22 August Thursday

യുഡിഎഫ് കൊല്ലം സ്ഥാനാര്‍ഥിയെ കൈയൊഴിഞ്ഞ് കോണ്‍ഗ്രസ്

സ്വന്തം ലേഖകന്‍Updated: Monday Apr 22, 2019

 

കൊല്ലം
വോട്ടെടുപ്പിനു മണിക്കൂറുകൾ മാത്രം ശേഷിക്കെ കൊല്ലത്തെ യുഡിഎഫ് സ്ഥാനാർഥി എൻ കെ പ്രേമചന്ദ്രനെ കോൺഗ്രസ് പ്രവർത്തകർ കൈയൊഴിയുന്നു. തെരഞ്ഞെടുപ്പിനു ശേഷം പ്രേമചന്ദ്രൻ ബിജെപിക്കൊപ്പം പോകുമെന്ന സംശയത്തിന് ബലം നൽകുന്ന തെളിവുകൾ പുറത്തുവന്നതാണ് കോൺഗ്രസ് പിന്മാറ്റത്തിന് കാരണം.
കേന്ദ്രമന്ത്രിയും എറണാകുളത്തെ എൻഡിഎ സ്ഥാനാർഥിയുമായ അൽഫോൺസ് കണ്ണന്താനത്തിനും എൻ കെ പ്രേമചന്ദ്രനും വേണ്ടി സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നത് ഒരേ വ്യക്തിയാണെന്ന് വ്യക്തമായിരുന്നു. ഇരുവർക്കും വേണ്ടി പരസ്യം നൽകുന്നതിനുള്ള പണം ഒരേ അക്കൗണ്ടിൽ നിന്നാണ് പോകുന്നതെന്നും തെളിഞ്ഞു. പ്രേമചന്ദ്രന്റെ പ്രചാരണം നിയന്ത്രിക്കുന്നത് ബിജെപി ബുദ്ധികേന്ദ്രങ്ങളാണെന്ന സംശയം ഇതോടെ ബലപ്പെട്ടിരിക്കുകയാണ്.
പ്രേമചന്ദ്രനെ കണക്കിൽ കൂട്ടുന്നില്ല എന്ന വിധത്തിൽ കഴിഞ്ഞ ദിവസം പത്തനാപുരത്തെ യോഗത്തിൽ രാഹുൽ ഗാന്ധി പെരുമാറിയതും കോൺഗ്രസുകാരിൽ ആശയക്കുഴപ്പത്തിന് കാരണമായിട്ടുണ്ട്. പ്രേമചന്ദ്രൻ ബിജെപിയുമായി പുലർത്തുന്ന അടുത്ത ബന്ധത്തെക്കുറിച്ച് രാഹുലിനും വിവരം ലഭിച്ചിട്ടുണ്ട്.  ശബരിമല സ്ത്രീപ്രവേശനത്തിൽ ഓർഡിനന്‍സ് ഇറക്കുന്നതിന്  നരേന്ദ്രമോഡിയെ കാണാൻ കേരളത്തിലെ കോൺഗ്രസ് എംപിമാരെ ഒപ്പം കൊണ്ടുപോകാൻ ശ്രമിച്ചത് പ്രേമചന്ദ്രനാണെന്ന് രാഹുൽ ഗാന്ധിക്കറിയാം. രാഹുൽ ഗാന്ധിയും  സോണിയ ഗാന്ധിയും ഇടപെട്ടാണ് കേരളത്തിലെ കോൺഗ്രസുകാരെ ഓർഡിനൻസ് നീക്കത്തിൽ  നിന്ന് പിന്തിരിപ്പിച്ചത്.
 പത്തനാപുരത്തെ യോഗം അവസാനിക്കാറായപ്പോൾ മാവേലിക്കരയിലെ സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിനെ ചേർത്തുപിടിച്ച് രാഹുൽ മൈക്കിന് അരികിലെത്തിക്കുകയും തന്റെ സ്വന്തം സ്ഥാനാർഥിയാണെന്ന് പരിചയപ്പെടുത്തുകയും ചെയ്തു. എന്നാൽ, അവിടേക്കു സ്വയം നടന്നെത്തിയ പ്രേമചന്ദ്രനോട് ‘സ്വയം പരിചയപ്പെടുത്തൂ’ എന്നു പറഞ്ഞ് രാഹുൽ മാറിനിന്നു.
