16 November Saturday
എസ്‌ഡിപിഐ ആക്രമണം

എസ്എഫ്‌ഐ നേതാവിനെ കുത്തിക്കൊല്ലാൻ ശ്രമം

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019

    

ചാത്തന്നുർ 
പ്രളയബാധിത കുട്ടികൾക്കു നൽകാനുള്ള ബുക്കുകൾ ഏറ്റുവാങ്ങാൻ കോളേജിനു മുന്നിലെത്തിയ എസ്എഫ്‌ഐ നേതാക്കൾക്കുനേരെ എസ്‌ഡിപിഐ ആക്രമണം. ചാത്തന്നൂർ ഏരിയ പ്രസിഡന്റ് മീനാട് വിനയപത്മത്തിൽ വിനീതിനെ വാരിയെല്ലിനു താഴെ കുത്തേറ്റ് പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  തലയ്ക്കടിയേറ്റ ഏരിയ സെക്രട്ടറി അനന്തു, ജോയിന്റ് സെക്രട്ടറി മിഥുൻ, വൈസ് പ്രസിഡന്റ് അഭിറാം എന്നിവരും ആശുപത്രിയിലാണ്. ചാത്തന്നൂർ എംഇഎസ് എൻജിനിയറിങ്‌ കോളേജിൽ ബുധനാഴ്ച വൈകിട്ട് നാലിനാണ്  സംഭവം. 
പ്രളയബാധിത കുടുംബങ്ങളിലെ കുട്ടികൾക്കു നൽകാൻ എസ്എഫ്‌ഐ  തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ  പുസ്തകവും  നോട്ടുബുക്കുകളും  സ്വരൂപിച്ചിരുന്നു. പുസ്തകം ഏറ്റുവാങ്ങാൻ  കോളേജിനുമുന്നിൽ പകൽ മൂന്നോടെ  പ്രവർത്തകർ എത്തി.  
ക്യാമ്പസ് ഫ്രണ്ട് യൂണിറ്റ് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇതേ സമയം പുറത്തുനിന്ന് എസ്ഡിപിഐ പ്രവർത്തകരും വന്നു. എസ്ഡിപിഐ സംഘം  കൊടിമരം  സ്ഥാപിക്കാൻ ഒത്തുകൂടിയും  മുദ്രാവാക്യം വിളിച്ചും  പുസ്തകശേഖരണം തടസ്സപ്പെടുത്തി. എസ്എഫ്‌ഐ പ്രവർത്തകർ  പ്രതിഷേധിച്ചതോടെ എസ്ഡിപിഐ ആക്രമിക്കുകയായിരുന്നു. സംഘർഷത്തിനിടെ രണ്ട്  എസ്ഡിപിഐക്കാർക്ക്‌ പരിക്കേറ്റു. ഇതോടെ തൊട്ടടുത്ത്  തമ്പടിച്ചിരുന്ന മുപ്പതോളം വരുന്ന  എസ്ഡിപിഐ സംഘം വടിവാളും കമ്പിയും അടക്കം ആയുധങ്ങളുമായി ക്യാമ്പസിലേക്ക് ഇരച്ചുകയറി. വിനീതിന്റെ പിന്നാലെ  ഓടിയെത്തി കുത്തിവീഴ്ത്തി. ഇതിനിടയിലാണ് മറ്റുള്ളവർക്ക് അടിയേറ്റത്. ക്യാമ്പസിൽ എസ്ഡിപിഐ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ വിദ്യാർഥികളും അധ്യാപകരും ചിതറിയോടി. ചാത്തന്നൂർ പൊലീസ് സ്ഥലത്തെത്തിയ ശേഷമാണ്  അധ്യാപകർക്ക് ഉൾപ്പെടെ  പുറത്തേക്കു പോകാനായത്‌.
പ്രധാന വാർത്തകൾ
 Top