24 May Friday

പോളിങ് സാമഗ്രികൾ വിതരണസജ്ജം

വെബ് ഡെസ്‌ക്‌Updated: Sunday Apr 21, 2019

 

പുനലൂർ
പാർലമെന്റ‌് തെരഞ്ഞെടുപ്പിന് പുനലൂർ നിയോജക മണ്ഡലത്തിലെ  196  ബൂത്തിലേക്കുള്ള പോളിങ് സാമഗ്രികൾ തയ്യാറായി. ശനിയാഴ്ച പുനലൂർ താലൂക്ക് ഓഫീസ‌്  ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേകം കിറ്റുകളാക്കി  സൂക്ഷിച്ചിരിക്കുകയാണ‌്. 22ന് പുനലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ ഏഴുമുതൽ പോളിങ് ഓഫീസർമാർക്ക് ഇലക്ട്രോണിക് വോട്ടിങ് മെഷീൻ, വിവി പാറ്റ്, കൺട്രോൾ യൂണിറ്റ്, മറ്റു പോളിങ് സാമഗ്രികൾ ഉൾപ്പെട്ട കിറ്റ് എന്നിവ വിതരണംചെയ്യും. 
പൊലീസ‌് അകമ്പടിയോടെ   സാമഗ്രികൾ അതത് ബൂത്തുകളിൽ എത്തിക്കും.  വോട്ടു രേഖപ്പെടുത്തുന്നതിന് മെഷീൻ സ്ഥാപിക്കുന്ന സ്ഥലം മറയ്ക്കാൻ കമ്പാർട്ട്മെന്റ് തിരിക്കാൻ കാർഡ് ബോർഡ്, വോട്ടു ചെയ്തയാളെ തിരിച്ചറിയാൻ വിരലിൽ പുരട്ടുന്ന മഷി, ബൂത്ത്, സ്ഥാനാർഥികളുടെ വിവരങ്ങൾ എന്നിവ രേഖപ്പെടുത്തിയ ചാർട്ട്, വോട്ടിങ് മെഷീന്റെ മാതൃക, വോട്ടർ പട്ടികയുടെ മൂന്നു പകർപ്പ്, രജിസ്റ്റർ, വിവിധ ഫോറങ്ങൾ, പ്രത്യേക സാഹചര്യത്തിൽ ഉപയോഗിക്കേണ്ട ബാലറ്റ് പേപ്പർ, സ്റ്റാമ്പ് പാഡ്, മെഴുക് തുടങ്ങി നൂറിലധികം സാധനങ്ങളാണ് കിറ്റിലാക്കി വിതരണത്തിന് തയ്യാറാക്കിയത്. ഇലക്ട്രോണിക് വോട്ടിങ് മെഷീൻ, വി വി പാറ്റ് എന്നിവ ഗവ. എച്ച്എസ്എസിലെ സ്ട്രോങ് റൂമിൽ സായുധ പൊലീസ് കാവലിൽ സൂക്ഷിച്ചിരിക്കുകയാണ്. എല്ലാ പോളിങ്ബൂത്തുകളിലും ശനിയാഴ്ച തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി.
പ്രധാന വാർത്തകൾ
 Top