20 July Saturday

റോഡ്‌ ഷോകളിൽ ആവേശത്തിര

വെബ് ഡെസ്‌ക്‌Updated: Sunday Apr 21, 2019

 കരുനാഗപ്പള്ളി

 “പിന്നിട്ട പാതകളിൽ വിജയക്കുതിപ്പിന്റെ നറുമലരുകൾ വിരിയിച്ച് എ എം ആരിഫ് കടന്നുവരുന്നു’... അനൗൻസ്‌മെന്റ‌് കേട്ട് പാതയോരങ്ങളിലേക്ക് ഓടിയടുത്തവർക്കു മുന്നിലേക്ക് കടലിരമ്പംപോലെ എൽഡിഎഫിന്റെ റോഡ് ഷോ കടന്നുവന്നു. എതിരാളികളെപ്പോലും വിസ്മയിപ്പിച്ച വൻ ജനപങ്കാളിത്തത്തോടെ ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ സുനിശ്ചിത വിജയം ഉറപ്പിച്ച് എ എം ആരിഫിന്റെ റോഡ് ഷോ ശ്രദ്ധേയമായി.  കരുനാഗപ്പള്ളി മണ്ഡലത്തിന്റെ  തീരമേഖലയിൽ ആവേശത്തിരമാലകൾ തീർത്താണ‌്  റോഡ് ഷോ കടന്നുപോയത്. വിവിധ കേന്ദ്രങ്ങളിൽ മാലപ്പടക്കവും രക്തഹാരങ്ങളും പുഷ്പവൃഷ്ടിയുമായി പാതയോരങ്ങളിൽ  വനിതകൾ ഉൾപ്പെടെ പ്രവർത്തകർ തടിച്ചുകൂടി.  
 ആയിരക്കണക്കിന‌് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ എ എം ആരിഫിനെ അക്ഷരാർഥത്തിൽ തീരമേഖല നെഞ്ചോടു ചേർക്കുകയായിരുന്നു. രാവിലെ ഒമ്പതിന‌് കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലെ പത്മനാഭൻജെട്ടിയിൽനിന്ന‌് ആർ രാമചന്ദ്രൻ എംഎൽഎയാണ് റോഡ് ഷോ ഉദ്ഘാടനംചെയ്തത്. 
 എൽഡിഎഫ് നേതാക്കളായ പി ആർ വസന്തൻ, സി ബി ചന്ദ്രബാബു, പി പി ചിത്തരഞ്ജൻ, പി കെ ബാലചന്ദ്രൻ, പി ബി സത്യദേവൻ, ജെ ജയകൃഷ്ണപിള്ള, കെ എസ് ഷറഫുദീൻ മുസലിയാർ, കടത്തൂർ മൻസൂർ, ജഗത് ജീവൻ ലാലി, കമറുദീൻ മുസലിയാർ, ഡി സദാനന്ദൻ, റെജി കരുനാഗപ്പള്ളി, പിംസോൾ അജയൻ, സക്കീർ, അബ്ദുൽ സലാം അൽഹന, ഷിഹാബ് എസ് പൈനുംമൂട് തുടങ്ങിയവർ സംസാരിച്ചു. 
ബിഎഡ് പരീക്ഷയിൽ റാങ്ക് നേടിയ കരുനാഗപ്പള്ളി കോഴിക്കോട് തോട്ടുകര വീട്ടിൽ സുരഭിക്ക് സമ്മാനമായി എ എം ആരിഫ് പുസ്തകങ്ങൾ കൈമാറിക്കൊണ്ടാണ്  റോഡ് ഷോ ആരംഭിച്ചത്. പത്മനാഭൻജെട്ടിയിൽനിന്ന‌് ആരംഭിച്ച് പോക്കാട്ടുമുക്ക്, പണിക്കർകടവ്, തുറയിൽകുന്ന്, ആലുംകടവ്, വള്ളിക്കാവ്, ആലുംപീടിക വഴി മണ്ഡലം അതിർത്തിയായ പ്രയാറിൽ എത്തിയപ്പോഴേക്കും മന്ത്രി ജി സുധാകരന്റെയും യു പ്രതിഭ എംഎൽഎയുടെയും നേതൃത്വത്തിൽ കായംകുളത്തെ നൂറുകണക്കിന് എൽഡിഎഫ് പ്രവർത്തകർ അഭിവാദ്യവുമായി എത്തി. 
 കരുനാഗപ്പള്ളി മണ്ഡലത്തിലെ പ്രവർത്തകർ ഓച്ചിറ വഴി ദേശീയപാതയിലൂടെ കന്നേറ്റിയിലെത്തി പ്രചാരണ പരിപാടി അവസാനിപ്പിച്ചു. കരുനാഗപ്പള്ളിയിൽമാത്രം രണ്ടായിരത്തിലധികം ഇരുചക്രവാഹനങ്ങളാണ് റോഡ് ഷോയിൽ അണിനിരന്നത്.
പ്രധാന വാർത്തകൾ
 Top