21 February Friday
ചികിത്സിച്ച 100 പേർക്ക്‌ ഗുരുതര രോഗം

വ്യാജ വൈദ്യനെതിരെ സംയുക്ത അന്വേഷണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 21, 2020

ഒളിവിൽ പോയ ലക്ഷ്‌മണൻ

 

 
സ്വന്തം ലേഖകന്‍
അഞ്ചൽ
വ്യാജ വൈദ്യന്റെ ചികിത്സയെത്തുടർന്ന് നിരവധിപേർ മാരകരോഗികളായതായി പരാതി ഉയർന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പും ഡ്രഗ്സ്‌ കൺട്രോൾ വിഭാഗവും  പൊലീസും അന്വേഷണം തുടങ്ങി. 
അഞ്ചൽ പത്തടിയിലാണ്‌ നൂറോളം പേർ രോഗികളായതായി പരാതി ഉയർന്നത്‌. തെലങ്കാന സ്വദേശിയായ ലക്ഷ്‌മണനെതിരെയാണ്‌ അന്വേഷണം. ഒളിവിലുള്ള  ഇയാൾക്കായുള്ള തെരച്ചിൽ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
വലിയ അളവിൽ മെർക്കുറി അടങ്ങിയ മരുന്നുകഴിച്ച്‌ ഗുരുതരാവസ്ഥയിലായവരെ കൊല്ലം ഡ്രഗ്‌സ് കൺട്രോൾ വിഭാഗം സന്ദർശിച്ചു. കൊല്ലം ഡ്രഗ്‌സ് ഇൻസ്പെക്ടർ എം സി ഗീതയുടെ നേതൃത്വത്തിലുള്ള സംഘവും അഞ്ചൽ സാമൂഹ്യരോഗ്യകേന്ദ്രത്തിലെ ഡോ. ഷെമീറിന്റ നേതൃത്വത്തിലുള്ള സംഘവും പത്തടി സന്ദർശിച്ചു. 
വ്യാജ വൈദ്യൻ നൽകിയ മരുന്നിന്റെ സാമ്പിളും ഇവർ ശേഖരിച്ചു. പ്രദേശത്തെ 100 വീട്ടിലാണ്‌ വൈദ്യൻ മരുന്നു നൽകിയത്. ഇതു കഴിച്ചതോടെ പ്രദേശത്തുള്ളവരെല്ലാം  കരൾ, വൃക്കരോഗികളായി. വിവിധ രോഗങ്ങൾ ചികിത്സിച്ചു ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു മരുന്നുവിതരണം.  
പത്തടി റഹിം മൻസിലിൽ ഉബൈദിന്റെ മകൻ നാലുവയസ്സുകാരൻ മുഹമ്മദ് അലിയുടെ ശരീരത്തിലെ കരപ്പന് ഇയാൾ ചികിത്സ നൽകിയിരുന്നു. മരുന്ന് 10 ദിവസം കഴിച്ചതോടെ കുട്ടിക്ക് കടുത്ത പനിയും തളർച്ചയും ശരീരമാസകലം തടിപ്പും അനുഭവപ്പെട്ടു.  അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി അബോധാവസ്ഥയിലായതിനെ തുടർന്ന് തിരുവനന്തപുരം ശിശുരോഗ ആശുപത്രിയിലേക്കു മാറ്റി.  
അവിടെ 10 ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞശേഷമാണ്‌ രക്ഷപ്പെട്ടത്‌.  കുട്ടിയെ ചികിത്സിച്ച  ഡോക്ടർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ്‌  വൈദ്യൻ നൽകിയ മരുന്ന്‌ ലാബിൽ അയച്ചു പരിശോധിച്ചത്. 
ഇതിൽ അനുവദനീയമായ അളവിന്റെ 20 ഇരട്ടിയിൽ അധികം മെർക്കുറി കണ്ടെത്തുകയായിരുന്നു. 5000- രൂപ മുതൽ 20,000 വരെ ഈടാക്കിയാണ്‌ വ്യാജ വൈദ്യൻ മരുന്ന്‌ നൽകിയത്‌.
പ്രധാന വാർത്തകൾ
 Top