16 October Saturday
സംസ്ഥാന സർക്കാർ 86 ലക്ഷം രൂപ അനുവദിച്ചു

ഓയിൽപാം അതീജിവിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Sep 23, 2021

ഏരൂരിലെ ഓയിൽപാം ഇന്ത്യ ഫാക്ടറിയിലെ ബോയ്ലറിന്‌ ആവവശ്യമായ പൈപ്പുകൾ

സ്വന്തം ലേഖകൻ
കൊല്ലം
എണ്ണ ഉൽപ്പാദനം പ്രതിസന്ധിയിലായ ഏരൂർ ഓയിൽ പാം ഇന്ത്യ ലിമിറ്റഡ്‌ എസ്റ്റേറ്റ്‌ ഫാക്ടറിക്ക്‌ കൈത്താങ്ങായി സംസ്ഥാന സർക്കാർ അടിയന്തരമായി 86 ലക്ഷം രൂപ അനുവദിച്ചു.  ഇതിൽ 28 ലക്ഷം ചെലവഴിച്ച്‌ ബോയ്‌ലറിന്റെ അറ്റകുറ്റപ്പണിക്കായുള്ള  ട്യൂബുകൾ മുംബൈയിൽനിന്നു വാങ്ങി. വൈകാതെ ഇവ ഫാക്ടറിയിൽ എത്തും. ട്യൂബ്‌ ഉറപ്പിക്കാനും പൂർണതോതിൽ പ്രവർത്തന ക്ഷമമാക്കാനും ചെലവഴിക്കുന്നത്‌ 58 ലക്ഷം രൂപയാണ്‌. ഡിസംബർ 31ന്‌ സ്ഥാപനം പൂർണതോതിൽ  പ്രവർത്തിക്കും. 
20 ടണ്ണോളം തൂക്കംവരുന്ന 700 ട്യൂബ്‌ മുംബൈയിൽനിന്ന്‌ റോഡുമാർഗം ആണ്‌ ഫാക്ടറിയിലേക്ക്‌ കൊണ്ടുവരുന്നത്‌. വാട്ടർ വോൾ സംരക്ഷണമുള്ള ട്യൂബുകൾ ബോയ്‌ലറുകളിൽ ഘടിപ്പിച്ച്‌ നവീകരണം നടത്താൻ രണ്ടുമാസമെടുക്കും. ട്യൂബുകൾ ഓയിൽ പാം കമ്പനിക്കാവശ്യമായ തരത്തിൽ രൂപമാറ്റം വരുത്തുന്നത്‌  തൃച്ചിയിലെ സ്വകാര്യ കമ്പനിയിൽ കൊണ്ടുവന്നാണ്‌. 
ഫാക്ടറി നേരിടുന്ന പ്രതിസന്ധി നേരിട്ട്‌ വിലയിരുത്താൻ കൃഷിമന്ത്രി പി പ്രസാദ്‌ സ്ഥലം സന്ദർശിച്ചിരുന്നു. പ്രശ്‌നപരിഹാരത്തിന്‌ പി എസ്‌ സുപാൽ എംഎൽഎയും ഇടപെട്ടു. അടിയന്തര നടപടി ആവശ്യപ്പെട്ട്‌ പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ (സിഐടിയു) മുഖ്യമന്ത്രിക്കും കൃഷിമന്ത്രിക്കും നിവേദനവും നൽകിയിരുന്നു.  ബോയ്‌ലറുകളിൽ ഒരെണ്ണം അറ്റകുറ്റപ്പണിക്കായി ഇളക്കി മാറ്റിയിട്ട് രണ്ടുവർഷമായി. ശേഷിക്കുന്ന ഒരെണ്ണത്തിലാണ്‌ ഫാക്ടറി പ്രവർത്തനം.  ബോയ്‌ലറിലെ പ്ര ധാന ട്യൂബുകളുടെ ചോർച്ച കാരണം പ്രവർത്തനം  ഫലപ്രദമല്ല. ബോയ്‌ലറിൽനിന്ന്‌ ഉൽപ്പാദിപ്പിക്കുന്ന നീരാവി  ഉപയോഗിച്ച് പ്രവർത്തിക്കുന്ന ടർബൈൻ വഴി വൈദ്യുതി ഉൽപ്പാദിപ്പിച്ചാണ് പ്രവർത്തനം. 
അതിനിടെ എണ്ണപ്പനക്കൃഷി വ്യാപിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും 110,40 കോടി രൂപ അനുവദിച്ച കേന്ദ്ര സർക്കാർ ഏരൂരിലെ ഓയിൽ പാം ഇന്ത്യ ലിമിറ്റഡിനെ അവഗണിച്ചപ്പോഴാണ്‌ അടിയന്തര സഹായം അനുവദിച്ച്‌  സംസ്ഥാന സർക്കാർ സ്ഥാപനത്തെ സംരക്ഷിക്കുന്നത്‌. ഭക്ഷ്യഎണ്ണയുടെ ക്ഷാമം പരിഹരിക്കാൻ കേന്ദ്ര–- സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായി ഇന്ത്യയിൽ ആദ്യമായി ആരംഭിച്ച പൊതുമേഖലാ സ്ഥാപനമാണ്‌ തഴയപ്പെട്ടത്‌.  3600 ഏക്കറുള്ള പ്ലാന്റേഷൻ 1500 പേർക്ക് പ്രത്യക്ഷമായും അത്രയും പേർക്ക് പരോക്ഷമായും തൊഴിൽ നൽകുന്നു. 1971ൽ ആണ്‌ എസ്റ്റേറ്റ്‌ നിലവിൽവന്നത്‌. 1999ൽ എണ്ണപ്പനയിൽനിന്നു ലഭിക്കുന്ന പഴവും കുരുവും ക്രൂഡോയിലാക്കുന്ന ഫാക്ടറിയും (മിൽ) യാഥാർഥ്യമായി. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top