22 November Friday

ഭീകരർ തമിഴ്‌നാട്ടിൽ; കേരളത്തിൽ അതീവജാഗ്രത

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2019
കോയമ്പത്തൂർ
തമിഴ്‌നാട്ടിൽ ലഷ്‌കർ ഇ തോയ്‌ബ ഭീകരർ നുഴഞ്ഞുകയറിയതായി കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയുടെ മുന്നറിയിപ്പ്‌. ശ്രീലങ്ക വഴി നുഴഞ്ഞുകയറിയ പാകിസ്ഥാനിയടക്കമുള്ള ആറുപേർ കോയമ്പത്തൂരിൽ ഒളിവിൽ കഴിയുകയാണെന്നാണ്‌ റിപ്പോർട്ട്‌.  
ഇവരെ തമിഴ്‌നാട്ടിൽ എത്തിച്ച ബഹ്‌റൈനിൽ ജോലി ചെയ്‌തിരുന്ന തൃശൂർ സ്വദേശിയുടെ ചിത്രവും  പൊലീസ്‌ പുറത്തുവിട്ടു. 
നുഴഞ്ഞുകയറിയ പാകിസ്ഥാനിയുടെ പേര്‌ ഇല്യാസ്‌ അൻവർ എന്നാണ്‌. മറ്റുള്ളവർ ശ്രീലങ്കയിൽനിന്നുള്ളവരാണ്‌. നെറ്റിയിൽ കുറിചാർത്തി  വേഷം മാറിയാണ്‌ ഇവർ കോയമ്പത്തൂരിൽ തങ്ങുന്നതെന്നും പൊലീസ്‌. 
സുരക്ഷയുടെ ഭാഗമായി കോയമ്പത്തൂർ നഗരത്തിൽ 2000 പൊലീസുകാരെയും തമിഴ്‌നാടിന്റെ പടിഞ്ഞാറൻ മേഖലയിലെ എട്ട്‌ ജില്ലയിൽ 8000 പൊലീസുകാരെയും വിന്യസിച്ചു. വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, ക്ഷേത്രങ്ങൾ, പള്ളികൾ, ബസ്‌സ്‌റ്റാൻഡ്‌, മാളുകൾ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കി. 
കേന്ദ്ര ഇന്റലിൻസ്‌ റിപ്പോർട്ടിനെ തുടർന്ന്‌ സംസ്ഥാനത്ത്‌ അതീവ ജാഗ്രത പുലർത്താൻ ജില്ലാ പൊലീസ്‌ മേധാവികളോട്‌ ഡിജിപി ലോക്‌നാഥ്‌ ബഹ്‌റ  നിർദേശിച്ചു.  
തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ പ്രത്യേക നിരീക്ഷണം വേണമെന്നും റെയിൽവെ സ്റ്റേഷനുകൾ, ബസ്‌ സ്റ്റാന്റുകൾ, വിമാനത്താവളങ്ങൾ, ആരാധാനാലയങ്ങൾ എന്നിവിടങ്ങളിലും ജനങ്ങൾ കൂടുന്ന മറ്റ്‌ സ്ഥലങ്ങളിലും ജാഗ്രതാ പുലർത്തണമെന്നും ആവശ്യപ്പെട്ടു. 
പ്രധാന വാർത്തകൾ
 Top