൈറ്റായിരുന്ന ഓർഗാനിക്‌ കെമിസ്‌ട്രി ഒന്നുകൂടി മനസ്സിൽ കുറിച്ചിടാൻ സമയം കിട്ടി. എങ്കിലും വെക്കേഷൻ പോയല്ലോ എന്നാലോചിക്കുമ്പോൾ അൽപം സങ്കടം’ ശാസ്താംകോട്ട  ഡോ. സി ടി ഈപ്പൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥി നീതു ശങ്കർ പറഞ്ഞു. കോവിഡിനെ നേരിടാനുള്ള പ്രവർത്തനങ്ങൾക്ക്‌ നേതൃത്വംകൊടുക്കുന്നത്‌ വനിതാ മന്ത്രിയാണെന്നതിലും നീതുവിന്‌ 
അഭിമാനം. 
പരീക്ഷ കഴിഞ്ഞ്‌ ഡൽഹിയിലുള്ള അച്ഛനെയും അമ്മയെയും അനുജനെയും കാണാൻ ഫ്ലൈറ്റും ബുക്കുചെയ്തു കാത്തിരുന്നതാണ്‌ തിരുവല്ല നിക്കോൾസൺ റസിഡൻഷ്യൽ സ്‌കൂളിലെ പ്ലസ്‌ടു വിദ്യാർഥി കരുണ ആർ പിള്ള. കോവിഡ്‌ ഭീഷണിയിൽ പോരുവഴിയിലെ കുടുംബവീട്ടിൽ അപ്പൂപ്പനും അമ്മൂമ്മയ്‌ക്കുമൊപ്പം കൂടിയിരിക്കുകയാണിപ്പോൾ. കടുകട്ടിയായ സുവോളജിയെ മനസ്സിൽ കുടിയിരുത്താനുള്ള അവസരമായി ഈ ഇടവേളയെ കാണുന്ന കരുണ, ജെ കെ കൗളിങ്ങിന്റെ ഇംഗ്ലീഷ്‌ നോവലായ ഹാരി പോട്ടറിലാണ്‌ ഇപ്പോൾ.  
കൂട്ടിലടയ്‌ക്കപ്പെട്ട അവസ്ഥയെന്നാണ്‌ കരുനാഗപ്പള്ളി ബോയ്‌സ്‌ ഹൈസ്‌കൂളിലെ 10–-ാം ക്ലാസുകാരൻ വിഘ്‌നേഷ്‌ ശ്യാമിന്റെ കമന്റ്‌. ഒമ്പതാം ക്ലാസിൽ റോളർ സ്‌കേറ്റിങ്ങിൽ ഗിന്നസ്‌ വേൾഡ്‌ റെക്കോര്‍ഡ്‌ കരസ്ഥമാക്കിയ ഈ മിടുമിടുക്കൻ പരീക്ഷയ്ക്കായി പഠിച്ചത്‌ വീണ്ടും പഠിച്ച്‌ സമയംകൊല്ലുന്നു. 
സംസ്ഥാനത്ത്‌ എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ്ടു, സിബിഎസ്ഇ പരീക്ഷകളാണ്‌ കോവിഡ് ഭീഷണിയിൽ മുടങ്ങിയത്‌. പ്ലസ് വൺ വിദ്യാർഥികൾക്ക് മാത്‌സ്, മലയാളം, ബയോളജി, ഇംഗ്ലീഷ് പരീക്ഷ കഴിഞ്ഞു. അവശേഷിക്കുന്നത് കെമിസ്‌ട്രിയും ഫിസിക്സും. പ്ലസ്ടുകാർക്ക് ബാക്കിയുള്ളത്‌  ബയോളജിയും ഹോം സയൻസ് അല്ലെങ്കിൽ മാത്‌സും. മറ്റു വിഷയങ്ങളിൽ പരീക്ഷ പൂർത്തിയായി. എസ്എസ്എൽസി വിദ്യാർഥികൾക്ക്‌ രസതന്ത്രം, കണക്ക്‌  പരീക്ഷയുണ്ട്‌. 
 പ്രവേശന പരീക്ഷയ്‌ക്കുള്ള പരിശീലനം  നിർത്തിയിരിക്കുകയാണ്‌. എൻജിനിയറിങ്ങും മെഡിസിനും ലക്ഷ്യമിട്ട്‌ കോച്ചിങ്ങിനും  ക്രാഷ്‌ കോഴ്‌സിനും പണമടച്ചത്‌ നിരവധി പേരാണ്‌. അടിച്ചുപൊളിക്കാനുള്ള അവധിക്കാലം നഷ്ടപ്പെട്ടതിന്റെ പ്രയാസമുണ്ട്‌ പലർക്കും.  വിദേശയാത്ര ഉൾപ്പെടെ പ്ലാൻ ചെയ്തിരുന്നവരുണ്ട്‌. ‘അതൊക്കെ പൊയെങ്കിലും നാടിന്റെ കരുതലിനല്ലേ’–- വിദ്യാർഥികൾക്ക്‌ പറയാനുള്ളത്‌ ഇതാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top