15 October Tuesday

മരണം ചീറിയടുത്തു , സഡൻ ബ്രേക്കിട്ടു

സ്വന്തം ലേഖകൻUpdated: Friday Sep 20, 2019

കടയ്‌ക്കാമണ്ണിൽ നിയന്ത്രണം വിട്ട ലോറി റോഡിൽ മറിഞ്ഞ നിലയിൽ. സമീപത്ത്‌ ദമ്പതികൾ സഞ്ചരിച്ച കാർ

പത്തനാപുരം
റോഡിൽ റെഡിമിക്സ് ലോറിയുടെ രൂപത്തിൽ മരണം ചീറിയടുത്തതിന്റെ നടുക്കത്തിലാണ്‌ കുന്നിക്കോട് സ്വദേശികളായ മുഹമ്മദ് ഫൈസലും ഭാര്യ ഫാത്തിമയും.  ഇവരുടെ ഇന്നോവ കാറിലിടിച്ച ലോറി റോഡിനു കുറുകെ മറിയുകയായിരുന്നു. ഒരു പോറൽപോലും ഏൽക്കാതെ  ഇരുവരും രക്ഷപ്പെട്ടു. 
 പുനലൂര്‍ –- മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കടയ്ക്കാമണ്‍ ചെലവന്നൂര്‍ പടിയിൽ വ്യാഴാഴ്ച  പകല്‍ 1.30നാണ് അപകടം. പുനലൂര്‍ ഭാഗത്തുനിന്ന് വന്ന ലോറി നിയന്ത്രണംവിട്ട് റോഡരികില്‍ നിര്‍ത്തിയിട്ട ഇന്നോവ കാറിലിടിച്ചശേഷം റോഡിനു കുറുകെ മറിയുകയായിരുന്നു. ലോറി ഡ്രൈവര്‍ക്കും സഹായിക്കും നിസാര പരിക്കേറ്റു. 
 ചെലവന്നൂര്‍ പടിയിലെ ചെടി വില്‍പ്പന കേന്ദ്രത്തിലിറങ്ങാനായി ഇന്നോവ നിര്‍ത്തിയതായിരുന്നു ദമ്പതികള്‍.  വാഹനത്തിനു പുറത്തിറങ്ങും മുമ്പേ ലോറി ഇവരുടെ കാറിലിടിച്ചു. പുറത്തിറങ്ങിയിരുന്നെങ്കിൽ  അപകടചിത്രം മാറിയേനെ.  അപകടത്തിനു  പിന്നാലെ മെറ്റലുമായെത്തിയ അന്യസംസ്ഥാന ലോറിയും  റോഡുവശത്തെ കുഴിയില്‍ താണതോടെ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. ആവണീശ്വരത്തുനിന്ന് അഗ്നിശമന സേനയെത്തി വാഹനം നീക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.  ഒടുവില്‍ പകല്‍ മൂന്നിന് ക്രെയിന്‍ എത്തിച്ച് വാഹനങ്ങള്‍ നീക്കം ചെയ്തശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
പ്രധാന വാർത്തകൾ
 Top