12 December Thursday

കീഴടക്കിയത്‌ പതിനയ്യായിരത്തിലേറെ വേദികൾ

എ അഭിലാഷ്‌Updated: Thursday Oct 24, 2019
 
എഴുകോൺ
ഹൈസ്‌കൂൾ പഠനകാലത്ത്‌ കഥ പറഞ്ഞുതുടങ്ങിയ കടയ്‌ക്കോട്‌ വിശ്വംഭരൻ പതിനയ്യായിരത്തിലധികം വേദികളാണ്‌ കീഴടക്കിയത്‌.  
കടയ്ക്കോട് മാടൻനട ക്ഷേത്രത്തിലാണ് ആദ്യമായി കഥാപ്രസംഗം അവതരിപ്പിച്ചത്‌. അദ്ദേഹത്തിന്റെ കഥാപ്രസംഗം കേൾക്കാൻ ഉത്സവ പ്പറമ്പുകളിലും സാംസ്കാരിക സദസ്സുകളിലും ആയിരങ്ങളാണ് എത്തിയിരുന്നത്.  
ബാല്യകാലസഖി, ചെമ്മീൻ, രണ്ടു കണ്ണും രണ്ടു മനുഷ്യരും, മഹാത്മാഗാന്ധി, ആകാശക്കൊട്ടാരം, ശ്രീനാരായണഗുരു തുടങ്ങിയവ പ്രധാന കഥകളാണ്. ഭഗീരഥി, ജീവിക്കൂ ജീവിക്കാൻ അനുവദിക്കൂ, പോളിയോ മൈലറ്റിസ്, റാണി എന്നീ ബോധവൽക്കരണ കഥാപ്രസംഗങ്ങളും  അവതരിപ്പിച്ചു. ഇരുമ്പനങ്ങാട് സ്കൂളിൽ ഭാഷാ അധ്യാപകനായിരുന്നു. എഴുകോണിൽ വിശ്വംഭരൻ സ്ഥാപിച്ച ഓറിയന്റൽ അക്കാദമിയിൽ പഠിച്ചിറങ്ങിയ നിരവധി പേർ ഉദ്യോഗസ്ഥരായി.  സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിൽ തിരുവനന്തപുരത്ത് എസ്എംവിഎച്ച്എസിൽ പ്രവർത്തിക്കുന്ന കഥാപ്രസംഗ പരിശീലനകേന്ദ്രത്തിൽ കെടാമംഗലം സദാനന്ദനും സാംബശിവനും ശേഷമുള്ള കോ–-ഓർഡിനേറ്ററാണ് വിശ്വംഭരൻ. 
തെരഞ്ഞെടുപ്പുരംഗത്ത് എൽഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണത്തിലെ പ്രധാനിയായിരുന്നു വിശ്വംഭരൻ. പിഎസ്‌സി  പരീക്ഷകളുടെ  ചോദ്യപേപ്പറുകൾ മലയാളത്തിലും ലഭ്യമാക്കണമെന്ന്‌ ആവശ്യപ്പെട്ട് മലയാളം ഐക്യവേദി നടത്തിയ സമരം ഒത്തുതീർക്കാത്തതിൽ പ്രതിഷേധിച്ച്‌ കഴിഞ്ഞ തിരുവോണനാളില്‍ നിരാഹാരം അനുഷ്‌ഠിച്ച്‌  പ്രതിഷേധിച്ചു.
പ്രധാന വാർത്തകൾ
 Top