30 March Thursday
സിപിഐ എം ഗൃഹസന്ദർശനം

മനസ്സ്‌ തുറന്നും ഒപ്പം ചേർന്നും

വെബ് ഡെസ്‌ക്‌Updated: Monday Jan 23, 2023

ക്ലാപ്പന സത്യാലയം കടവിൽ സിപിഐ എം നിർമിച്ചുനൽകിയ സുനാമി ടൗൺഷിപ്പിൽ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി കോളനി നിവാസികളുമായി സംവദിക്കുന്നു

കരുനാഗപ്പള്ളി

വിവിധ കോളനികളിൽ താമസിക്കുന്ന ജനതയുടെ ദുരിതങ്ങളും പ്രശ്നങ്ങളും ചോദിച്ചറിഞ്ഞ്‌ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബിയുടെ ഗൃഹസന്ദർശന പരിപാടി. ഞായർ രാവിലെ ക്ലാപ്പന ഒന്നാം വാർഡിൽ സിപിഐ എം നിർമിച്ചുനൽകിയ സത്യാലയം സുനാമി കോളനിയിൽനിന്നാണ് ഗൃഹസന്ദർശനം ആരംഭിച്ചത്. കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നും കക്കൂസ് മാലിന്യം സംസ്കരിക്കുന്നതിന്‌ സംവിധാനം വേണമെന്നുമുള്ള ആവശ്യം കോളനി നിവാസികൾ എം എ ബേബിക്കു മുന്നിൽ അവതരിപ്പിച്ചു. തുടർന്ന് ആയിരംതെങ്ങിനു സമീപമുള്ള നിർമിതി കോളനിയിൽ നേതാക്കളെത്തി. കോളനിയിലെ കെട്ടിടങ്ങളുടെ ജീർണാവസ്ഥ എം എ ബേബി ഉൾപ്പെടെയുള്ള നേതാക്കൾ നേരിൽക്കണ്ട്‌ മനസ്സിലാക്കി. ഇവിടെ 18 കുടുംബങ്ങളെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്താൻ സർക്കാർ ഇതിനകം തീരുമാനിച്ചിട്ടുണ്ട്. ബാക്കി കുടുംബങ്ങളെക്കൂടി പദ്ധതിയിൽ ഉൾപ്പെടുത്തി ഇവരുടെ പാർപ്പിട പ്രശ്നം പരിഹരിക്കണമെന്ന് കോളേനി നിവാസികൾ ആവശ്യപ്പെട്ടു. തുടർന്ന് ക്ലാപ്പന കിഴക്ക് വാതല്ലൂർ ലക്ഷംവീട്ടിൽ തൊഴിലുറപ്പു തൊഴിലാളികളുമായി സംവദിച്ചു. കൊല്ലം ഗവ. മെഡിക്കൽ കോളേജിൽ ഒഫ്താൽമോളജി ഡിപ്പാർട്ട്മെന്റിലെ മെഷീൻ പ്രവർത്തനരഹിതമായി കിടക്കുന്നതു മൂലമുള്ള ബുദ്ധിമുട്ടുകൾ നിവാസികൾ ഉന്നയിച്ചു. തുടർന്ന്‌ ആരോഗ്യമന്ത്രിയെ വിളിച്ച് പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന്‌ എം എ ബേബി അഭ്യർഥിച്ചു. പ്രശ്നം ഉടൻ പരിഹരിക്കുമെന്ന മന്ത്രിയുടെ ഉറപ്പ് കോളനി നിവാസികൾക്ക് നൽകിയതോടെ എല്ലാവർക്കും സന്തോഷം. തുടർന്ന് കുലശേഖരപുരം നോർത്തിലെ 96, 99 ബൂത്തുകളിലായിരുന്നു സന്ദർശനം. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി രാധാമണി, ജില്ലാ കമ്മിറ്റി അംഗം പി കെ ബാലചന്ദ്രൻ, ഏരിയ സെക്രട്ടറിമാരായ പി കെ ജയപ്രകാശ്, പി ബി സത്യദേവൻ, ലോക്കൽ സെക്രട്ടറിമാരായ ടി എൻ വിജയകൃഷ്ണൻ, പി ജെ കുഞ്ഞിച്ചന്തു, പി ഉണ്ണി, പഞ്ചായത്ത് പ്രസിഡന്റുമാരായ ഒ മിനിമോൾ, മിനിമോൾ നിസാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ദീപ്തി രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത്‌ അംഗം വസന്താരമേശ്, വി പി ജയപ്രകാശ് മേനോൻ, എ മജീദ്, എച്ച് എ സലാം, ക്ലാപ്പന സുരേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top