02 June Tuesday
ട്രെയിൻ പശ്ചിമബംഗാളിലേക്ക്‌

ബൈ ഭായീ, വീണ്ടും കാണാം

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020

പശ്ചിമ ബംഗാൾ മാൾഡ സ്വദേശിനിയും മകനും ബസിൽ കൊല്ലം റെയിൽവേ സ്റ്റേഷനിലേക്ക്‌.

 സ്വന്തം ലേഖിക
കൊല്ലം
ജില്ലയിലെ അതിഥിത്തൊഴിലാളികളുമായുള്ള ആദ്യ ട്രെയിൻ കൊല്ലം റെയിൽവേ സ്റ്റേഷനിൽനിന്ന്‌ പശ്ചിമബംഗാളിലേക്ക്‌ വെള്ളിയാഴ്ച പുറപ്പെട്ടു. രാത്രി 10ന്‌ 1452 യാത്രക്കാരുമായാണ്‌ ശ്രമിക്‌ ട്രെയിൻ യാത്ര ആരംഭിച്ചത്‌. തിങ്കളാഴ്ച പകൽ 12ന്‌  പശ്ചിമബംഗാളിലെ മാൽഡ സ്റ്റേഷനിലെത്തും. ലോക്ക്ഡൗണിനു ശേഷം കൊല്ലം റെയിൽവേ‌ സ്റ്റേഷനിൽ നിന്ന്‌ ആദ്യമായി പുറപ്പെട്ട ട്രെയിനിൽ ആറു സ്‌ത്രീകളും രണ്ട്‌ കുട്ടികളും ഉൾപ്പെടുന്നു.   
കോവിഡ്‌ പ്രതിരോധത്തിന്റെ  ഭാഗമായി സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതനുസരിച്ചാണ്‌‌ കേന്ദ്രം നോൺ സ്റ്റോപ് ട്രെയിൻ അനുവദിച്ചത്‌‌. 24 ബോഗികളുള്ള നോൺ എസി ട്രെയിനാണിത്‌. ഒരു ബോഗിയിൽ 72 സീറ്റുണ്ടെങ്കിലും സാമൂഹ്യ അകലം പാലിച്ച്‌ 58 പേരെ മാത്രമാണ്‌ കയറ്റിയത്‌. യാത്രക്കാർ മാൾഡ, മുർഷിദബാദ്‌, ഉത്തർജിനാജ്‌പുർ ജില്ലകളിലുള്ളവരാണ്‌.  
ആര്യങ്കാവ്‌, പുനലൂർ, തലവൂർ, അഞ്ചൽ, ഏരൂർ, ചടയമംഗലം, കൊട്ടാരക്കര പുത്തൂർമുക്ക്, പോരുവഴി, കരുനാഗപ്പള്ളി, ഓച്ചിറ, മയ്യനാട്‌, കേരളപുരം, നെടുമ്പന, ചന്ദനത്തോപ്പ്‌, തിരുമുല്ലാവാരം, കടപ്പാക്കട ‌ എന്നിവിടങ്ങളിൽ നിന്ന്‌ ‌തൊഴിലാളികളെ 44 കെഎസ്‌ആർടിസി ബസുകളിലാണ്‌ റെയിൽവേ സ്റ്റേഷനിലെത്തിച്ചത്‌. സ്റ്റേഷനിൽ ആരോഗ്യവകുപ്പിന്റെ  ആറ്‌ കൗണ്ടറുകളിൽ യാത്രക്കാരുടെ താപനില ഉൾപ്പെടെ പരിശോധിച്ചു‌. കഴിഞ്ഞ ദിവസം താലൂക്കുകളിൽ തൊഴിലാളികൾക്ക്‌ വൈദ്യപരിശോധന നടത്തി കോവിഡില്ലെന്ന്‌ ഉറപ്പാക്കിയിരുന്നു. തൊഴിൽവകുപ്പിന്റ നേതൃത്വത്തിൽ ചപ്പാത്തി, വെജിറ്റബിൾ കറി, ബ്രഡ്‌, ബിസ്‌കറ്റ്, ജാം, വെള്ളം എന്നിവ അടങ്ങിയ കിറ്റും ഓരോ തൊഴിലാളിക്കും നൽകി.  ഉച്ചഭക്ഷണം സമൂഹ അടുക്കളയിൽ നിന്ന് കരാറുകാരും ലഭ്യമാക്കിയിരുന്നു. ഇതിനകം 200ലധികം പേർ പശ്ചിമബംഗാളിലേക്ക്‌ ബസിൽ പോയിട്ടുണ്ട്‌.    
വിവിധ സംസ്ഥാനങ്ങളിലേക്ക് പോകാൻ ജില്ലയിൽ 11,000 അതിഥിത്തൊഴിലാളികളാണ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്‌‌. ഇതിൽ 6600 പേര്‍ ബംഗാളിലേക്കാണ്‌. ആസാം സ്വദേശികളായ 1300 പേരുണ്ട്‌‌. ബിഹാർ, ജാർഖണ്ഡ്‌, ഉത്തർപ്രദേശ്‌ സ്വദേശികൾ 350 –-400.  കൂടുതൽ സംസ്ഥാനങ്ങളിലേക്ക്‌ ട്രെയിൻ അനുവദിക്കുമെന്ന പ്രതീക്ഷയിലാണ്‌ ജില്ലാ ഭരണകേന്ദ്രവും അതിഥിത്തൊഴിലാളികളും.
പ്രധാന വാർത്തകൾ
 Top