18 September Wednesday

ഗാന്ധിഭവന്‌ 15 വയസ്സ്‌; 15 ജനക്ഷേമ പദ്ധതികൾ

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019

 

കൊല്ലം
ജീവകാരുണ്യ പ്രസ്ഥാനമായ പത്തനാപുരം ഗാന്ധിഭവൻ ബഹുജനപങ്കാളിത്തത്തോടെയുള്ള 15  പദ്ധതികൾ  പ്രഖ്യാപിച്ചു. ആദ്യപദ്ധതിക്ക് ഒക്ടോബറിൽ  തുടക്കം കുറിക്കും. തിരുവനന്തപുരത്ത്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്ത വാർഷികാഘോഷച്ചടങ്ങിലാണ്‌ പദ്ധതികൾ പ്രഖ്യാപിച്ചത്‌.  
 പാലിയേറ്റീവ് കെയർ സംഘടനകളെയും  പ്രവർത്തകരെയും ഉൾപ്പെടുത്തി പാലിയേറ്റീവ് മഹാസംഗമം സംഘടിപ്പിക്കും.   മാതാപിതാക്കളെ  വലിച്ചെറിയുന്നതിന്‌ എതിരെ പ്രതികരണവുമായി ‘അമ്മ അറിയാൻ’  നവംബറിൽ തിരുവനന്തപുരത്ത് ആരംഭിച്ച് കേരളമാകെ നടപ്പാക്കും. ഡിസംബറിൽ  തിരുവനന്തപുരത്ത്  മാനസികാരോഗ്യ സെമിനാർ  നടത്തും.
ജനുവരിയിൽ തൃശൂരിൽ ജീവകാരുണ്യപ്രസ്ഥാനങ്ങളുടെയും പ്രവർത്തകരുടെയും സംഗമം നടത്തും.  ഫെബ്രുവരിയിൽ കാസർകോട്‌  ജില്ലയിൽ പ്രകൃതിസംരക്ഷണം, ആരോഗ്യസംരക്ഷണം, രോഗപ്രതിരോധം, മൂല്യാധിഷ്ഠിത ഗുരുകുല വിദ്യാഭ്യാസം, ജീവകാരുണ്യ അക്കാദമി അടക്കമുള്ള മാനവ സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കും. മാർച്ചിൽ പത്തനംതിട്ട ജില്ലയിൽ, സർവീസിൽനിന്ന്‌ വിരമിച്ചവർക്കും പ്രവാസവാസം കഴിഞ്ഞ് മടങ്ങിയെത്തിയ ദമ്പതികൾക്കുമായി സ്‌നേഹഗ്രാമം ഒരുക്കും.  ഏപ്രിലിൽ  കൊച്ചിയിൽ സംസ്ഥാനതല മാധ്യമ സിമ്പോസിയം നടത്തും. മേയിൽ കോഴിക്കോട്‌ സ്‌നേഹസത്രത്തിന് തുടക്കം. ജൂണിൽ ആലപ്പുഴയിൽ  സാംസ്കാരികനിലയം,  അഭയകേന്ദ്രം എന്നിവയും  ജൂലൈയിൽ ആലപ്പുഴ ജില്ലയിൽത്തന്നെ ഉപേക്ഷിക്കപ്പെടുന്ന വയോജനങ്ങൾക്കായി സ്‌നേഹമരച്ചില്ലയും നിർമിക്കും.         
ആഗസ്‌തിൽ  ചിറയിൻകീഴിൽ പാവപ്പെട്ട വിദ്യാർഥികൾക്കായി  ഡോ. എ പി ജെ അബ്ദുൽ കലാം വൊക്കേഷണൽ അക്കാദമി സ്ഥാപിക്കും. സെപ്തംബറിൽ തിരുവനന്തപുരം സിറ്റിയിൽ  മേൽപ്പാലം നിർമിക്കും.  
ഒക്ടോബറിൽ   തൃശൂരിൽ സംസ്ഥാനതല ജീവകാരുണ്യ കലോത്സവം സംഘടിപ്പിക്കും. നവംബറിൽ കോട്ടയത്ത്‌ ഫാമിലി ക്ലബ്ബുകളുടെ സംസ്ഥാന സംഗമം സംഘടിപ്പിക്കും. ഡിസംബറിൽ  തിന്മകൾക്കെതിരായ  ചലച്ചിത്രം നിർമിക്കും.
പ്രധാന വാർത്തകൾ
 Top