വാടിയ മുഖവുമായി പ്രേമചന്ദ്രൻ മൈക്കിലൂടെ സ്വയം പരിചയപ്പെടുത്തുമ്പോൾ രാഹുൽ പിന്നിലൂടെ രമേശ് ചെന്നിത്തലയോട് സംസാരിക്കുന്നത് സദസ്സിലിരുന്നവർ കണ്ടു. അതിനു ശേഷം ‘പ്രേമചന്ദ്രനെ ലോക്‌സഭയിൽ വച്ച് എനിക്കറിയാം. നല്ല പ്രസംഗമാണ്’ എന്നു മാത്രം പറഞ്ഞ് രാഹുൽ പിന്തിരിഞ്ഞു.
 നരേന്ദ്രമോഡിയും രാഹുൽ ഗാന്ധിയും ഇരുവശങ്ങളില്‍ നിന്നു പോരാടുന്ന  തെരഞ്ഞെടുപ്പിൽ രാഹുലിനൊപ്പമുള്ള പ്രേമചന്ദ്രന് എതിർപക്ഷത്തുള്ള നരേന്ദ്രമോഡിയുടെ ആളുകൾ വോട്ടു മറിക്കുന്നത് എന്തിനെന്ന ചോദ്യം കോണ്‍ഗ്രസുകാർ   ഉയർത്തുന്നു. പ്രേമചന്ദ്രന് വോട്ടു മറിക്കാൻ പറ്റില്ലെന്നും തങ്ങൾ ബിജെപിക്കു തന്നെ വോട്ടു ചെയ്യുമെന്നും  ഒരു വിഭാഗം പരസ്യമായി പ്രഖ്യാപിച്ചത് ബിജെപി നേത്യത്വത്തിലും പൊട്ടിത്തെറി സ്യഷ്ടിച്ചു. ഇവർ പ്രത്യേക കൺവൻഷൻ കൂടുകയും പുതിയൊരു സാംസ്‌കാരിക സംഘടനയ്ക്ക് രൂപം നൽകുകയും ചെയ്തു. 
കോൺഗ്രസിന്റെ ജില്ലാ നേതൃതലത്തിലുള്ളവർ പ്രചാരണ പരിപാടികളിൽ സഹകരിക്കുന്നുണ്ടെങ്കിലും പ്രേമചന്ദ്രന്റെ മകൻ  നടത്തുന്ന ഇടപെടലുകൾ അവരെ അസ്വസ്ഥരാക്കുന്നതായാണ് സൂചന. ഭാര്യയോ മകനോ പറയുന്നത് അനുസരിക്കാനാവില്ലെന്നും വല്ലതും പറയാൻ  ഉണ്ടെങ്കിൽ അത് ആർഎസ‌്പി ജില്ലാ സെക്രട്ടറിയെക്കൊണ്ടു സംസാരിപ്പിക്കണമെന്നും ഒരു കെപിസിസി സെക്രട്ടറി കഴിഞ്ഞ ദിവസം പ്രേമചന്ദ്രന്റെ മുഖത്തുനോക്കി പറഞ്ഞത് ഈ അതൃപ്തിയുടെ ഭാഗമാണ്.
 കോൺഗ്രസുകാരിൽ വിശ്വാസം ഇല്ലാത്തതാണ് ആർഎസ‌്പി പ്രവർത്തകരുടെ ഷാഡോ ടീമിന‌് രൂപംനൽകാൻ പ്രേമചന്ദ്രനെ പ്രേരിപ്പിച്ചത്. ഗുരുതര പ്രത്യാഘാതമുണ്ടാക്കിയ ഈ വെളിപ്പെടുത്തലിനെ തുടർന്ന് ഞായറാഴ്ച കോൺഗ്രസ് പ്രവർത്തകർ സ്ലിപ്പ് വിതരണം നിർത്തിവച്ചു. 
ഷാഡോ കമ്മിറ്റി റിപ്പോർട്ട് വന്നശേഷം മതി ഇനി പ്രവർത്തനം എന്നാണ് മുതിർന്ന ഡിസിസി നേതാക്കളുടെ നിലപാട്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top