18 October Friday

കൺസ്യൂമർഫെഡിന്‌ ഓണക്കോള്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019
കൊല്ലം
കൺസ്യൂമർഫെഡിന്റെ ഓണക്കാല വിൽപ്പനയിൽ റെക്കോഡിട്ട്‌ ജില്ല. ആഗസ്ത്‌ ഒന്നു മുതൽ 10 വരെ 12.35 കോടി രൂപയുടെ വിൽപ്പനയാണ്‌ നടന്നത്‌. സബ്‌സിഡി വിൽപ്പനയിൽ 9.38 കോടി രൂപയുടെയും നോൺ സബ്‌സിഡി ഇനത്തിൽ 2.97 കോടി രൂപയുടെയും വിൽപ്പന നടന്നു. കൺസ്യൂമർഫെഡ്‌ നേരിട്ടു നടത്തുന്ന 25 ത്രിവേണികൾ കൂടാതെ 181 സർവീസ്‌ സഹകരണസംഘങ്ങൾ വഴി 316 ഓണച്ചന്തകളാണ്‌ ജില്ലയിൽ നടത്തിയത്‌. അരി, വെളിച്ചെണ്ണ, പഞ്ചസാര തുടങ്ങി 13 ഇനം നിത്യോപയോഗ സാധനങ്ങളാണ്‌ വിറ്റത്‌. സബ്‌സിഡിയിതര സാധനങ്ങൾ പൊതുവിപണിയേക്കാൾ 10 മുതൽ മുതൽ 30 ശതമാനം വരെ വില കുറച്ചാണ്‌ വിറ്റത്‌.  സഞ്ചരിക്കുന്ന ത്രിവേണികൾ വഴി 26.39 ലക്ഷം രൂപയുടെ വിൽപ്പനയും നടന്നു.
കൺസ്യൂമർഫെഡിന്റെ കൊല്ലം ചിന്നക്കട, പരവൂർ വിദേശമദ്യ വിൽപ്പനശാല വഴി റെക്കോഡ്‌ വിറ്റുവരവാണ്‌ ഇത്തവണയുണ്ടായത്‌. ഏറ്റവും കൂടുതൽ വിദേശമദ്യ വിൽപ്പന നടന്നത്‌ കൊല്ലം ചിന്നക്കട വിദേശമദ്യ ഷോപ്പിലായിരുന്നു. ഉത്രാടദിവസം മാത്രം കൊല്ലം ഷോപ്പിൽ 45.37 ലക്ഷം രൂപയുടെയും പരവൂർ വിദേശമദ്യ ഷോപ്പിൽ 24.69 ലക്ഷം രൂപയുടെയും വിൽപ്പന നടന്നു.
കൺസ്യൂമർഫെഡ്‌ നേരിട്ടു നടത്തുന്ന നീതി മെഡിക്കൽ ഷോപ്പുകൾ വഴി 1.26 കോടി രൂപയുടെ വിൽപ്പന നടന്നു. ഇതിൽ 14  മുതൽ 50 ശതമാനം വരെ ഇളവ്‌ ജനങ്ങൾക്കു ലഭിച്ചു.
സഹകരണ വകുപ്പ്‌ കൺസ്യൂമർഫെഡുമായി ചേർന്ന്‌ നടത്തിയ ഓണച്ചന്തകളോട്‌ ജില്ലയിൽ മികച്ച പ്രതികരണമാണ്‌ ലഭിച്ചത്‌. ഓണക്കാലത്ത്‌ വിപണിയിൽ വിലക്കയറ്റം ഉണ്ടാകാതിരിക്കാൻ കർശന ഇടപെടലാണ്‌ സർക്കാർ നടത്തിയത്‌. ഓണച്ചന്തകൾ വ്യാപകമാക്കിയതോടെ ഉത്സവകാലത്തെ കരിഞ്ചന്തയും പൂഴ്‌ത്തിവയ്‌പും കൃത്രിമക്ഷാമവും തടയാനായതും റെക്കോഡ്‌ വിൽപ്പനയ്‌ക്കൊപ്പം കൺസ്യൂമർഫെഡിന്റെയും സഹകരണ വകുപ്പിന്റെയും വിജയമായി.
പ്രധാന വാർത്തകൾ
 Top