28 May Thursday

കനത്തചൂടിൽ നട്ടംതിരിഞ്ഞ് കിഴക്കൻ മേഖല

വെബ് ഡെസ്‌ക്‌Updated: Tuesday Mar 24, 2020
കുന്നിക്കോട്  
ഇന്നും പ്രതിക്ഷിച്ചു മഴയൊന്ന് പെയ്യുമെന്ന് .... ദിവസങ്ങളായി മഴക്കാറ് വന്ന് അന്തരീക്ഷം മൂടിക്കെട്ടി വരുമെങ്കിലും മഴ ചതിച്ചിട്ടു പോകുകയാണ് കിഴക്കൻ മേഖലയിൽ. ശനിയാഴ്ച മൂന്നുമണിയോടെ മഴക്കാറ് മൂടി അന്തരീക്ഷം ഒന്ന് കനത്തെങ്കിലും ചെറു ചാറ്റലിൽ അവസാനിപ്പിച്ച് മഴ കബളിപ്പിച്ച് കടന്നു പോയി. 
കനത്ത ചൂടിൽ നട്ടം തിരിയുകയാണ് ഇവിടം.കുടിവെള്ള സോത്രസ്സുകൾ പലതും വറ്റിവരണ്ടു. വാട്ടർ അതോറിറ്റിയുടെ പൈപ്പ് വെള്ളത്തിനെ ആശ്രയിച്ച് കഴിയുന്ന മേഖലകളിൽ ഇട ദിവസങ്ങളിലാണ്‌ പമ്പിങ്ങും വിതരണവും. കല്ലടയാറിനെ കേന്ദ്രീകരിച്ചാണ് വിതരണം. ഇവിടുന്ന് കുണ്ടറ പദ്ധതിയിലേക്കും വെള്ളം കൊണ്ടുപോകുന്നുണ്ട്. ഇടയ്ക്ക് കാലപ്പഴക്കത്തിൽ  പൈപ്പുകളും പൊട്ടുന്നു. വിളക്കുടി , മേലില , വെട്ടിക്കവല, തലവൂർ  പഞ്ചായത്തിൽ ശുദ്ധജലം എത്തിക്കുന്ന പദ്ധതി മഞ്ഞമൺകാലയിൽ പൂർത്തിയായെങ്കിലും വിതരണത്തിന്‌ സജ്ജമായില്ല. 
ചെറിയ ആശ്വാസം ചെറുകിട പദ്ധതികളാണ്. കനത്ത ചൂടിൽ കിണർ വറ്റിയതോടെ ഇവിടെയും പമ്പിങ്‌ നിർത്തി. ഇത്തവണ വേനൽ കനത്തതോടെ ഉയർന്ന പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമായിരിക്കുകയാണ്.
പഞ്ചായത്ത് തലങ്ങളിൽ കുടിവെള്ളം എത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി കഴിഞ്ഞു. ബുധനാഴ്ചയ്ക്ക്  മുമ്പായി ടാങ്കിൽ വെള്ളമെത്തിക്കുമെന്നാണ്   ബന്ധപ്പെട്ടവർ പറയുന്നത്.വേനൽ മഴയെ ആശ്രയിച്ച് കൃഷിചെയ്‌ത പയർ, ചീരയടക്കമുള്ള ഇടക്കൃഷികളെല്ലാം കരിഞ്ഞുണങ്ങി.
പ്രധാന വാർത്തകൾ
 Top