21 February Thursday

ബി ടി ആർ ഭവൻ ഉദ‌്ഘാടനംചെയ‌്തു ഔഷധവ്യാപാരം കുത്തകകൾക്ക് തീറെഴുതുന്നു: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Jan 21, 2019

 

കൊല്ലം
കേന്ദ്രസർക്കാർ ഔഷധവ്യാപാര രംഗം കുത്തകകൾക്ക് തീറെഴുതുകയാണെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള മെഡിക്കൽ ആൻഡ‌് സെയിൽസ് റെപ്രസന്റേറ്റീവ്സ‌് അസോസിയേഷൻ (കെഎംഎസ‌്ആർഎ)  ജില്ലാ കമ്മിറ്റി ഓഫീസ് (ബി ടി ആർ ഭവൻ) ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. 
എണ്ണവില നിശ്ചയിക്കാൻ കമ്പനികളെ ഏൽപ്പിച്ചത‌ുപോലെ ഔഷധവില നിർണയവും  കമ്പനികൾ നടത്തുകയാണ‌്. ഉൽപ്പാദനച്ചെലവിന‌് അനുസരിച്ചാണ് ഉൽപ്പന്നവില നിശ്ചയിക്കേണ്ടത്. എന്നാൽ, വൻ വിലക്കയറ്റമാണ് ഈ രംഗത്ത്. കുത്തകകൾ ഔഷധവ്യാപാര മേഖലയിൽ നിലയുറപ്പിച്ചു. ആരോഗ്യരംഗത്ത് സംസ്ഥാന സർക്കാർ ഫലപ്രദമായി ഇടപെടുന്നു. ഇതര സംസ്ഥാനങ്ങൾ കേരളത്തിന്റെ ആരോഗ്യരംഗത്തെ ഉറ്റുനോക്കുന്നു. പ്രാഥമികാരോഗ്യകേന്ദ്രം മുതൽ മെഡിക്കൽകോളേജ് വരെ കാലാനുസൃതമായ മാറ്റം വരുത്തണം. ഹെൽത്ത് സെന്ററുകൾ കുടുംബാരോഗ്യകേന്ദ്രമാകുകയാണ‌്. ഇത് കുടുംബ ഡോക്ടർ എന്ന ആശയത്തിന്റെ തുടക്കമാണ്. 
ആധുനിക സാങ്കേതിക സഹായത്തോടെ രോഗീസൗഹൃദ അന്തരീക്ഷം ആശുപത്രികളിൽ നടപ്പാക്കുകയാണ്. സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളാക്കി മെഡിക്കൽകോളേജുകളെ മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെഎംഎസ‌്ആർഎ ജോയിന്റ‌് ജനറൽ സെക്രട്ടറി എം എം ഹനീഫ അധ്യക്ഷനായി. 
 സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ, സംസ്ഥാന സെക്രട്ടറിയറ്റ‌് അംഗം കെ എൻ ബാലഗോപാൽ, മേയർ വി രാജേന്ദ്രബാബു, സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ, മോഹൻ സി നായർ, കെ എം സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.  
കെഎംഎസ‌്ആർഎ ജില്ലാ സെക്രട്ടറി എസ‌് നജിമുദീൻ സ്വാഗതവും ആർ അരുൺ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top