27 May Monday

ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത

വെബ് ഡെസ്‌ക്‌Updated: Tuesday Apr 23, 2019

 

കൊല്ലം
ജില്ലയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോടും  മിന്നലോടും  കൂടിയ  മഴയ്ക്കും  കാറ്റിനും (കാറ്റിന്റെ  വേഗത  മണിക്കൂറിൽ 40-50 കിലോമീറ്റർ) സാധ്യതയുണ്ടെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ  കലക്ടർ  എസ്  കാർത്തികേയൻ മുന്നറിയിപ്പ് നൽകി. വേനൽ മഴയോട‌് അനുബന്ധിച്ച് പകൽ  രണ്ടു മുതൽ രാത്രി എട്ടുവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലുണ്ടാകാൻ ഇടയുണ്ട്. മനുഷ്യജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും നാശനഷ്ടം ഉണ്ടായേക്കാം.  കാർമേഘം കണ്ടുതുടങ്ങുമ്പോൾതന്നെ ഇടിമിന്നൽ ദൃശ്യമായില്ലെങ്കിലും മുൻകരുതൽ സ്വീകരിക്കണം. കുട്ടികളെ തുറസ്സായ സ്ഥലത്ത് കളിക്കാൻ വിടരുത്. മഴക്കാർ നിലനിൽക്കെ ഉണക്കാനിട്ട വസ്ത്രങ്ങൾ എടുക്കാൻ മുറ്റത്തേക്കോ  ടെറസിലേക്കോ പോകാതിരിക്കണം. വളർത്തു മൃഗങ്ങളെ സുരക്ഷിതമായി മാറ്റികെട്ടുകയും വേണം. 
ഇടിമിന്നലിന്റെ ആദ്യലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കണം. ജനലും വാതിലും അടച്ചിടണം. ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കണം. ഫോൺ ഉപയോഗിക്കരുത്. ഇടിമിന്നലുള്ള സമയത്ത് കുളിക്കരുത്.  കഴിയുന്നത്ര ഗൃഹാന്തർ ഭാഗത്ത് ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കണം.ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്. വൃക്ഷങ്ങളുടെ ചുവട്ടിലും നിൽക്കരുത്. 
വാഹനത്തിലുള്ളവർ തുറസായ സ്ഥലത്ത് നിർത്തി ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം. ജലാശയത്തിൽ ഇറങ്ങാനോ പട്ടം പറത്താനോ പാടില്ല. തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽമുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കണം. ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്ക് മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ‌് പ്രൊട്ടക്ടർ ഘടിപ്പിക്കാം.മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കഴ്ച്ചയോ കേഴ്വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കുകയോചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് ഉറപ്പുവരുത്തി വേണം പ്രഥമ ശുശ്രൂഷ നൽകാൻ. വളർത്തു മൃഗങ്ങളെ തുറസ്സായ സ്ഥലത്ത് കെട്ടിയിടരുത് എന്നിവയാണ് മാർഗനിർദേശങ്ങൾ.
പ്രധാന വാർത്തകൾ
 Top