20 November Wednesday
തുടർവിദ്യാഭ്യാസ കലോത്സവം

പ്രായം തളർത്താത്ത പഠിതാക്കൾ മിന്നും താരങ്ങൾ

സ്വന്തം ലേഖകന്‍Updated: Tuesday Oct 22, 2019

 

കൊല്ലം
പഠനത്തിലും കലയിലും പ്രായം പ്രശ്നമല്ലെന്നു തെളിയിക്കുകയാണ്‌ പുനലൂർ സാക്ഷരത കേന്ദ്രത്തിലെ കുഞ്ഞമ്മത്തേവർ. 104–-ാം വയസ്സിലും പഠനത്തിലും പാഠ്യേതര പ്രവർത്തനത്തിലും മുന്നിലാണ് കുഞ്ഞമ്മ. പുനലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന തുടർവിദ്യാഭ്യാസ കലോത്സവത്തിൽ സജീവ സാന്നിധ്യമായിരുന്നു ഈ മുത്തശ്ശി. 
ഒപ്പന മുതൽ നാടൻപാട്ടുവരെ 213 ഇനങ്ങളിലായി 1100 മത്സരാർഥികൾ പങ്കെടുത്തു.  പ്രായത്തിലും അനുഭവത്തിലും കാഴ്ചപ്പാടിലും വ്യത്യസ്തമായവർ വേദിയിൽ മാറ്റുരച്ചപ്പോൾ അത് ആസ്വാദകരിലും ആവേശമുണർത്തി. പ്രായം ഉള്ളിലെ സർ​ഗശേഷിയെ തളർത്തില്ലെന്നതിനുള്ള തെളിവായിരുന്നു ഹയർ സെക്കന്‍ഡറി തുല്യതാ പഠിതാക്കൾ അവതരിപ്പിച്ച നാടോടിനൃത്തവും ഭരതനാട്യവും. 
പിഴയ്ക്കാത്ത ചുവടുകളാൽ വിസ്മയം തീർക്കുകയായിരുന്നു ഓരോ മത്സരാർഥികളും.ഇന്ത്യയിൽ ആദ്യമായി ജീവകാരുണ്യ പ്രസ്ഥാനത്തിൽ സാക്ഷരതാ പഠനം ആരംഭിക്കുന്നത്‌ പത്തനാപുരം ഗാന്ധിഭവനിലാണ്. ഗാന്ധിഭവൻ അന്തേവാസിയാണ് കുഞ്ഞമ്മതേവർ. ഉച്ചഭക്ഷണത്തിനു ശേഷം പഠനത്തിനും മറ്റ് കഥാപുസ്തകങ്ങൾ വായിക്കുന്നതിനും മാറ്റിവയ്ക്കും. അതിൽനിന്ന് കിട്ടുന്ന അറിവുകളും കഥകളും കുഞ്ഞമ്മ മറ്റുള്ളവർക്കും പകർന്നു നൽകും. 
കേന്ദ്രത്തിലെ മറ്റൊരു താരമാണ് തോമസുകുട്ടി.
10–-ാംതരം തുല്യതാ പഠനം പൂർത്തിയാക്കിയ തോമസുകുട്ടി റെഡ് ക്രോസ് സൊസൈറ്റിയിലാണ്‌ ജോലി ചെയ്യുന്നത്‌. ഇന്റർനാഷണൽ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ 5000 മീറ്റർ നടത്തത്തിൽ പങ്കെടുത്ത്‌ മെഡൽ കരസ്ഥമാക്കിയാണ് തോമസുകുട്ടി മിന്നുംതാരമായത്. ഭാര്യയും രണ്ടുകുട്ടികളും അടങ്ങുന്നതാണ് കുടുംബം. സ്വന്തമായി വീടില്ലാത്ത ഇയാൾ തന്റെ പ്രാരാബ്ധങ്ങൾക്കിടയിലും 10–-ാം ക്ലാസ് തുല്യതാ പഠനം പൂർത്തീകരിച്ചു. ബ്രൂണോയിൽ നടന്ന നടത്ത മത്സരത്തിൽ വെള്ളിമെഡൽ സ്വന്തമാക്കാനും തോമസുകുട്ടിക്ക് കഴിഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top