24 October Thursday
എഴുകോൺ ഇഎസ്ഐ ആശുപത്രി

പിരിച്ചുവിടൽ, സമരം, തിരിച്ചെടുക്കൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2019
എഴുകോൺ
പ്രായപരിധിയുടെ പേരിൽ മുൻകൂർ നോട്ടീസ് നൽകാതെ  ഇഎസ്ഐ ആശുപത്രി കരാർത്തൊഴിലാളികളെ പിരിച്ചുവിട്ടു. ശുചീകരണ വിഭാഗത്തിലെ അഞ്ചു തൊഴിലാളികളെയാണ് പ്രായക്കൂടുതലിന്റെ പേരിൽ പിരിച്ചുവിട്ടത്. സംഭവത്തിൽ പ്രതിഷേധിച്ച്‌  ആശുപത്രിയിലെ ശുചീകരണത്തൊഴിലാളികൾ പണിമുടക്കിയതോടെ പിരിച്ചുവിട്ടവരെ തിരിച്ചെടുത്തു. 
മുപ്പത്തഞ്ച്‌ വനിതാ ശുചീകരണത്തൊഴിലാളികൾ ഉണ്ടായിരുന്ന ആശുപത്രിയിൽ മുമ്പ് തൊഴിലാളി സംഘടനകളുമയി  നടത്തിയ ചർച്ചയിൽ പുതിയതായി എട്ട് പുരുഷതൊഴിലാളികളെ കൂടിയെടുത്ത് ജീവനക്കാരുടെ എണ്ണം വർധിപ്പിച്ചിരുന്നു. എന്നാൽ, തൊഴിലാളി സംഘടനകളുമായുള്ള ധാരണ ലംഘിച്ച്  മുന്നറിയിപ്പില്ലാതെ കഴിഞ്ഞ ദിവസം അഞ്ചു ജീവനക്കാരെ പിരിച്ചു വിടുകയായിരുന്നു.  പ്രായപരിധി 50 കഴിഞ്ഞവരെയാണ്‌ പുതിയ വ്യവസ്ഥ പ്രകാരം പിരിച്ചുവിട്ടത്‌.  എന്നാൽ, ഇത് കേന്ദ്ര തൊഴിലാളി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് തൊഴിലാളികൾ പറഞ്ഞു.  
ജില്ലാ ലേബർ ഓഫീസർ എ ബിന്ദു ആശുപത്രിയിൽ എത്തി ചർച്ച നടത്തി. ഉയർന്ന പ്രായപരിധിയിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് ലേബർ വകുപ്പ്‌ സംസ്ഥാനത്തിനും സംസ്ഥാനം ഇത്‌ ഇഎസ്ഐ കോർപറേഷനും   കൈമാറുമെന്ന്‌  ലേബർ ഓഫീസർ അറിയിച്ചു. ഇതിനെത്തുടർന്ന് പിരിച്ചുവിട്ടവരെ താൽക്കാലികമായി  തിരിച്ചെടുക്കാൻ ആശുപത്രി അധികൃതർ തയ്യാറായി. കോർപ്പറേഷൻ ചട്ടത്തിൽ ഭേതഗതി വരുത്തിയാൽ മാത്രമേ ഇവർക്ക്‌ ജോലിയിൽ തുടരാനാകൂ.  ആശുപത്രി സൂപ്രണ്ട് തനൂജ, ഡെപ്യൂട്ടി സൂപ്രണ്ട് ബിജു, സിഐടിയു നേതാക്കളായ കെ ഓമനക്കുട്ടൻ, എസ്  കൃഷ്ണകുമാർ, എഴുകോൺ സന്തോഷ്, ഷിഹാബുദീൻ, എഐടിയുസി നേതാക്കളായ അനിൽകുമാർ, കെ ഉദയൻ കാരുവേലിൽ, പി എ ഷറഫുദീൻ തുടങ്ങിയവർ  ചർച്ചയിൽ പങ്കെടുത്തു. കഴിഞ്ഞ മാസവും കരാർത്തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു.
പ്രധാന വാർത്തകൾ
 Top