21 February Thursday

കേരള ജനതയെ ഭിന്നിപ്പിച്ച് മുതലെടുക്കാന്‍ ശ്രമം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Jan 21, 2019

 

കൊല്ലം
ലോകമാതൃകയായ കേരളത്തിലെ  ജനങ്ങൾക്കിടയിൽ  ഭിന്നത സൃഷ്ടിച്ച്  മുതലെടുപ്പു നടത്താൻ  ബോധപൂർവ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രളയദുരന്തമുഖത്ത്  ഒറ്റക്കെട്ടായിനിന്ന്  രാജ്യത്തിനും ലോകത്തിനും മാതൃകയായ സംസ്ഥാനത്ത്  ഒരു ചെറിയവിഭാഗം നടത്തുന്ന ഈ ഭിന്നിപ്പ് ശ്രമം ലക്ഷ്യം കാണില്ല. എൻആർഇജി വർക്കേഴ‌്സ‌് യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം കൊല്ലത്ത് ഉദ്ഘാടനം  ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കേരളം ഈ നൂറ്റാണ്ടിൽ നേരിട്ട വലിയ വിപത്തായിരുന്നു  പ്രളയം.  നിപാ വൈറസിനും ഓഖി ചുഴലിക്കും ശേഷമാണ് ആയിരങ്ങൾക്ക് ജീവനോപാധിയും വീടും നഷ്ടമാക്കിയ പ്രളയം കേരളത്തിൽ ഉണ്ടായത്. ഇത് നേരിടാൻ കേരള ജനത ഒറ്റക്കെട്ടായി രംഗത്തിറങ്ങി. ഈ ഒരുമയെ രാജ്യവും ലോകവും ശ്രദ്ധിച്ചു. ജാതി മത ലിംഗവ്യത്യാസമുണ്ടായില്ല. മത്സ്യത്തൊഴിലാളികളുടെ സേവനം പ്രത്യേക പ്രശംസ പിടിച്ചുപറ്റി. കേരളത്തിന്റെ മതനിരപേക്ഷ അടിത്തറയാണ് ഇതിനു കാരണം. ദുരന്തത്തെ ഫലപ്രദമായി അതിജീവിച്ചതിന് സർക്കാർ കൈക്കൊണ്ട നടപടികളിൽ  ചിലർക്ക് മനഃപ്രയാസമുണ്ടായിട്ടുണ്ടാകും. കള്ള പ്രചാരണം അഴിച്ചുവിട്ടാണ് ഇവർ എതിർപ്പ് പരസ്യമാക്കിയത്. ഇത് പ്രകൃതിക്ഷോഭമല്ല, മനുഷ്യനിർമിതമായ അപകടമാണെന്നു വരെ പ്രചരിപ്പിച്ചു. 
പ്രളയത്തിൽ 31,000 കോടി രൂപയുടെ നഷ്ടം കേരളത്തിലുണ്ടായി. ഇത്  നേരിടുന്നതിൽ സാമ്പത്തിക സഹായം വേണ്ടിയിരുന്നു.  കേന്ദ്രസർക്കാർ ദുരന്തത്തിന് അനുവദിച്ച സാമ്പത്തികസഹായം ഒന്നിനും തികഞ്ഞില്ല. കേരളത്തിന്റെ ദുരന്തം സ്വന്തം ഹൃദയത്തിൽ ഏറ്റുവാങ്ങിയും സാമ്പത്തികസഹായം വാഗ്ദാനം ചെയ്തും   മലയാളികൾ ഏറ്റവുമധികം ജോലിചെയ്യുന്ന യുഎഇ ഉൾപ്പെടെ ചില രാജ്യങ്ങൾ മുന്നോട്ടുവന്നു. എന്നാൽ, കേന്ദ്രസർക്കാർ ഇതിന് അനുമതി നൽകിയില്ല. യുഎഇ സഹായം തടസ്സപ്പെട്ടത് മറ്റു പല രാജ്യങ്ങളിൽനിന്നു ലഭിക്കുമായിരുന്ന സഹായവും ഇല്ലാതാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്ക് നൽകുന്ന സഹായം തടസ്സപ്പെടുന്നതുവരെ ഇത് എത്തി എന്നതാണ് യാഥാർഥ്യം. 
കേരളത്തെ പുനർനിർമിക്കാൻ സർക്കാർ ജീവനക്കാർ ഒരുമാസം ശമ്പളം നൽകണമെന്ന്  തീരുമാനിച്ചപ്പോഴും ഭിന്നിപ്പിക്കുന്നതിന് ശ്രമം നടന്നു. ഇതിനെതിരെ  യുഡിഎഫും ബിജെപിയും രംഗത്തുവന്നു. 
ശബരിമലയിലെ സ്ത്രീപ്രവേശനത്തിൽ സുപ്രീകോടതി വിധി വന്നശേഷമായിരുന്നു ഭിന്നിപ്പിന്റെ മറ്റൊരു മുഖം കണ്ടത്.  സ്ത്രീപുരുഷ സമത്വവും ലിംഗനീതിയും ഉറപ്പാക്കി കോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാരിനു ബാധ്യതയുണ്ട്. ഇത് നടപ്പാക്കിയ സർക്കാരിനെ വിശ്വാസത്തിന്റെ പേരുപറഞ്ഞ് തകർക്കാൻ ബിജെപിയും കോൺഗ്രസും ഒരുമിച്ചു രംഗത്തുവന്നു. നവോത്ഥാനനായകർ നിരവധി പോരാട്ടങ്ങളിലൂടെ നേടിയെടുത്ത നന്മകൾ ഇല്ലാതാക്കാനും സ്ത്രീകളെ അടിമകളാക്കുന്ന പഴയകാലത്തേക്ക് തിരിച്ചുകൊണ്ടുപോകാനുമായിരുന്നു ശ്രമം. ഇതിനെതിരെയാണ് പുതുവർഷത്തിൽ കേരളത്തിൽ വനിതാമതിൽ ഉയർന്നത്. ഈ മുന്നേറ്റം രാജ്യവും ലോകവും ശ്രദ്ധിച്ചു. ലിംഗനീതിക്കുവേണ്ടിയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ സ്ത്രീമുന്നേറ്റമെന്ന് ലോകത്തെ വൻകിട മാധ്യമങ്ങൾ പറഞ്ഞു. ഈ ശ്രമം  ഇനിയും തുടരുമെന്നും  മുന്നേറ്റത്തിൽ തൊഴിലുറപ്പു തൊഴിലാളികൾ ഒറ്റക്കെട്ടായി സർക്കാരിനൊപ്പം ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top