03 October Monday
പോപ്പുലർ ഫ്രണ്ട് ഹർത്താൽ

അക്രമം, അഴിഞ്ഞാട്ടം

സ്വന്തം ലേഖകൻUpdated: Saturday Sep 24, 2022

കൊല്ലത്ത് ഹർത്താൽ അനുകൂലികൾ തകർത്ത കെഎസ്‌ആർടിസി ബസിലൊന്ന്‌

കൊല്ലം 
പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത നിയമവിരുദ്ധ ഹർത്താലിൽ വ്യാപക അക്രമം. നിർബന്ധിച്ച് കടകളടപ്പിച്ചും ജനജീവിതം തടസപ്പെടുത്തിയും എങ്ങും എസ്‌ഡിപിഐ–-പോപ്പുലർഫ്രണ്ട്‌ പ്രവർത്തകർ അഴിഞ്ഞാടി. ​കെഎസ്ആർടിസി ബസുകളും സ്വകാര്യവാഹനങ്ങളും എറിഞ്ഞു തകർത്തു. പൊലീസുകാരെയും ആക്രമിച്ചു. 
വ്യാപകമായി കല്ലേറുണ്ടായതോടെ പൊലീസ് സുരക്ഷയോടെയാണ് കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തിയത്. സ്വകാര്യബസുകൾ ഓടിയില്ല. ചരക്കുലോറിയും ടാങ്കറും ഉൾപ്പെടെ പലയിടത്തും നിർത്തിയിട്ടു. ഇരുചക്രവാഹനങ്ങളും സ്വകാര്യവാഹനങ്ങളും നിരത്തിലിറങ്ങി. സർക്കാർ സ്ഥാപനങ്ങളിൽ  ഹാജർനില കുറഞ്ഞു. റെയിൽവേ സ്റ്റേഷനിലെത്തിയ യാത്രക്കാർ വലഞ്ഞു. മിക്ക കടകളും അടഞ്ഞുകിടന്നു. വ്യാഴാഴ്ച രാത്രിതന്നെ പല കടകളിലുമെത്തി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയിരുന്നു. പള്ളിമുക്ക്‌ ഉൾപ്പെടെ ചിലയിടങ്ങളിൽ വെള്ളിയാഴ്ച തുറന്ന കടകൾ ബലംപ്രയോ​ഗിച്ച് അടപ്പിച്ചു. പള്ളിമുക്കിൽ ബൈക്കിൽ പട്രോളിങ് നടത്തുകയായിരുന്ന രണ്ടു പൊലീസുകാരെ ബൈക്കിടിച്ചു വീഴ്ത്തിയശേഷം പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ രക്ഷപ്പെട്ടു.  പരിക്കേറ്റ സീനിയർ സിവിൽ പൊലീസ് ഓഫീസർ ആന്റണി, സിപിഒ നിഖിൽ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന്റണിയുടെ മുഖത്ത് സാരമായി പരിക്കേറ്റു. നിഖിലിന് കാലിനാണ് പരിക്ക്. 
ബൈക്കിലെത്തിയ കൂട്ടിക്കടയിലെ എസ്ഡിപിഐ പ്രവർത്തകൻ ഷംനാദാണ്‌ യാത്രക്കാരെ അസഭ്യം പറയുന്നത് തടഞ്ഞ പൊലീസുകാരുടെ ബൈക്കിൽ  ഇടിച്ചുകയറ്റിയത്. നിരവധി കേസിൽ പ്രതിയാണ് ഇയാൾ. കരുനാഗപ്പള്ളി പുതിയകാവിനു സമീപം ദേശീയപാതയിൽ മിനിലോറിയ്ക്ക് നേരെ കല്ലേറുണ്ടായി. മുൻവശത്തെ ചില്ലുകൾ തകർന്നു. കന്നേറ്റി പാലത്തിനു സമീപം ദേശീയപാതയിലൂടെ വന്ന രണ്ട് വലിയ ട്രക്കുകൾക്കുനേരെയും കല്ലേറുണ്ടായി. പുനലൂരിലും ലോറികൾക്കു നേരെ കല്ലേറുണ്ടായി. കൊല്ലം സിറ്റി പൊലീസ് പരിധിയിൽ 600 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോ​ഗിച്ചത്. 
സിറ്റിയില്‍ 164പേര്‍ 
അറസ്റ്റിൽ
കൊല്ലം സിറ്റി പൊലീസ് പരിധിയില്‍ വിവിധ ആക്രമപ്രവര്‍ത്തനങ്ങള്‍ക്കെതിരെ 14 കേസെടുത്തു. 164പേരെ അറസ്റ്റ് ചെയ്തു. 12 പേരെ കരുതല്‍ തടങ്കലിലാക്കി. പൊതുഗതാഗതം തടസ്സപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും നിയമവിരുദ്ധമായി സംഘം ചേര്‍ന്ന് അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തിയതിനുമാണ് കേസ്. ഇരവിപുരം സ്റ്റേഷന്‍ പരിധിയില്‍ അഞ്ച് കേസെടുത്തു. ഏഴുപേരെ  കരുതല്‍ തടങ്കലിലാക്കി. കരുനാഗപ്പള്ളി, ചവറസ്റ്റേഷന്‍ പരിധിയില്‍ രണ്ട് വീതം  കേസും കൊല്ലം ഈസ്റ്റ്, ഓച്ചിറ, അഞ്ചാലുംമൂട്, കൊട്ടിയം, കണ്ണനല്ലൂര്‍ എന്നീ സ്റ്റേഷന്‍ പരിധിയില്‍ ഓരോ കേസുമാണ് രജിസ്റ്റര്‍ ചെയ്തത്. കൊല്ലം ഈസ്റ്റില്‍ മൂന്നുപേരെയും അഞ്ചാലുംമൂട്, കിളികൊല്ലൂര്‍ സ്റ്റേഷനുകളില്‍ ഓരോരുത്തരെ വീതവും കരുതല്‍ തടങ്കലിലാക്കി. ഹര്‍ത്താലിന്റെ ഭാഗമായി നടന്ന നിയമവിരുദ്ധ അക്രമപ്രവര്‍ത്തനങ്ങളില്‍ കൊല്ലം പള്ളിമുക്കില്‍ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ ഇരവിപുരം പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ചെയ്തു.
റൂറലിൽ 81 അറസ്‌റ്റ്‌
ഹർത്താലിന്റെ മറവിൽ അക്രമം നടത്തിയതിന്‌ റൂറൽ പൊലീസ്‌ മേഖലയിൽ വിവിധ സ്‌റ്റേഷനുകളിലായി 81 എസ്‌ഡിപിഐക്കാരെ അറസ്‌റ്റുചെയ്‌തു. പുനലൂരും പൂയപ്പള്ളിയിലും കെഎസ്‌ആർടിസി ബസുകൾക്കുനേരെ കല്ലെറിഞ്ഞു. തെന്മലയിൽ ഉൾപ്പെടെ മൂന്ന്‌ ലോറികൾക്ക്‌ നേരെയും അക്രമമുണ്ടായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top