08 December Thursday
കൊറിയര്‍ വഴി എംഡിഎംഎ കടത്ത്

പിന്നിൽ മലയാളി വിദ്യാര്‍ഥി റാക്കറ്റ്

സ്വന്തം ലേഖകൻUpdated: Friday Sep 23, 2022

ആകാശ്

കൊല്ലം
കൊറിയർ വഴി കേരളത്തിലേക്ക് മാരകമയക്കുമരുന്നായ എംഡിഎംഎ കടത്തുന്നതിനു പിന്നിൽ ബം​ഗളൂരുവിലെ വൻ മലയാളി വിദ്യാർഥി റാക്കറ്റെന്ന് എക്‌സൈസ്. 
ബംഗളൂരുവിൽനിന്ന് ആശ്രാമത്തെ സ്വകാര്യ കൊറിയർ വഴി പാഴ്സലായി എംഡിഎംഎ അയച്ച കേസിലെ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. ഈ കേസിൽ വ്യാഴാഴ്ച അറസ്റ്റിലായ ബം​​ഗളൂരുവിലെ പ്രമുഖ നഴ്സിങ് കോളേജിലെ വിദ്യാർഥിയായ  ഉളിയക്കോവിൽ കടപ്പാക്കട നഗർ 189 ഇയിൽ  അനന്തു എന്നറിയപ്പെടുന്ന ആകാശിൽനിന്ന് വിദ്യാർഥികളുടെയും ഇവരുടെ സീനിയറായിരുന്ന ഒരാളുടെയുമടക്കം നിർണായക വിവരം എക്സൈസ് ശേഖരിച്ചു.
 
ആകർഷിക്കുന്നത്  ലഹരിപ്പാർടി വഴി
പഠനത്തിനിടയിലാണ് ആകാശ് ഈ റാക്കറ്റുമായി ബന്ധപ്പെടുന്നത്. ഈ കോളേജിലെ തന്നെ ഹോസ്റ്റൽ കേന്ദ്രീകരിച്ചു ചില സീനിയർ വിദ്യാർഥികൾ നടത്തുന്ന ലഹരിപ്പാർടികളുടെ മറവിലാണ് വിദ്യാർഥികളെ ആകർഷിക്കുന്നത്. പിന്നീട് ഇവരെ ഉപയോഗിച്ചു മയക്കുമരുന്ന് കച്ചവടം നടത്തുന്നതാണ് രീതിയെന്ന് അന്വേഷണത്തിനു നേതൃത്വം നൽകുന്ന കൊല്ലം ഡെപ്യൂട്ടി കമീഷണർ ബി സുരേഷ് പറഞ്ഞു. വിദ്യാർഥികളെല്ലാവരും തന്നെ മലയാളികളാണ്.  ലഹരി കടത്തുകാരായി മാറ്റപ്പെടുന്ന വിദ്യാർഥികളുടെയും അതേ കോളേജിൽ പഠിക്കുന്ന മറ്റ് വിദ്യാർഥികളുടെയും എടിഎം കാർഡ് ഉൾപ്പെടെ കൈക്കലാക്കിയാണ് പണമിടപാട് നടത്തുന്നത്. പിടിക്കപ്പെട്ടാൽ അന്വേഷണം തങ്ങളിലേക്കെത്തുന്നത് ഒഴിവാക്കാനാണിത്. ആവശ്യക്കാരിൽ നിന്ന് ഗൂഗിൾ പേ വഴി പണം ഈ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിപ്പിക്കും. പിന്നീട് എടിഎം വഴി പിൻവലിക്കും. ചെറിയ കാലയളവിനുള്ളിൽ  ലക്ഷകണക്കിനു രൂപയുടെ ഇടപാടുകൾ ഈ അക്കൗണ്ട് വഴി നടന്നതിന്റെ രേഖയും എക്‌സൈസ്  കണ്ടെടുത്തു.
ആശ്രാമത്തെ ഡിടിഡിസി കൊറിയർ സർവീസ് വഴി അയച്ച 14.7166 ​ഗ്രാം എംഡിഎംഎ  കഴിഞ്ഞ മാസം 19നാണ് പിടികൂടിയത്. കരുനാഗപ്പള്ളി പന്മന മാവേലി കോട്ടക്കകത്ത് വീട്ടിൽ നന്ദുകൃഷ്ണ, കൊല്ലം ഈസ്റ്റ്‌ കോതേത്ത് നഗർ 114ൽ സൗപർണിക വീട്ടിൽ വിഷ്ണു എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ആകാശാണ് നന്ദുകൃഷ്ണയുടെ പേരിൽ എംഡിഎംഎ പാഴ്സലായി അയച്ചത്. ആകാശിനെ കൊല്ലം ഡെപ്യൂട്ടി എക്‌സൈസ് കമീഷണർ ഓഫീസിനു മുന്നിൽ നിന്ന് വ്യാഴം പകലാണ് അറസ്റ്റ് ചെയ്തത്. റിമാൻഡ് ചെയ്തു. 
 കൊല്ലം സ്പെഷ്യൽ സ്‌ക്വാഡിലെ എക്‌സൈസ് ഇൻസ്‌പെക്ടർ ബി വിഷ്ണു, പ്രിവന്റീവ് ഓഫീസർ മനോജ്‌ലാൽ, സിവിൽ എക്‌സൈസ് ഓഫീസർമാരായ വിഷ്ണു വിമൽ, വൈശാഖ്, ശാലിനിശശി, ഡ്രൈവർ രാജഗോപാൽ എന്നിവരാണ് അന്വേഷണസംഘത്തിലെ മറ്റുള്ളവർ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top