18 September Wednesday

എക്‌സൈസ്‌ ജാഗ്രതയിലാണ്‌ ഓണം ഓവറാക്കണ്ടട്ടാ...

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019
 
 സ്വന്തം ലേഖകന്‍ 
കൊല്ലം
കഞ്ചാവും മയക്കുമരുന്നും വ്യാപകമായി പിടിക്കുന്ന ജില്ലയില്‍ ഓണക്കാലത്ത് കൂടുതല്‍ ജാഗ്രതയുമായി എക്സൈസ്. അതിര്‍ത്തി പ്രദേശങ്ങളിലും ചെക്ക് പോസ്റ്റുകളിലും പരിശോധന കര്‍ശനമാക്കി. അതിര്‍ത്തി കടന്നെത്തുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കും. ചെക്ക്പോസ്റ്റുകളില്‍ വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരെ ഉള്‍പ്പെടെ നിയമിക്കും. എക്സൈസ് വകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് കര്‍ശന നടപടി.
റെയില്‍വേ പൊലീസും
 രംഗത്ത്
ലഹരി കടത്തുന്നവരെ പിടികൂടാന്‍ ട്രെയിനില്‍ എക്സൈസിനൊപ്പം ആര്‍പിഎഫും സജീവം. ട്രെയിനിലും റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും ലഹരികടത്തും കൈമാറ്റവും വ്യാപകമാണ്. തുടര്‍ന്നാണ് പ്രതികളെ പിടിക്കാനും കേസെടുക്കാനും കോടതിയില്‍ കേസ് ഫയല്‍ ചെയ്യാനുമുള്ള അധികാരം സര്‍ക്കാര്‍ ആര്‍പിഎഫിനും നല്‍കിയത്. നേരത്തെ ട്രെയിനില്‍ എക്സൈസ് ആയിരുന്നു പരിശോധന നടത്തിയിരുന്നത്. 
ഓച്ചിറ, കരുനാഗപ്പള്ളി, ശാസ്താംകോട്ട, മയ്യനാട്, ഏഴുകോണ്‍, കുണ്ടറ, കൊട്ടാരക്കര റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കഞ്ചാവും മയക്കുമരുന്നും കടത്തുന്നതിന്റെ വിവരങ്ങള്‍ എക്സൈസിനും പൊലീസിനും ലഭിച്ചിരുന്നു. കൊല്ലം സ്റ്റേഷനില്‍നിന്ന് അടുത്തിടെ ലഹരിവസ്തുക്കള്‍ പിടികൂടി. 
  ട്രെയിനില്‍ കാണുന്ന പല ലഗേജുകളും സംശയാസ്പദമാണെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു.  
കുപ്പിച്ചില്ലും 
കുമ്മായപ്പൊടിയും
നിക്കോട്ടിന്‍ അടങ്ങിയ പാന്‍ മസാലകള്‍ കുപ്പിച്ചില്ലും കുമ്മായും കലര്‍ത്തി വിപണിയിലെത്തുന്നു. ഒറ്റനോട്ടത്തില്‍ കുമ്മായപ്പൊടിയാണെന്ന് തോന്നുന്നതാണ് ഇവ. ക്രീമുകളും ടൂത്ത് പേസ്റ്റുകളും വരുന്ന ബോട്ടിലുകളില്‍ നിറച്ചാണ് ഉപയോഗം. 
പാന്‍ മസാലകളില്‍ കുപ്പിച്ചില്ലുപ്പൊടി കലര്‍ത്തി കൈവെള്ളയില്‍ തിരുമ്മി വായില്‍വയ്ക്കുമ്പോള്‍ തൊലിപ്പുറവുമായി അമര്‍ന്ന് ലഹരി രക്തത്തില്‍ കലരുന്നു. കൂടുതലും ഇതരസംസ്ഥാന തൊഴിലാളികളാണ് കുപ്പിച്ചില്ല് ലഹരിയുടെ ഉപയോക്താക്കള്‍. കോളേജ് വിദ്യാര്‍ഥികളിലും ഇവ എത്തുന്നുണ്ട്. 
കേസുകള്‍ വര്‍ധിച്ചു
ഒരു മാസത്തിനിടെ ജില്ലയില്‍ എക്സൈസ് 53 കഞ്ചാവ്, മയക്കുമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അബ്കാരി കേസ് 90, പാന്‍ മസാല കേസ് 928.  1082 കിലോ പാന്‍മസാലയും പുകയില ഉല്‍പ്പന്നങ്ങളും എട്ടുകിലോ കഞ്ചാവും 80 നൈട്രാസ്പാം ഗുളികയും പിടികൂടി.  800 ലിറ്റര്‍ കോടയും 129 ലിറ്റര്‍ വിദേശമദ്യവും 40 ലിറ്റര്‍ ചാരായവും പിടികൂടിയിരുന്നു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top