20 September Friday

ഇസ്രയേലിൽ ജോലി വാഗ്‌ദാനം; 2.75 കോടി രൂപ തട്ടി

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019

  

കൊല്ലം
ഇസ്രായേലിൽ ജോലി നൽകാമെന്ന്‌ വാഗ്‌ദാനംചെയ്‌ത്‌  പലരിൽനിന്ന്‌  രണ്ടേമുക്കാൽ കോടി രൂപ തട്ടിയെടുത്തതായി പരാതി. സ്‌ത്രീകളും യുവാക്കളുമാണ്‌  ചവറ സ്വദേശികളുടെ തട്ടിപ്പിന്‌ കൂടുതൽ ഇരയായതെന്ന്‌ ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
പണം നഷ്‌ടപ്പെട്ടവർ ശനിയാഴ്‌ച രാവിലെ  10ന്‌  നീണ്ടകര പാലത്തിന്‌ സമീപത്തുനിന്ന്‌ പണം കൈപ്പറ്റിയവരുടെ വീട്ടിലേക്ക്‌ മാർച്ച്‌ നടത്തും. 
2016 മുതലാണ്‌ പണം വാങ്ങിയത്‌. ചവറ സ്വദേശികളായ എഡ്വേർഡ്‌ ഡാനിയൽ, ഡാനീഷ്‌ എഡ്വേർഡ്‌, ലിജി പ്രസന്നൻ, ജോസഫ്‌ പാട്രിക്‌ എന്നിവർക്കെതിരെ 70പേർ  ചവറ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്‌.  മുന്നേമുക്കാൽ ലക്ഷം രൂപ വരെ നഷ്‌ടപ്പെട്ട ദരിദ്രരാണ്‌ അധികവും. 2018 ജൂലൈയിൽ 65 പേരെ ഈജിപ്‌തിൽ കൊണ്ടുപോയി. നാലു മാസം അവിടെ താമസിപ്പിച്ചെങ്കിലും ജോലി തരപ്പെട്ടില്ല. അവിടുത്തെ താമസച്ചെലവിനും പണംപോയി. ബന്ധുക്കളുടെ സഹായത്താൽ നാട്ടിലേക്ക്‌ മടങ്ങിയ ഇവരിൽ പലരും ആത്മഹത്യയുടെ വക്കിലാണ്‌. പണം നൽകിയത്‌ സംബന്ധിച്ച തെളിവുകൾ പൊലീസിന്‌  കൈമാറിയിട്ടും നടപടിയുണ്ടായില്ലെന്നും ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.
 കേസ്‌ ക്രൈംബ്രാഞ്ചിന്‌ കൈമാറണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡിജിപി അടക്കമുള്ള അധികാരികൾക്കും പരാതി നൽകി. ആക്‌ഷൻ കൗൺസിൽ ഭാരവാഹികളായ ജെയിംസ്‌ കാർലോസ്‌, ലാലൻ ഹെൻട്രി, അനിൽ സെബാസ്‌റ്റ്യൻ, മേരി സ്‌റ്റിജി, ഷൈനി ശശി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top